Sports
പെലെയെ മെക്‌സിക്കൻ തൊപ്പിയണിയിച്ചപ്പോൾ സംസ്‌കാരം, മെസിയെ ബിഷ്ത് അണിയിച്ചപ്പോൾ വിവാദം; ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് ആരാധകർ
Sports

'പെലെയെ മെക്‌സിക്കൻ തൊപ്പിയണിയിച്ചപ്പോൾ സംസ്‌കാരം, മെസിയെ ബിഷ്ത് അണിയിച്ചപ്പോൾ വിവാദം'; ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് ആരാധകർ

Web Desk
|
21 Dec 2022 9:02 AM GMT

മെസ്സി കപ്പുയർത്തുമ്പോൾ അദ്ദേഹത്തിന്റെ അർജന്റീന കുപ്പായം ഭാഗികമായി മറക്കപ്പെട്ട നിലയിലായിരുന്നെന്നായിരുന്നു വിമര്‍ശനം

ദോഹ: ഖത്തർ ലോകകപ്പിന്‍റെ ഫൈനലില്‍ ഫ്രാൻസിനെ തോൽപ്പിച്ച് അർജന്റീന കിരീടം നേടിയതിന്റെ ആഘോഷങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. 1986 ന് ശേഷം ആദ്യമായാണ് അർജന്റീന ലോകകപ്പിൽ മുത്തിടുന്നത്. 36 വർഷത്തെ ഇടവേളയ്ക്ക് ശേഷം നേടിയെടുത്ത വിശ്വകിരീടം അർജന്റീൻ താരം ലയണൽ മെസ്സി രാജ്യത്തിനും ടീമിനുമായി ഉയർത്തിയപ്പോൾ ലോകം മുഴുവൻ ആഹ്ലാദം കൊണ്ട് നൃത്തമാടുകയായിരുന്നു.

എന്നാൽ ലോകകിരീടം ഏറ്റുവാങ്ങുന്നതിനുമുൻപ് മെസ്സിയെ അറേബ്യൻ പരമ്പരാഗത വസ്ത്രമായ 'ബിഷ്ത്' ധരിപ്പിച്ചതിനെ ചൊല്ലി വൻ വിമർശനങ്ങളായിരുന്നു ഉയർന്ന് വന്നത്. യൂറോപ്പിൽനിന്നുള്ള പ്രമുഖ മാധ്യമപ്രവർത്തകരടക്കം വലിയ വിമർശനമാണ് ഇതിനെതിരെ നടത്തിയത്. ലജ്ജാകരമെന്നാണ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നടപടിയെ ബി.ബി.സിയിൽ തത്സമയ സംപ്രേഷണത്തിനിടെ ബി.ബി.സി അവതാരകർ വിശേഷിപ്പിച്ചത്. മഹത്തായൊരു നിമിഷത്തെ നശിപ്പിച്ച നടപടിയെന്ന തലക്കെട്ടോടെ ടെലഗ്രാഫ് പ്രത്യേക റിപ്പോർട്ടും പ്രസിദ്ധീകരിക്കുകയും ചെയ്തു.

കോടിക്കണക്കിനു മനുഷ്യർ കണ്ടുകൊണ്ടിരിക്കെ മെസ്സി കപ്പുയർത്തുമ്പോൾ അദ്ദേഹത്തിന്റെ അർജന്റീന കുപ്പായം ഭാഗികമായി മറക്കപ്പെട്ട നിലയിലായിരുന്നുവെന്നും പിന്നാലെ ബിഷ്ത് മെസ്സി അഴിച്ചിട്ടെന്നും മെസ്സി ആശയക്കുഴപ്പത്തിലായിരുന്നുവെന്നുമാണ് ടെലഗ്രാഫിന്റെ റിപ്പോർട്ട്.

എന്നാൽ ഇതിനെതിരെ ഫുട്‌ബോൾ ഇതിഹാസ താരം പെലെയുടെ ചിത്രം പങ്കുവെച്ചാണ് ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. ലോകകപ്പ് ഫുട്‌ബോൾ സമാപനങ്ങളിൽ നേരത്തെയും ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്നിട്ടുണ്ട്. 1970ൽ മെക്സിക്കോയിൽ നടന്ന ഫിഫയുടെ മൂന്നാമത് ലോകകപ്പിൽ ബ്രസീൽ ജേതാക്കളായപ്പോൾ പെലെയെ സമ്മാനദാനച്ചടങ്ങിൽ ആ രാജ്യത്തിന്റെ പരമ്പരാഗത തൊപ്പിയണിയിച്ചിരുന്ന ചിത്രങ്ങൾ നിരവധി പേർ പങ്കുവെച്ചു.ഈ തൊപ്പിയും ധരിച്ച് പെലെ മനോഹരമായി ചിരിക്കുന്ന ചിത്രം ഏറെ പ്രശസ്തമാണ്.

മെക്സിക്കോ ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോൾ അവർ പെലെയെ മെക്സിക്കൻ തൊപ്പി അണിയിച്ചത് ഒരു സാംസ്‌കാരിക സഹവർത്തിത്വമായും ഫുട്ബോൾ സന്ദേശത്തിന്റെ നേട്ടമായുമാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാൽ മെസ്സിയെ ബിഷ്ത് ധരിപ്പിക്കുന്നതിൽ എന്തിനാണ് വിവാദമുണ്ടാക്കുന്നതും ചിലർ ചോദിക്കുന്നു.

അമീർ വസ്ത്രം പുതപ്പിക്കുമ്പോൾ മെസ്സി ആശയക്കുഴപ്പത്തിലായിരുന്നുവെന്നാണ് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തത്. കോടിക്കണക്കിനു മനുഷ്യർ കണ്ടുകൊണ്ടിരിക്കെ മെസ്സി കപ്പുയർത്തുമ്പോൾ അദ്ദേഹത്തിന്റെ അർജന്റീന കുപ്പായം ഭാഗികമായി മറക്കപ്പെട്ട നിലയിലായിരുന്നു. പിന്നാലെ ബിഷ്ത് മെസ്സി അഴിച്ചിടുകയും ചെയ്തെന്ന് റിപ്പോർട്ടിൽ പറയുന്നു.

ലോകകപ്പ് ട്രോഫി വിതരണ ചിത്രങ്ങളിൽ തങ്ങളുണ്ടാകണമെന്നുണ്ടായിരുന്നു ഖത്തറിന്. അതിനാണ് അവർ മെസ്സിയെ ബിഷ്ത് പുതപ്പിച്ചത്. നീലയും വെള്ളയും നിറഞ്ഞ കടലിനിടയിൽ അത് അനാവശ്യവും വിചിത്രവുമായ നടപടിയായിപ്പോയെന്നാണ് ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ ലൗറി വൈറ്റ്വെൽ ട്വീറ്റ് ചെയ്തത്.

സ്വർണഖനിക്കകത്തെ വിചിത്രമായ ദൃശ്യങ്ങളെന്നാണ് 'ഗാർഡിയനി'ലെ ബാർനി റോണേ ബിഷ്ത് ധരിപ്പിച്ചതിനെ വിശേഷിപ്പിച്ചത്. ആ വസ്ത്രം ധരിപ്പിച്ചത് ക്രൂരമായെന്ന് 'ഇൻസൈഡ'റിലെ വിൽ മാർട്ടിൻ കുറിച്ചു. ഈ ലോകകപ്പിൽ എല്ലാം പിഴച്ചിരുന്നുവെന്ന് ഉപസംഹരിക്കുകയാണ് ആ ദൃശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകം മൊത്തം കണ്ണുമിഴിച്ചു നോക്കിനിന്ന ഫുട്‌ബോൾ ലോകകപ്പ് ഉദ്ഘാടന ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യാതെ ബഹിഷ്‌ക്കരിച്ചിരുന്നു ബി.ബി.സി.

Related Tags :
Similar Posts