രണ്ട് ഗോള്‍ ജയവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; പ്രീമിയര്‍ ലീഗില്‍ മൂന്നാമത്
|ബ്രസീൽ വിങ്ങർ ആന്റണിയുടെ പ്ലേ മേക്കിങ് മികവാണ് യുണൈറ്റഡിന് വിജയമൊരുക്കിയത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ജയത്തോടെ 59 പോയിന്റുമായി യുണൈറ്റഡ് ലീഗില്‍ മൂന്നാം സ്ഥാനത്തെത്തി.
ബ്രസീൽ വിങ്ങർ ആന്റണിയുടെ പ്ലേ മേക്കിങ് മികവാണ് യുണൈറ്റഡിന് വിജയമൊരുക്കിയത്. 32-ാം മിനുട്ടില്‍ ആദ്യ ഗോള്‍ സ്കോര്‍ ചെയ്ത് യുണൈറ്റഡിന് ലീഡ് നല്കിയ ആന്റണി രണ്ടാം ഗോളിന് അസിസ്റ്റ് നല്‍കുകയും ചെയ്തു. ഡീഗോ ഡാലോട്ടിന്റെ വകയായിരുന്നു യുണൈറ്റഡിന്റെ രണ്ടാം ഗോൾ. 76-ാം മിനുട്ടിലായിരുന്നു ഡാലോട്ടിന്റെ ഗോള്‍.
സീസണിന്റെ തുടക്കത്തിൽ വൻതുകക്ക് ടീമിലെത്തിയ ആന്റണിയുടെ ഒക്ടോബറിനുശേഷമുള്ള ആദ്യ പ്രീമിയർ ലീഗ് ഗോളാണ് ഇന്നലെ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരായ മത്സരത്തില്‍ പിറന്നത്. പ്രീമിയർ ലീഗിലെ താരത്തിന്റെ ആദ്യ അസിസ്റ്റും പിറന്നത് ഇന്നലത്തെ മത്സരത്തിലാണ്. യുണൈറ്റഡിനായി രണ്ടാം ഗോള്‍ സ്കോര്‍ ചെയത ഡീഗോ ഡാലോട്ടിന്റെയും പ്രീമിയർ ലീഗിലെ കന്നി ഗോളായിരുന്നു ഇത്.
ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. പോയിന്റ് നിലയിൽ ഒപ്പമുണ്ടായിരുന്ന ന്യൂകാസിൽ യുണൈറ്റഡ് കഴിഞ്ഞദിവസം തോൽക്കുകയും യുണൈറ്റഡ് ജയിക്കുകയും ചെയ്തതോടെയാണ് 59 പോയിന്റുമായി എറിക് ടെൻഹാഗിന്റെ സംഘം മൂന്നാം സ്ഥാനത്തേക്കെത്തിയത്.
74 പോയിന്റോടെ ആഴ്സനലും 70 പോയിന്റോടെ സിറ്റിയുമാണ് പ്രീമിയര്‍ ലീഗില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്. യുണൈറ്റഡിന് പിറകില്‍ 30 കളികളിൽ നിന്ന് 56 പോയിന്റോടെ ന്യൂകാസില്‍ നാലാം സ്ഥാനത്തും.
സ്റ്റോപ്പർ ബാക്കുകളായ റാഫേൽ വരാനെക്കും ലിസാൻഡ്രോ മാർട്ടിനെസിനും പരിക്കേറ്റതിനാൽ ഹാരി മഗ്വയറെയും വിക്ടർ ലിൻഡലോഫിനെയും പ്രതിരോധ ചുമതല ഏല്പിച്ചാണ് യുണൈറ്റഡ് ഇന്നലെ ഇറങ്ങിയത്. പരിക്കുമാറിയെത്തിയ ക്രിസ്റ്റ്യൻ എറിക്സണും ആദ്യ ഇലവനിൽ ഇറങ്ങി.