ഒളിമ്പിക്സില്‍ ഇന്ത്യന്‍കൊടി പിടിക്കാന്‍ മേരി കോമും മന്‍പ്രീതും
|ലിംഗ സമത്വത്തിന്റെ സന്ദേശം നല്‍കികൊണ്ടാണ് സ്ത്രീയെയും പുരുഷനെയും പ്രാരംഭ ചടങ്ങുകളുടെ മുന്‍നിരയില്‍ നിര്‍ത്തുന്നതെന്ന് ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്
ഇന്ത്യന്‍ ബോക്സിംഗ് താരം മേരി കോമും പുരുഷ ഹോക്കി ടീം നായകന് മന്‍പ്രീത് സിങും ടോക്കിയോ ഒളിമ്പിക്സ് ഉദ്ഘാടനച്ചങ്ങില്‍ ഇന്ത്യയുടെ പതാകവാഹകരാകും. ഇതാദ്യമായാണ് ഒളിമ്പിക്സില്‍ ഒരേ സമയം ഒന്നില്‍ കൂടുതല്‍ പേര് പതാകവാഹകരായി എത്തുന്നത്. സമാപന ചടങ്ങില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ബജ്രംഗ് പൂനിയയും ടീമിനെ നയിക്കുമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് അറിയിച്ചു.
ലിംഗ സമത്വത്തിന്റെ സന്ദേശം നല്‍കികൊണ്ടാണ് സ്ത്രീയെയും പുരുഷനെയും പ്രാരംഭ ചടങ്ങുകളുടെ മുന്‍നിരയില്‍ നിര്‍ത്തുന്നതെന്ന് ഐ.ഒ.എ തലവന്‍ നരീന്ദര്‍ ബത്ര അറിയിച്ചു. നേരത്തെ, റിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ ഏക സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയായിരുന്നു കൊടിപിടിച്ചത്.
നൂറില്‍പരം താരങ്ങളാണ് ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇറങ്ങുന്നത്. ജൂലൈ 23ന് തുടങ്ങി ആഗസ്റ്റ് എട്ടു വരെയാണ് ഒളിമ്പിക്സ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഒരു വര്‍ഷം വൈകിയാണ് ടോക്യോ 2020 ഒളിമ്പിക്സ് നടക്കുന്നത്.
കോവിഡ് മുന്കരുതലകളോടെയായിരിക്കും ഒളിമ്പിക്സ് നടക്കുക. മത്സരവേദികളില്‍ പരമാവധി പകുതി കാണികളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു. മാസ്ക് നിര്‍ബന്ധമായിരിക്കും. ഉച്ചത്തില്‍ സംസാരിക്കാന്‍ അനുവാദമുണ്ടായിരിക്കില്ല. വേദികളില്‍ പ്രവേശിക്കുന്നതും പുറത്തു കടക്കുന്നതും അച്ചടക്കത്തോടെയായിരിക്കണം എന്നിങ്ങനെയാണ് മാര്‍ഗനിര്‍ദേശങ്ങള്‍.