'എംബാപ്പെ റയലിനായി സീസണില്‍ 50 ഗോള്‍ തികക്കും'- കാര്‍ലോ ആഞ്ചലോട്ടി
|ഓഗസ്റ്റ് 19ന് റയല്‍ മയ്യോര്‍ക്കക്കെതിരെയാണ് ലാലീഗയില്‍ റയലിന്റെ ആദ്യ മത്സരം
റയൽ മാഡ്രിഡിൽ സ്വപ്‌ന തുല്യമായ തുടക്കമാണ് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെക്ക് ലഭിച്ചത്. ലോസ് ബ്ലാങ്കോസ് ജഴ്‌സിയിൽ ആദ്യ മത്സരത്തിനിറങ്ങിയ എംബാപ്പെ ആദ്യ ഗോളുമായി വരവറിയിച്ചു. അതാവട്ടേ യുവേഫ സൂപ്പർ കപ്പിനായുള്ള പോരാട്ടത്തിലും. അറ്റ്‌ലാന്റയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർക്കുമ്പോൾ റയലിന്റെ ഒരു ഗോൾ എംബാപ്പെ വകയായിരുന്നു. ആദ്യ മത്സരത്തിൽ തന്നെ ആദ്യ ഗോളും ആദ്യ ട്രോഫിയും എംബാപ്പെ തന്റെ പേരിലാക്കി. ഇതാദ്യമായാണ് ഫ്രഞ്ച് താരം യുവേഫയുടെ ഒരു ക്ലബ് ട്രോഫി നേടുന്നത്.
മത്സര ശേഷം എംബാപ്പെയുടെ പ്രകടനത്തെ കുറിച്ച് റയൽ കോച്ച് കാർലോ ആഞ്ചലോട്ടിയോട് മാധ്യമപ്രവർത്തകർ ചോദിച്ചു. റയല്‍ കോച്ചിന്‍റെ മറുപടി ഇങ്ങനെ.
'എംബാപ്പെ അതുല്യ ശേഷിയുള്ളൊരു കളിക്കാരനാണ്. മൈതാനത്ത് അവൻ കഠിനാധ്വാനം ചെയ്യുന്നത് നമ്മൾ ഇന്ന് കണ്ടു. ആദ്യ പകുതിയിൽ ടീം ഒന്ന് പുറകിലേക്ക് പോയപ്പോൾ അവൻ ഡിഫൻസിലേക്ക് ഇറങ്ങി വന്നു. എന്നാൽ രണ്ടാം പകുതിയിൽ അവൻ നിരന്തരം ആക്രമണങ്ങളുമായി കളംനിറഞ്ഞു. ഈ സീസണിൽ അമ്പതോ അതിൽ കൂടുതൽ ഗോളുകൾ നേടാൻ അവന് കഴിയും.'- ആഞ്ചലോട്ടി പറഞ്ഞു. സൂപ്പർ കപ്പിലെ ആറാം മുത്തവുമായി റയൽ മാഡ്രിഡ് വാഴ്സയില്‍ ചരിത്രമെഴുതുകയായിരുന്നു.
കളിയെ രണ്ട് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. 59 ആം മിനുറ്റിൽ ഫെഡറിക്കോ വാൽവെർഡെയുടെ ക്ലോസ് റേഞ്ച് ഗോളിൽ മുന്നിലെത്തിയ റയലിന്‍റെ ലീഡ് 68ാം മിനുറ്റില്‍ എംബാപ്പെ ഉയര്‍ത്തി . ജൂഡ് ബെല്ലിങ്ഹാമിന്റെ പാസിലായിരുന്നു എംബാപ്പെയുടെ ഗോൾ. മത്സരത്തിലുടനീളം നിറഞ്ഞുകളിച്ച ജൂഡ് തന്നെയാണ് കളിയിലെ താരം.
‘‘ഇത് കടുപ്പമേറിയ മത്സരമായിരുന്നു. രണ്ടാം പകുതിയായിരുന്നു കുറച്ചുകൂടി നന്നായത്. ആദ്യ പകുതിയിൽ കുറച്ച് പൊരുതേണ്ടി വന്നു. അറ്റ്ലാന്റ നന്നായി പ്രതിരോധിച്ചതോടെ സ്പെയ്സ് കണ്ടെത്താൻ ഞങ്ങൾ പാടുപെട്ടു’’ -മത്സരശേഷം റയൽ കോച്ച് കാർലോ ആഞ്ചലോട്ടി പ്രതികരിച്ചു.ലാലിഗ സീസൺ തുടങ്ങാനിരിക്കേ റയലിന് കരുത്തുപകരുന്നതാണ് ഈ കിരീട നേട്ടം. ഓഗസ്റ്റ് 19ന് റയല്‍ മയ്യോര്‍ക്കക്കെതിരെയാണ് റയലിന്റെ ആദ്യ മത്സരം.