Sports
സാവിക്ക് വേണ്ടാത്ത കസാഡോ; ഇപ്പോള്‍ ക്യാമ്പ് നൗവിലെ മാണിക്യം
Sports

സാവിക്ക് വേണ്ടാത്ത കസാഡോ; ഇപ്പോള്‍ ക്യാമ്പ് നൗവിലെ മാണിക്യം

Web Desk
|
5 Nov 2024 9:29 AM GMT

ബയേണിനെതിരെയും റയലിനെതിരെയും ബാഴ്‌സ കുറിച്ച ചരിത്ര വിജയങ്ങൾക്ക് പിറകിൽ കസാഡോയുടെ അധ്വാനം വലുതാണ്

പോയ വാരം സ്പാനിഷ് അതികായരായ ബാഴ്‌സലോണക്ക് ഒരു ഡ്രീം വീക്കായിരുന്നു. യൂറോപ്പിലെ രണ്ട് വലിയ പോരാട്ടങ്ങളിൽ കരുതി വച്ച പ്രതികാരങ്ങൾ പലതും ഹാൻസി ഫ്ലിക്കിന്‍റെ കളിക്കൂട്ടം പൂർത്തിയാക്കിയ സംഭവ ബഹുലമായ ദിന രാത്രങ്ങൾ. ബയേൺ മ്യൂണിക്കിനോട് തീർക്കാനുള്ളത് നാല് വർഷം മുമ്പൊള്ളൊരു കണക്കായിരുന്നു. സ്പാനിഷ് മണ്ണിൽ വച്ച് അവരത് ഭംഗിയായി തീർത്തു. റയൽ മാഡ്രിഡിനോടാവട്ടെ തീർക്കാൻ കണക്കുകൾ ഒരുപാട് ബാക്കിയുണ്ടായിരുന്നു. പോയ കുറേ സീസണുകളിലായി സ്‌പെയിനിൽ അവർ തുടരുന്ന അപ്രമാധിത്വം ചോദ്യം ചെയ്യാൻ പലപ്പോഴും ബാഴ്‌സക്കായിരുന്നില്ല. എൽ ക്ലാസിക്കോകളിൽ പലപ്പോഴും റയലിന് മുന്നിൽ കറ്റാലൻ പട കവാത്ത് മറന്നു.

ബാഴ്‌സയുടെ തുടർ തോൽവികൾ എൽ ക്ലാസിക്കോകളുടെ ആവേശം കളഞ്ഞു കുളിച്ചു. പലപ്പോഴും മൈതാനത്ത് ഏകപക്ഷീയമായ പോരുകൾ അരങ്ങേറി. എന്നാൽ ബാഴ്‌സയിൽ ഒരു പുതുയുഗത്തിന്റെ കാഹളം മുഴക്കിയായിരുന്നു ഹാൻസി ഫ്ലിക്കിന്‍റെ രംഗപ്രവേശം. വർഷങ്ങളായി തുടരുന്ന സാമ്പത്തിക പ്രതിസന്ധികളുടെ കാർമേഘങ്ങൾ ഇനിയും ക്യാമ്പ് നൗവിന്റെ ആകാശം വിട്ടൊഴിഞ്ഞിട്ടില്ല. പ്രതിസന്ധികളുണ്ടാവുമ്പോഴൊക്കെ ലാമാസിയയിലേക്ക് തിരിയുന്ന പരിശീലകർ പലരും പലപ്പോഴായി പരാജയപ്പെട്ടു. ലാമാസിയയെ മാത്രം ആശ്രയിച്ച് നീങ്ങിയാൽ ക്ലബ്ബ് നിലതെറ്റിവീഴാനിരിക്കുന്ന പടുകുഴിയെ കുറിച്ച് സാവി ഹെർണാണ്ടസ് അടക്കമുള്ളവർ മുന്നറിയിപ്പ് നൽകി. ജൊവാൻ ലപ്പോർട്ടക്ക് നേരെ വർഷങ്ങളായി ഉയരുന്ന ചോദ്യശരങ്ങൾ ഇക്കുറിയും ഉച്ചസ്ഥായിയിലായിരുന്നു. ടീം ഇക്കുറി ആകെ നടത്തിയ മേജർ സൈനിങ്ങ് ഡാനി ഒൽമോയുടേത് മാത്രമായിരുന്നു.

കാര്യങ്ങൾ ഇങ്ങനെയൊക്കെയായിരുന്നിട്ടും ലാമാസിയ എന്ന ഫുട്‌ബോൾ ഫാക്ടറിയെ ഹാൻസി ഫ്ലിക്ക് അന്ധമായി വിശ്വസിക്കാൻ തീരുമാനിച്ചു. ബയേണിനെതിരെയും റയലിനെതിരെയും കളത്തിലിറങ്ങിയ ബാഴ്‌സ ഇലവന്റെ ശരാശരി പ്രായം 24 ആണ്. സമീപകാലത്തൊന്നും ഇത്രയും യുവരക്തങ്ങൾ അണിനിരക്കുന്നൊരു നിര ബാഴ്‌സക്കുണ്ടായിട്ടില്ല. ലാമാസിയയിൽ നിന്ന് കളിപഠിച്ച ഒമ്പത് താരങ്ങളെ കളത്തിലിറക്കിയാണ് ഫ്‌ലിക്ക് ഒളിമ്പിക്‌സ് ലൂയിസ് കമ്പനി സ്റ്റേഡിയത്തിലും സാന്‍റിയാഗോ ബെർണബ്യൂവിലും വച്ച് ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ രണ്ട് അതികായ ക്ലബ്ബുകളുടെ കഥ തീർത്തത്.

എൽ ക്ലാസിക്കോയിൽ കളത്തിലിറങ്ങിയ താരങ്ങളിൽ ആറ് പേർ 21 വയസിന് താഴെയുള്ളവർ. റയലിന്റെ സ്‌ക്വാഡ് വാല്യുവിന്‍റെ പകുതി മാത്രം മൂല്യമുള്ളൊരു ടീം സാന്‍റിയാഗോ ബെർണബ്യൂവിന്‍റെ മുറ്റത്തിട്ട് വിനീഷ്യസും എംബാപ്പെയും ജൂഡ് ബെല്ലിങ്ഹാമും അടക്കം ഫുട്‌ബോൾ ലോകത്തെ വൻതോക്കുകൾ അണിനിരന്ന ലോസ് ബ്ലാങ്കോസിനെ തീർക്കുന്നത് ഒരു അതിശയ കാഴ്ച തന്നെയായിരുന്നു. സമീപകാലത്ത് ഹോം ഗ്രൗണ്ടിൽ റയൽ നേരിട്ട ഏറ്റവും വലിയ നാണക്കേട്. ലമീൻ യമാലും റഫീന്യയും ലെവന്‍റോവ്‌സികയുമൊക്കെ വാർത്തകളിൽ നിറഞ്ഞു. അതിനിടെ മറ്റൊരു പേര് കൂടി ഫുട്‌ബോൾ ലോകത്തിന്‍റെ ചർച്ചകളിൽ ഇടംപിടിച്ചു. മാർക് കസാഡോ ടോറസ്. ജനനം 2003 സെപ്റ്റംബർ 14. പ്രായം വെറും 21.

ബയേണിനെതിരെയും റയലിനെതിരെയും ബാഴ്‌സ കുറിച്ച ചരിത്ര വിജയങ്ങൾക്ക് പിറകിൽ ഈ 21 കാരന്റെ അധ്വാനം വലുതാണ്. എൽക്ലാസിക്കോയിൽ 65 മിനിറ്റ് നേരമാണ് കസാഡോ കളത്തിലുണ്ടായിരുന്നത്. എന്നാൽ കളി പൂർത്തിയാവുമ്പോഴും മത്സരത്തിലുടനീളം ഏറ്റവും കൂടുതൽ പാസുകൾ പൂർത്തിയാക്കിയ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് കസാഡോയുടെ പേരുണ്ടായിരുന്നു. 17 ഡിഫൻസീവ് ആക്ഷൻസ്. അക്കാര്യത്തിലും ആ 21 കാരന്‍റെ പേര് ആദ്യ സ്ഥാനങ്ങളില്‍ അടയാളപ്പെടുത്തപ്പെട്ടു

ബെർണബ്യൂവിൽ ഗോൾ രഹിതമായ ആദ്യ പകുതി പൂർത്തിയായപ്പോൾ ഫ്രാങ്കി ഡിയോങ്ങിനെ രണ്ടാം പകുതിയിൽ കളത്തിലിറക്കാൻ ഫ്‌ലിക്ക് തീരുമാനിച്ചു. സ്വാഭാവികമായും കസാഡോയെ തന്നെയായിരിക്കും കോച്ച് പിൻവലിക്കുക എന്നാണ് ആരാധകർ ഉറച്ച് വിശ്വസിച്ചത്. കാരണം വിനീഷ്യസിനെ ഫൗൾ ചെയ്തതിന് നേരത്തേ തന്നെ അയാൾ ഒരു യെല്ലോ കാർഡ് വാങ്ങിയിരുന്നു. എന്നാൽ ഏവരേയും ഞെട്ടിച്ച് ഫ്‌ലിക്ക് ഫെർമിൻ ലോപസിനെ പിൻവലിച്ചാണ് ഡിയോങ്ങിനെ കളത്തിലിറക്കിയത്. ഫ്‌ലിക്ക് മത്സരത്തിലെടുത്ത ഏറ്റവും നിർണായകമായ തീരുമാനങ്ങളിൽ ഒന്നായിരുന്നു അത്. ഒടുവിൽ അയാളുടെ തീരുമാനം ഫലം കണ്ടു. 54ാം മിനിറ്റിൽ റോബർട്ട് ലെവന്റോവ്‌സ്‌കി കളിയിലെ ആദ്യ ഗോൾ കണ്ടെത്തുമ്പോൾ അതിന് വഴിയൊരുക്കിയത് കസാഡോയുടെ ഒരു മനോഹര അസിസ്റ്റാണ്. മധ്യവരക്ക് അപ്പുറത്ത് നിന്ന് പന്ത് പിടിച്ചെടുത്ത് കുതിച്ച കസാഡോ ലെവന്റോവ്‌സികിയുടെ പൊസിഷൻ മനസിലാക്കി നീട്ടിയ നൽകിയ പാസ് റയൽ ഡിഫന്‍റര്‍മാരെ മുഴുവന്‍ നിരായുധരാക്കി. ഒടുവിൽ ലെവ വലകുലുക്കി. ലോസ് ബ്ലാങ്കോസിന്റെ പരാജയം അവിടെ തുടങ്ങുകയായിരുന്നു.

കസാഡോയുടെ ബൂട്ടിൽ നിന്ന് ഇതിന് സമാനമായ അസിസ്റ്റുകൾ ആരാധകർ മുമ്പും കണ്ടിട്ടുണ്ട്. ജിറോണക്കെതിരെ 4-1 ന് കറ്റാലന്മാർ വിജയം കുറിച്ച പോരാട്ടത്തിൽ പെഡ്രിക്കയാള്‍ നൽകിയ അസിസ്റ്റിനെ ഓർമിപ്പിക്കുന്നതായിരുന്നു എൽക്ലാസിക്കോയിലേത്. ഈ സീസൺ ലാലിഗയിൽ ഏറ്റവും കൂടുതൽ പാസുകൾ റിസീവ് ചെയ്ത മിഡ്ഫീൽഡർ ഫ്ലിക്കിന്‍റെ വിശ്വസ്തനായ ഈ 21 കാരനാണ്. ലാലിഗയിൽ ഇതുവരെ പൂർത്തിയായ മത്സരങ്ങളിൽ കസാഡോയേക്കാൾ പാസിങ് ആക്യുറസിയുള്ള അഞ്ചേ അഞ്ച് മിഡ്ഫീൽഡർ മാത്രമേയുള്ളൂ. അതാവട്ടെ ലോക ഫുട്‌ബോളിലെ വലിയ പേരുകാരും.

ബയേണിനെതിരായ മത്സരത്തിന് ശേഷം 'എ പ്യുവർ ലാമാസിയ പ്രൊഡക്ട്' എന്നാണ് ഹാൻസി ഫ്‌ലിക്ക് കസാഡോയെ വിശേഷിപ്പിച്ചത്. ഡിഫൻസിലും മുന്നേറ്റങ്ങളിലും ഒരു പോലെ സംഭാവന നല്‍കാന്‍ ശേഷിയുള്ള താരമെന്നതിനാലാണ് ഫ്ലിക്കിന്‍റെ ഇലവനില്‍ കസാഡോക്ക് എപ്പോഴും നിര്‍ണായക റോളുള്ളത്.

ക്യാമ്പ് നൌവില്‍ കഴിഞ്ഞ കുറച്ച് സീസണുകൾ കസാഡോക്ക് അത്രക്ക് നല്ല കാലമായിരുന്നില്ല. ഒരു പക്ഷെ ടീം ഈ 21 കാരനെ വിറ്റൊഴിവാക്കുന്നതിന്റെ വക്കിൽ വരെയെത്തിയിരുന്നു. കസാഡോയിൽ വിശ്വാസമില്ലാതിരുന്ന സാവി താരത്തിന് അധികം അവസരങ്ങൾ നൽകാൻ ഒരുക്കമായിരുന്നില്ല. പുതിയൊരു ഹോൾഡിങ് മിഡ്ഫീൽഡർക്കായി ടീം അന്വേഷണം ആരംഭിക്കണമെന്നും അതേ സമയം തന്നെ വെറ്ററൻ താരം സെർജി റോബർട്ടോയെ ടീമിൽ നിലനിർത്തണമെന്നുമായിരുന്നു സാവിയുടെ ആവശ്യങ്ങൾ. ഇതോടെ സമ്മറിൽ കസാഡോയെ വിൽക്കാനുള്ള തീരുമാനത്തിലായിരുന്നു മാനേജ്‌മെന്റ്.

2023-24 സീസണിൽ ബാഴ്‌സലോണ ബി ടീമിന്റെ ക്യാപ്റ്റനായിരുന്നു കസാഡോ. ബാഴ്‌സലോണ അത്‌ലറ്റിക്ക് ജഴ്‌സിയിൽ ആ സീസണിൽ താരം ചില വലിയ പരാജയങ്ങള്‍ ഏറ്റുവാങ്ങി. സ്‌പെയിനിൽ സെക്കന്റ് ടയറിലേക്ക് യോഗ്യത നേടാനുള്ള സുപ്രധാന പ്ലേ ഓഫ് മത്സരത്തിൽ ബാഴ്‌സ അത്ലറ്റിക് കൊർഡോബയോട് പരാജയപ്പെട്ടു. ആരാധകരോട് ഇന്ന് കസാഡോ പരസ്യമായി മാപ്പ് പറഞ്ഞ് രംഗത്തെത്തി. ഇതൊക്കെ താരത്തിന്റെ ഭാവിയെ ത്രിശങ്കുവിലാക്കി. എന്നാൽ സാവിയുടെ പടിയിറക്കം എല്ലാം മാറ്റി മറിച്ചു.

സെർജി റോബർട്ടോയുമായുള്ള കരാർ നീട്ടേണ്ടതില്ലെന്ന് സ്‌പോർട്ടിങ് ഡയറ്കടർ ഡെക്കോ തീരുമാനിക്കുക കൂടി ചെയ്തതോടെ കസാഡോയുടെ തലവര തെളിഞ്ഞു. കസാഡോ ഹാൻസി ഫ്‌ളിക്കിന്റെ പ്രിയപ്പെട്ടവനാവാൻ അധിക കാലമൊന്നുമെടുത്തില്ല. പ്രീ സീസണോട് കൂടി തന്നെ തന്റെ ഇലവനിൽ കസാഡോയുടെ സ്ഥാനമെന്തായിരിക്കുമെന്ന് ഫ്‌ലിക്ക് ഉറപ്പിച്ചിരുന്നു.

ലാലിഗയിൽ ഓരോ മത്സരങ്ങൾക്കിടയിലും കസാഡോയെ ടച്ച് ലൈനരികിലേക്ക് വിളിച്ച് നിർദേശങ്ങൾ നൽകുന്ന ഫ്‌ലിക്ക് ഇപ്പോള്‍ മൈതാനങ്ങളിലെ ഒരു സ്ഥിരം കാഴ്ചയാണ്. ഫ്‌ലിക്കിനെ സാകൂതം കേട്ടുനിൽക്കുന്ന ആ 21 കാരന്‍ അയാളുടെ നിർദേശങ്ങളെ അതേ പടി മൈതാനത്ത് നടപ്പിലാക്കുന്നു. സീസണിൽ 10 മത്സരങ്ങൾ പൂർത്തിയാവും മുമ്പേ ഫ്‌ലിക്കിന്റെ ഇലവനിൽ അയാള്‍ തന്‍റെ സ്ഥാനം അരക്കെട്ടുറപ്പിച്ചു കഴിഞ്ഞു. നിര്‍ണായക മത്സരങ്ങളില്‍ മൈതാനങ്ങളില്‍ അയാള്‍ നിറഞ്ഞാടി. ഒടുവില്‍ ലോക ഫുട്ബോളിലെ വന്മരങ്ങള്‍ക്കൊപ്പം അയാളുടെ പേരും ഇപ്പോള്‍ മുഴങ്ങിക്കേട്ട് തുടങ്ങിയിരിക്കുന്നു.

Similar Posts