ആവേശപ്പോരിൽ ഹൈദരാബാദിനെ എറിഞ്ഞു വീഴ്ത്തി ബംഗളുരു
|ബംഗളുരു ബൗളർമാരുടെ കണിശതയോടെയുള്ള പന്തേറാണ് ഹൈദരാബാദിന് വിനയായത്
ആവേശം അവസാന ഓവര്‍ വരെ നീണ്ടുനിന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആറു റണ്‍സ് ജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
നായകൻ ഡേവിഡ് വാർണറും മനീഷ് പാണ്ഡെയും ഹൈദരാബാദിന് മികച്ച തുടക്കം സമ്മാനിച്ചെങ്കിലും അവർ കൂടാരം കയറിയതോടെ ടീം പാടെ തകരുകയായിരുന്നു. സ്കോർ: ആർ.സി.ബി - 149/8 (20 ഓവർ), എസ്.ആർ.എച്ച് - 143/9(20 ഓവർ).16ആം ഓവർ വരെ കളി ഹൈദരാബാദിന്‍റെ കൈയ്യിലായിരുന്നു. രണ്ടു വിക്കറ്റിന് 115 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു എസ്.ആർ.എച്ച് അപ്പോൾ. എന്നാല്‍ ഷഹബാസിന്‍റെ ഓവറില്‍ ബെയര്‍സ്‌റ്റോ, പാണ്ഡെ, സമദ് എന്നിവര്‍ തുടരെ പുറത്തായതോടെ ടീം പതറാൻ തുടങ്ങുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ ശങ്കറും കൂടാരം കയറി. 19ആം ഓവറിൽ ഹോൾഡറും 20 ആം ഓവറിൽ റാഷിദ്, നദീം എന്നിവരും പുറത്തായതോടെ ഹൈദരാബാദിന്‍റെ തോൽവി സമ്പൂർണ്ണമായി.
നായകന്‍ വിരാട് കോഹ്‌ലിയും ഡിവില്ലിയേഴ്‌സും പരാജയപ്പെട്ടപ്പോള്‍ മികച്ച പ്രകടനവുമായി ഗ്ലെന്‍ മാക്‌സ്‌വെല്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ബംഗളൂരു ഉയര്‍ത്തിയത് 150 റണ്‍സിന്റെ വിജയലക്ഷ്യം. ബംഗളൂരുവിനായി മാക്‌സ് വെല്‍ 59 റണ്‍സ് നേടി അവസാന പന്തിലാണ് പുറത്തായത്.
നായകന്‍ വിരാട് കോഹ്ലി 33 റണ്‍സെടുത്തെങ്കിലും 29 പന്തുകള്‍ നേരിട്ടു. 41 പന്തുകളില്‍ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്‌സറും അടക്കമായിരുന്നു മാക്‌സ് വെലിന്റെ ഇന്നിങ്‌സ്. 105ന് അഞ്ച് എന്ന തകര്‍ന്ന നിലയില്‍ നിന്നാണ് ബംഗളൂരു 149 റണ്‍സ് നേടിയത്. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ബംഗളൂരു അത്രയും റണ്‍സ് കണ്ടെത്തിയത്.
ഡിവില്ലിയേഴ്‌സിന് ഒരു റണ്‍സ് മാത്രമെ നേടാനായുള്ളൂ. കെയില്‍ ജാമിയേഴ്‌സണ്‍ 12 റണ്‍സ് നേടി. ദേവ്ദത്ത് പടിക്കല്‍ 11 റണ്‍സും നേടി. ഹൈദരാബാദിനായി ജേസണ്‍ ഹോള്‍ഡര്‍ മൂന്നും റാഷിദ് ഖാന്‍ രണ്ട് വിക്കറ്റും വീഴ്ത്തി. റാഷിദ് ഖാന്റെ നാല് ഓവറുകളാണ് ബംഗളൂരുവിന്റെ റണ്‍റേറ്റ് കുറച്ചത്.