''മങ്കാദിങ് എന്നൊന്നില്ല, അതിപ്പോള്‍ റണ്‍ ഔട്ടാണ്; ബാറ്ററുടെ കണ്ണിലൂടെ ക്രിക്കറ്റിനെ കാണുന്നത് നിര്‍ത്തൂ''; അടങ്ങാതെ ക്രിക്കറ്റ് വിവാദം
|''ക്രിക്കറ്റ് മാന്യൻമാരുടെ കളിയാണെന്ന് പറഞ്ഞുവരുന്നവരെ ആദ്യം മടല് വെട്ടി അടിക്കണം, നിയമം പാലിച്ചു ഔട്ട് ആക്കിയാൽ നഷ്ടപ്പെട്ടുപോകുന്ന എന്ത് മാന്യതയാണ് ക്രിക്കറ്റിനുള്ളത്..."
ഇന്ത്യ-ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റിലെ അവസാന വിക്കറ്റിനെച്ചൊല്ലിയുള്ള വിവാദം അവസാനിപ്പിക്കാന്‍ ഒരുക്കമില്ലാതെ ക്രിക്കറ്റ് ലോകം. കളിയുടെ സ്പിരിറ്റിനെ നശിപ്പിക്കുന്ന രീതിയാണ് ആ വിക്കറ്റെന്ന് ഒരുപക്ഷം പറയുമ്പോള്‍ നിയമപരമായി അത് വിക്കറ്റാണെന്ന് അറിവുള്ളപ്പോള്‍ വിവാദത്തിനെന്താണ് പ്രസക്തിയെന്നാണ് മറ്റൊരു വിഭാഗം ചോദിക്കുന്നത്.
എന്താണ് മങ്കാദിങ് ?
ബൌളര്‍ നോണ്‍സ്ട്രൈക്കര്‍ എന്‍ഡിലെ ബാറ്ററെ ബൌളിങ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് റണ്‍ഔട്ടാക്കുന്ന രീതിയാണ് മങ്കാദിങ് എന്ന പേരില്‍ അറിയപ്പെടുന്നത്. ബൌളര്‍ പന്തെറിയാന്‍ തയ്യാറെടുത്ത് ക്രീസ് ലൈനിലെത്തി പന്ത് റിലീസ് ആകുന്നതിന് മുമ്പ് നോണ്‍സ്ട്രൈക്കര്‍ എന്‍ഡിലെ ബാറ്റര്‍ ക്രീസ് വിട്ടിറങ്ങയിാല്‍ ബൌളര്‍ക്ക് ആ ബാറ്ററെ റണ്ണൌട്ടാക്കാം. ഇത്തരം റണ്ണൌട്ടുകള്‍ നേരത്തേ തന്നെ നിയമവിധേയമാണ്. എന്നാല്‍ ഇത്തരത്തില്‍ റണ്ണൌട്ട് ശ്രമങ്ങള്‍ നടത്തുന്ന ബൌളറെ അത് മാന്യതക്ക് ചേര്‍ന്നതല്ല എന്ന കാരണം പറഞ്ഞ് വിമര്‍ശിക്കുക പതിവാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഐ.സി.സി പുതിയ മാര്‍ഗനിര്‍ദേശം കൊണ്ടുവന്നു. 'ഇത് നിയമവിധേയമായ റണ്ണൌട്ടാണ്. മാന്യതയില്ലാത്ത വിക്കറ്റായി അതിനെ പരിഗണിക്കില്ല'. എന്നായിരുന്നു പുതിയ നിയമങ്ങളെക്കുറിച്ച് ഐ.സി.സി പുറത്തിറക്കിയ കുറിപ്പില്‍ മങ്കാദിങിനെ വിശേഷിപ്പിച്ചത്.
പേരുവന്നത്
മുന്‍ ഇന്ത്യന്‍ താരം വിനോദ് മങ്കാദ് ഓസ്ട്രേലിയന്‍ താരം ബില്‍ ബ്രൗണിനെ രണ്ട് തവണ ഇത്തരത്തില്‍ പുറത്താക്കിയിരുന്നു. ഇതിന് ശേഷമാണ് ഇത്തരം റണ്ണൌട്ടുകള്‍ക്ക് 'മങ്കാദിങ്' എന്ന പേര് നല്‍കിയത്. ഒരു ഐ.പി.എല്‍ സീസണില്‍ ഇംഗ്ലണ്ടിന്‍റെ ജോസ് ബട്‌ലറെ മങ്കാദിങ്ങിലൂടെ റണ്ണൌട്ടാക്കിയ ഇന്ത്യയുടെ രവിചന്ദ്ര അശ്വിന്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടണ്ടിവന്നിരുന്നു.
ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകാന്‍ കാരണം
ഇന്ത്യന്‍ വനിതകളുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ഏകദിനം. ചെറിയ ലക്ഷ്യം അനായാസം മറികടക്കാമെന്ന ലക്ഷ്യത്തിൽ ഇറങ്ങിയ ഇംഗ്ലീഷ് പടക്ക് ഇന്ത്യ രേണുക സിങ് താക്കൂറിലൂടെ തിരിച്ചടി നൽകുകയായിരുന്നു. രേണുകയുടെ പന്തിനു മുമ്പില്‍ പകച്ചുനിന്ന ഇംഗ്ലീഷ് ബാറ്റർമാർ ഓരോന്നായി കൂടാരം കയറി. ഒടുവിൽ ഏഴിന് 65 എന്ന നിലയ്ക്ക് വൻ തകർച്ച മുന്നിൽകാണുമ്പോഴാണ് സ്പിൻ ഓൾറൗണ്ടർ ഷാർലി ഡീൻ ഇറങ്ങുന്നത്. വാലറ്റക്കാരെ കൂട്ടുപിടിച്ച് പിന്നീട് ഷാർലിയുടെ പോരാട്ടമായിരുന്നു.
അനായാസം ജയം പിടിച്ചടക്കി പരമ്പര വൈറ്റ് വാഷ് അടിക്കാനുള്ള ഇന്ത്യൻ മോഹങ്ങൾക്കുമേൽ കനൽകോരിയിട്ടായിരുന്നു ഷാർലിയുടെ കൗണ്ടർ അറ്റാക്ക്. ഇടയ്ക്ക് കെയ്റ്റ് ക്രോസിനെ പുറത്താക്കി ജുലൻ ഇന്ത്യയ്ക്ക് ആശ്വാസം നൽകി. എന്നാൽ, പിന്നീട് ഫ്രേയാ ഡേവിസിനെ അപ്പുറത്ത് കാഴ്ചക്കാരാക്കി ഷാർലി പോരാട്ടം തുടർന്നു. ജയിക്കാൻ ഏഴ് ഓവർ ബാക്കിനിൽക്കെ 17 റൺസ് മാത്രം വേണ്ടിയിരുന്ന സമയത്ത് ഇന്ത്യൻ നായിക ഹർമൻ പ്രീത് കൗറിന് എന്തു ചെയ്യണമെന്ന് ഒരു ധാരണയുമുണ്ടായിരുന്നില്ല.
ആ സമയത്താണ് 44-ാം ഓവർ എറിഞ്ഞ ദീപ്തിയുടെ അപ്രതീക്ഷിത നടപടി. കെയ്റ്റിനെതിരെ മൂന്നാമത്തെ പന്ത് എറിയുമ്പോൾ ഷാർലി ക്രീസ് വിട്ട് ഏറെ മുന്നോട്ടുപോയിരുന്നു. ദീപ്തി മറ്റൊന്നും ആലോചിക്കാതെ നോൺ സ്‌ട്രൈക്കർ എൻഡിൽ റണ്ണൗട്ടാക്കുകയും ചെയ്തു. ഒടുവിൽ റിവ്യൂവിൽ വിക്കറ്റ് വിളിക്കുമ്പോൾ കരഞ്ഞുകൊണ്ടാണ് ഷാർലി ഡീൻ ക്രീസ് വിട്ടത്. 35 റണ്‍സാണ് അവസാന വിക്കറ്റില്‍ ഷാര്‍ലിയും കെയ്റ്റും കൂട്ടിച്ചേര്‍ത്തത്.
ആളിക്കത്തി വിവാദം
മത്സരത്തിന് ശേഷം നിരവധി ഇംഗ്ലണ്ട് താരങ്ങള്‍ ദീപ്തി ശര്‍മയുടെ മങ്കാദിങ്ങിനെ വിമര്‍ശിച്ച് രംഗത്തെത്തി. 'ഇങ്ങനെയായിരുന്നെങ്കിൽ നമുക്ക് എത്രയോ വിക്കറ്റ് എടുക്കാമായിരുന്നല്ലോ എന്നാണ് ഇംഗ്ലണ്ട് താരം സാം ബില്ലിങ്‌സ് ട്വീറ്റ് ചെയ്തത്'. 'ഇങ്ങനെയെങ്കിൽ പന്തെറിയേണ്ട കാര്യം തന്നെയില്ലല്ലോ എന്നായിരുന്നു ഇംഗ്ലണ്ട് ഇതിഹാസ ബോളർ ജയിംസ് ആൻഡേഴ്‌സൺ പറഞ്ഞത്'. 'ഇങ്ങനെ മാച്ച് ജയിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നാണ്' സ്റ്റുവർട്ട് ബ്രോഡ് ട്വീറ്റ് ചെയ്തത്.
അതേസമയം സാം ബില്ലിങ്‌സിന്‍റെ ട്വീറ്റിന് ഇന്ത്യൻ താരം അശ്വിന്‍ മറുപടി പറഞ്ഞു. 'ബൌളറുടെ ഏകാഗ്രതക്കുള്ള അംഗീകാരമായി ഈ വിക്കറ്റിനെ പരിഗണിക്കണം. ഒപ്പം വലിയ സോഷ്യൽ സ്റ്റിഗ്മക്ക് ഇരയാവും എന്നറിഞ്ഞിട്ടും നോൺ സ്‌ട്രൈക്കിങ് എന്‍റിലെ ബാറ്ററെ പുറത്താക്കാൻ ധൈര്യം കാണിക്കുന്ന ബോളർക്ക് ഐ.സി.സി ധീരതക്കുള്ള അവാർഡ് നൽകണം''. മുമ്പ് ഐ.പി.എല്ലില്‍ മങ്കാദിങ് നടത്തി അശ്വിനും വിവാദ നായകനായിരുന്നു. ഇംഗ്ലണ്ടിന്‍റെ ജോസ് ബട്‌ലറെയാണ് മങ്കാദിങ്ങിലൂടെ റണ്ണൌട്ടാക്കിയത്.
സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച
സോഷ്യല്‍ മീഡിയയിലെ ക്രിക്കറ്റ് ഗ്രൂപ്പുകളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാണ്.
ഒരു ഗ്രൂപ്പില്‍ വന്ന പോസ്റ്റ് ചുവടെ ചേര്‍ക്കുന്നു
ഇന്നലെ ദീപ്തി നടത്തിയ റൺഔട്ടിലെ പ്രധാന ആരോപണങ്ങൾ
1. ഫേക്ക് ആക്ഷനായിരുന്നു.
2. ബാറ്റർ ക്രീസിലുണ്ടായിരുന്നു.
3. മാന്യതക്ക് ചേർന്നതല്ല.
4. വിക്കറ്റാക്കാൻ കഴിയാതിരുന്നപ്പോൾ പുറത്തെടുത്ത അവസാന അടവ്.
5. ജൂലൻ ഇങ്ങനെയൊരു റിട്ടയർമെന്റല്ല അർഹിച്ചിരുന്നത്.
ആദ്യം മറുപടികൾ പറയാം,
1. ദീപ്തി മുൻകൂട്ടി പ്ലാൻ ചെയ്ത് വന്നതാണെന്ന് തന്നെ കരുതുക, കാൽ ഗ്രൗണ്ട് ചെയ്യുന്നത് വരെയും ആൾ ലീഗലി ബോൾ ചെയ്യാനുള്ള റൂൾസ് പാലിക്കുന്നുണ്ട്. കേസ് ക്ലോസ്ഡ്.
2. ബൗളറുടെ ഫ്രണ്ട്ഫൂട്ട് ഗ്രൗണ്ട് ചെയ്യുമ്പോൾ ക്രീസിലുണ്ടാകണമെന്നാണ് നിയമം, അത് ബാറ്റർ പാലിച്ചിട്ടില്ല.
3. സ്പോർട്സിൽ മത്സരിക്കുന്നതിന്റെ ആത്യന്തികമായ ഔട്പുട്ട് റിസൾട്ട് പോസിറ്റീവാവുക എന്നതാണ്, ഇവിടെ നിയമപരമായ ഒരു കാര്യം ചെയ്തതിന് മാന്യത നഷ്ടപ്പെട്ടു എന്നൊരു തോന്നൽ നിങ്ങൾക്കുണ്ടെങ്കിൽ തിരുത്തേണ്ടത് നിങ്ങളെയാണ്.
4. ക്രിക്കറ്റ് നിയമങ്ങളിൽ ഫീൽഡിങ്ങ് ടീമിനു മുകളിൽ ബാറ്റിങ്ങ് ടീമിന് കിട്ടുന്ന ഒരു ആനുകൂല്യം ഇല്ലാതെയിരിക്കാൻ ഐ.സി.സി റൺഔട്ട് എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്തിയൊരു കാര്യം മത്സരത്തിൽ പുറത്തെടുക്കുന്നത് അടവാണെന്നൊക്കെ വിളിച്ചു പറയുമ്പോൾ സഹതാപമുണ്ട്.
5. ജൂലന് കിട്ടാവുന്നതിൽ ഏറ്റവും ബെറ്റർ റിട്ടയർമെന്റാണ് ആ വിക്കറ്റിലൂടെ ലഭ്യമായത്, ചരിത്രത്തിൽ ആദ്യമായി ഇംഗ്ലണ്ടിൽ പോയി പരമ്പര തൂത്തുവാരുന്ന ആദ്യ ഏഷ്യൻ ടീമെന്ന ബഹുമതി സ്വന്തമാക്കിയ ഇന്ത്യൻ ടീമിന്റെ ഭാഗമായി എന്നതൊരിക്കലും ചെറിയ കാര്യമല്ല.
മങ്കാദിങ്ങ് എന്ന പേര് മാറ്റി റൺഔട്ട് വിഭാഗത്തിലേക്ക് അത് ഐ.സി.സി ചേർത്തിട്ടുണ്ടെങ്കിൽ അവിടെ വ്യക്തമാണ് ബാറ്റിങ്ങ് ടീം മുതലെടുക്കുന്ന അമിതമായ ആനുകൂല്യത്തിന് വളം വെച്ചു കൊടുക്കേണ്ടതില്ലെന്ന്. അതു കൊണ്ട് തന്നെ അങ്ങനെയൊരു നിയമം അവിടെയുള്ള സ്ഥിതിക്ക് അത് തെറ്റിക്കുന്നത് ബാറ്റേഴ്സാണ്, അവർ തെറ്റിക്കുമ്പോൾ ഇപ്പുറത്ത് ബൗളേഴ്സിന് ചെയ്യാൻ പറ്റുന്ന കാര്യമായ റൺ ഔട്ട് എന്ന സൊലൂഷ്യൻ ഒരിക്കലും നീതികേടുമല്ല, മാന്യതക്ക് നിരക്കാത്തതുമല്ല.
നമ്മൾ ക്രിക്കറ്റ് കാണുന്നത് തന്നെ ബാറ്ററുടെ കണ്ണിലൂടെയാണ്, ഫീൽഡിങ്ങ് ടീമിനെ പറ്റി ചിന്തിക്കുന്നേയില്ല. അങ്ങനെയൊരു അവസ്ഥയിൽ നിന്നാണ് ഈ മാന്യതയും നീതിയുമൊക്കെ പൊട്ടിമുളക്കുന്നത്.