Sports
ആർസനലും കടന്ന് സിറ്റി ഒന്നാം സ്ഥാനത്ത് കുതിക്കുന്നു
Sports

ആർസനലും കടന്ന് സിറ്റി ഒന്നാം സ്ഥാനത്ത് കുതിക്കുന്നു

Web Desk
|
1 Jan 2022 2:44 PM GMT

തുടരെ പത്ത് മത്സരം ജയിച്ചെത്തിയ സിറ്റിയും അവസാനം കളിച്ച നാലിലും ജയിച്ച ആർസനലും തമ്മിലുള്ള മത്സരം ആദ്യന്തം ആവേശകരമായിരുന്നു.

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന മാഞ്ചസ്റ്റർ സിറ്റി കരുത്തരായ ആർസനലിനെയും തകർത്തു. ആർസനലിന്റെ തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനാണ് സിറ്റി ജയിച്ചത്. ബുകായോ സാകയിലൂടെ ആർസനൽ ആദ്യം മുന്നിലെത്തിയെങ്കിലും പെനാൽട്ടിയിലൂടെ റിയാദ് മെഹ്‌റസും ഇഞ്ച്വറി ടൈമിൽ റോഡ്രിയും സന്ദർശകരുടെ ഗോളുകൾ നേടി. രണ്ട് മഞ്ഞക്കാർഡ് കണ്ട് പ്രതിരോധതാരം ഗബ്രിയേൽ പുറത്തായത് ഗണ്ണേഴ്‌സിന് തിരിച്ചടിയായി.

തുടരെ പത്ത് മത്സരം ജയിച്ചെത്തിയ സിറ്റിയും അവസാനം കളിച്ച നാലിലും ജയിച്ച ആർസനലും തമ്മിലുള്ള മത്സരം ആദ്യന്തം ആവേശകരമായിരുന്നു. സിറ്റിയുടെ താരപ്പൊലിമ ഭയക്കാതെ നിരന്തരം സമ്മർദം ചെലുത്തിയ ഗണ്ണേഴ്‌സ് 31-ാം മിനുട്ടിൽ സാകയിലൂടെ മുന്നിലെത്തിയതോടെ അട്ടിമറി മണത്തു. ഗോൾ നേടിയിട്ടും പ്രതിരോധത്തിലേക്കു വലിയാതെ സിറ്റിയുടെ നീക്കങ്ങൾ മധ്യനിരയിൽ മുനയൊടിച്ച ആർസനൽ ഹാഫ് ടൈമിൽ ലീഡ് നിലനിർത്തി.

എന്നാൽ, മൈക്കൽ അർടേറ്റയുടെ സംഘത്തിന്റെ ഗതികേട് തുടങ്ങിയത് 57-ാം മിനുട്ടിലാണ്. ബോക്‌സിൽ ബെർണാഡോ സിൽവ ഡ്രിബിൾ ചെയ്തു കയറുന്നത് തടയാനുള്ള ശ്രമത്തിനിടെ ഗ്രാനിത് ഷാക്ക പെനാൽട്ടി വഴങ്ങി. കിക്കെടുത്ത മെഹ്‌റസിന് പിഴച്ചില്ല. രണ്ട് മിനുട്ടിനുള്ളിൽ കളിയുടെ ആവേശം കെടുത്തി ചുവപ്പുകാർഡുമെത്തി. ഗബ്രിയേൽ ജെസുസിന് പന്ത് ലഭിക്കുന്നത് തടയാൻ ശ്രമിച്ച ഗബ്രിയേൽ മത്സരത്തിലെ തന്റെ രണ്ടാം മഞ്ഞക്കാർഡ് കണ്ടതോടെ ആർസനൽ പ്രതിരോധത്തിലേക്ക് വലിഞ്ഞു.

സ്വന്തം ഗോൾമുഖം പ്രതിരോധിക്കാൻ ശ്രമിച്ച ആർസനൽ ഒരു പോയിന്റെങ്കിലും സ്വന്തമാക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ, സിറ്റിയുടെ ആക്രമണത്തിന് ഫലം കണ്ടു. ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ റോഡ്രിയാണ് ഗോളടിച്ചത്. തൊട്ടുമുമ്പ് സിറ്റി ബോക്‌സിലെ പ്രതിരോധപ്പിഴവ് ഗോളാക്കി മാറ്റുന്നതിൽ മാർട്ടിനെലിക്ക് പിഴച്ചതിന് ആർസനൽ വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്.

21 മത്സരങ്ങൾ കളിച്ച സിറ്റിക്ക് 53 പോയിന്റാണ് നിലവിൽ ഉള്ളത്. 42 പോയിന്റുമായി രണ്ടും 41-മായി മൂന്നും സ്ഥാനങ്ങളിലുള്ള ചെൽസിയും ലിവർപൂളും തമ്മിൽ നാളെ ഏറ്റുമുട്ടുന്നുണ്ട്. ഇന്ത്യൻ സമയം രാത്രി പത്ത് മണിക്കാണ് മത്സരം.

Similar Posts