800-ാം ഗോളുമായി മെസി; അർജന്റീനയ്ക്ക് രണ്ടു ഗോൾ ജയം
|പ്രതിരോധക്കോട്ട കെട്ടിയ പാനമ ആദ്യപകുതിയിൽ ഗോളടിക്കാൻ അനുവദിച്ചില്ലെങ്കിലും മെസിയുടെ സെറ്റ്പീസ് മികവിൽ അർജന്റീന വിജയം തുറന്നെടുക്കുകയായിരുന്നു.
ലോകകപ്പിനു ശേഷമുള്ള ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ ലോകചാമ്പ്യന്മാരായ അർജന്റീനയ്ക്ക് ജയം. സൂപ്പർ താരം ലയണൽ മെസി ഫ്രീകിക്ക് ഗോളുമായി തിളങ്ങിയ സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു അൽബിസെലസ്റ്റ ദുർബലരായ പാനമയെ തോൽപ്പിച്ചത്. മിന്നും താരങ്ങൾ അണിനിരന്ന അർജന്റീനയ്‌ക്കെതിരെ പ്രതിരോധക്കോട്ട കെട്ടിയ പാനമ ആദ്യപകുതി ഗോൾരഹിതമായി സംരക്ഷിച്ചെങ്കിലും മെസിയുടെ സെറ്റ്പീസ് മികവിൽ ആതിഥേയർ വിജയം തുറന്നെടുക്കുകയായിരുന്നു. തിയാഗോ അൽമാഡ, മെസി എന്നിവരായിരുന്നു സ്‌കോറർമാർ. മെസിയുടേത് കരിയറിലെ 800 -ാം ഗോളായിരുന്നു.
മൂന്ന് നക്ഷത്രങ്ങളടങ്ങുന്ന ജഴ്‌സിയുമായി ആദ്യ മത്സരത്തിനിറങ്ങിയ അർജന്റീന, ഖത്തർ ലോകകപ്പിൽ കളിച്ച താരങ്ങളെ മാത്രം ഉൾപ്പെടുത്തിയാണ് ആദ്യ ഇലവനെ ഇറക്കിയത്. പന്തിനുമേൽ ആധിപത്യം പുലർത്തിയെങ്കിലും സ്വന്തം ഗോൾമുഖം അടച്ചുപ്രതിരോധിച്ച പാനമ, ലയണൽ സ്‌കലോനിയുടെ സംഘത്തെ ആദ്യപകുതിയിൽ ഗോൾ നേടാൻ അനുവദിച്ചില്ല. മെസിയുടെ ഒരു ഗോൾശ്രമത്തിന് പോസ്റ്റ് വിഘാതമാവുകയും ചെയ്തു.
രണ്ടാം പകുതിയിൽ മൂന്ന് മാറ്റങ്ങളുമായാണ് അർജന്റീന ഇറങ്ങിയത്. കടുപ്പമേറിയ പ്രതിരോധം പാനമ തുടർന്നെങ്കിലും കളിയുടെ അവസാന ഘട്ടത്തിൽ ആക്രമണത്തിന് മൂർച്ചകൂട്ടിയ ആതിഥേയർ എപ്പോൾ വേണമെങ്കിലും ഗോളടിക്കാം എന്നു തോന്നി.
പൗളോ ഡിബാലയുടെ ഒരു പെനാൽട്ടി അപ്പീൽ നിരസിക്കപ്പെട്ടതിനു പിന്നാലെ 25 മീറ്റർ അകലെ വെച്ചു ലഭിച്ച ഫ്രീകിക്ക് ആണ് അർജന്റീനയുടെ ആദ്യഗോളിന് വഴിതുറന്നത്. കിക്കെടുത്ത മെസി ഗോൾകീപ്പറെ പൂർണമായി കീഴടക്കിയെങ്കിലും പന്ത് പോസ്റ്റിന്റെ വലതുമൂലയിൽ ഇടിച്ചുമടങ്ങി. റീബൗണ്ടിൽ റോഡ്രിഗോ ഡിപോളിന്റെ ശ്രമം വിഫലമായെങ്കിലും ഒപ്പമെത്തിയ അൽമാഡയ്ക്കു പിഴച്ചില്ല. ക്ലോസ് റേഞ്ചിൽ നിന്നുള്ള ഷോട്ട് തടയാൻ, അതുവരെ മികച്ച സേവുകളുമായി കളംനിറഞ്ഞ പാനമ കീപ്പർ ഹോസ ഗെറ പൊസിഷനിലുണ്ടായിരുന്നില്ല.
89-ാം മിനുട്ടിൽ, തന്റെ 800-ാം കരിയർ ഗോൾ കണ്ടെത്തിയ മെസി ലോകചാമ്പ്യന്മാരുടെ വിജയമുറപ്പിച്ചു. ഇത്തവണ 22 മീറ്റർ അകലെ നിന്ന് സൂപ്പർ താരം ഉയർത്തിവിട്ട പന്ത് വായുവിൽ വളഞ്ഞ് ഗോൾകീപ്പറുടെ ഇടതുവശത്തുകൂടിയാണ് പോസ്റ്റിലേക്ക് താണിറങ്ങിയത്. ഹോസെ ഗെറയുടെ മുഴുനീളൻ ഡൈവ് വിഫലമാക്കിയായിരുന്നു മെസിയുടെ ഗോൾ. അർജന്റീനയ്ക്കു വേണ്ടി മെസിയുടെ 99-ാം ഗോൾ കൂടിയായിരുന്നു ഇത്.