പന്ത് മാറ്റാൻ നോക്കി മെസി; കയ്യോടെ പിടികൂടി റഫറി, വീഡിയോ വൈറൽ
|സൂപ്പർ താരം ലയണൽ മെസ്സി എത്തിയ ശേഷം ഇതാദ്യമായാണ് ഒരു മത്സരത്തിൽ മയാമി ജയം കുറിക്കാതെ പോകുന്നത്
കഴിഞ്ഞ ദിവസം മേജർ ലീഗ് സോക്കറിൽ ലയണൽ മെസ്സിയുടെ ഇന്റർമയാമിയെ നാഷ്വില്ലേ സമനിലയിൽ തളച്ചിരുന്നു. കളിയിലുടനീളം ഇന്റർമയാമിയുടെ ആധിപത്യം ആയിരുന്നെങ്കിലും ഗോൾ മാത്രം കണ്ടെത്താനായില്ല. സൂപ്പർ താരം ലയണൽ മെസ്സി എത്തിയ ശേഷം ഇതാദ്യമായാണ് ഒരു മത്സരത്തിൽ മയാമി ജയം കുറിക്കാതെ പോകുന്നത്. 70 ശതമാനം നേരവും പന്ത് കൈവശം വച്ചത് ഇന്റർമയാമിയായിരുന്നു.
മത്സരത്തിൽ രണ്ട് ഫ്രീകിക്കുകൾ സൂപ്പർ താരം ലയണൽ മെസ്സിക്ക് ലഭിച്ചെങ്കിലും രണ്ടും വലയിലെത്തിക്കാനായില്ല. ഇപ്പോഴിതാ മത്സരത്തില്‍ ഒരു ഫ്രീ കിക്ക് എടുക്കുന്നതിന് മുമ്പ് നിശ്ചയിച്ച് നൽകിയ സ്ഥാനത്ത് നിന്ന് പന്ത് മാറ്റി വക്കാൻ ശ്രമിക്കുന്ന സൂപ്പർ താരത്തെ കയ്യോടെ പിടികൂടുന്ന റഫറിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. രണ്ട് തവണ സൂപ്പർ താരം പന്ത് മാറ്റാൻ ശ്രമിക്കുന്നതും റഫറി പന്ത് നേരത്തേ വച്ച സ്ഥാനത്ത് തന്നെ കൊണ്ട് വക്കാനാവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.
നീണ്ട ഇടവേളക്ക് ശേഷം മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമി വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്ക് റെഡ്ബുൾസിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് മയാമി തകര്‍ത്തത്. മയാമിക്കായി പകരക്കാരനായിയറങ്ങിയ ലയണല്‍ മെസ്സി 89 ാം മിനിറ്റില്‍ വലകുലുക്കി.