മൈറ്റി സാംസൺ; ലഖ്‌നൗവിനെതിരെ രാജസ്ഥാന് തകർപ്പൻ ജയം
|രാജസ്ഥാൻ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലഖ്‌നൗവിന് 173 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ
ജയ്പൂര്‍: അർധ സെഞ്ച്വറികളുമായി കളംനിറഞ്ഞ ക്യാപ്റ്റൻ കെ.എൽ രാഹുലിന്റെയും നികോളാസ് പൂരന്റെയും ഇന്നിങ്‌സുകൾക്കും ലഖ്‌നൗവിനെ രക്ഷിക്കാനായില്ല. ഐ.പി.എൽ ആദ്യ പോരാട്ടത്തിൽ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസിന് 20 റൺസിന്റെ തകർപ്പൻ ജയം. രാജസ്ഥാൻ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലഖ്‌നൗവിന് 173 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. രാജസ്ഥാനായി ട്രെന്റ് ബോൾട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി.
രാജസ്ഥാൻ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലഖ്‌നൗവിന് ആദ്യ ഓവറിൽ തന്നെ ക്വിന്റൻ ഡീക്കോക്കിനെ നഷ്ടമായി. മൂന്നാം ഓവറിൽ ദേവ്ദത്ത് പടിക്കലും നാലാം ഓവറില്‍ ആയുഷ് ബധോനിയും വീണതോടെ പ്രതിരോധത്തിലായ ലഖ്‌നൗവിനെ ദീപക് ഹൂഡയെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ രാഹുൽ കരകയറ്റാൻ ശ്രമം ആരംഭിച്ചു. തുടക്കം മുതൽ ടോപ് ഗിയറിലായിരുന്നു ഹൂഡ. എന്നാൽ 26 റൺസിന് ചാഹലിന് മുന്നിൽ താരം വീണു. പിന്നീട് നിക്കോളാസ് പൂരനെ കൂട്ടുപിടിച്ച രാഹുൽ സ്‌കോർ വേഗത്തിലുയർത്തി. പൂരൻ കൂറ്റനടികളുമായി കളം നിറഞ്ഞപ്പോൾ ഒരുഘട്ടത്തില്‍ ലഖ്‌നൗ ജയം പിടിച്ചു വാങ്ങുമെന്ന് കരുതിയിരുന്നു. എന്നാൽ 17ാം ഓവറിൽ രാഹുലിനെ സന്ദീപ് ശർമ മടക്കിയതോടെ ലഖ്‌നൗ വീണ്ടും പ്രതിരോധത്തിലായി. അവസാന രണ്ടോവറുകളിൽ റൺസ് വിട്ട് നിൽകാൻ ഏറെ പിശുക്ക് കാണിച്ച അശ്വിനും ആവേശ് ഖാനും ചേർന്ന് ചേർന്ന് രാജസ്ഥാൻ ജയം പൂർണമാക്കി.
തകർപ്പനടികളുമായി കളം നിറഞ്ഞ് ആദ്യ ദിനം തന്നെ അവിസ്മരണീയമാക്കീയ നായകൻ സഞ്ജു സാസന്‍റെ മിന്നും പ്രകടനത്തിന്റെ മികവിലാണ് നേരത്തേ രാജസ്ഥാന്‍ കൂറ്റൻ സ്കോര്‍ പടുത്തുയര്‍ത്തിയത്. ജയ്പൂര് സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറിൽ 193 റൺസെടുത്തു. 50 പന്തില്‍ ആറ് സിക്സുകളുടേയും മൂന്ന് ഫോറിന്‍റേയും അകമ്പടിയില്‍ 82 റണ്‍സെടുത്ത സഞ്ജു പുറത്താവാതെ നിന്നു.
കളി തുടങ്ങി രണ്ടാം ഓവറിൽ തന്നെ കൂറ്റനടിക്കാരൻ ജോസ് ബട്‌ലറും അഞ്ചാം ഓവറിൽ യശസ്വി ജയ്‌സ്വാളും കൂടാരം കയറിയ ശേഷം ക്രീസിൽ ഒന്നിച്ച സഞ്ജുവും റിയാൻ പരാഗും ചേർന്നാണ് രാജസ്ഥാൻ ഇന്നിങ്‌സിന് അടിത്തറ പാകിയത്. ഫോമില്ലായ്മയുടെ പേരിൽ മുൻ സീസണുകളിൽ ഏറെ പഴി കേട്ട പരാഗിന്റെ ഇന്നിങ്‌സ് വിമർശകർക്കുള്ള മറുപടിയായി. 29 പന്തിൽ മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 43 റൺസെടുത്ത പരാഗ് അർധ സെഞ്ച്വറിക്ക് ഏഴ് റൺസ് അകലെയാണ് വീണത്.
പിന്നീട് ക്രീസിലെത്തിയ ഷിംറോൺ ഹെറ്റ്‌മെയര്‍ വേഗത്തിൽ മടങ്ങി. അവസാന ഓവറുകളിൽ ധ്രുവ് ജുറേലിനെ കൂട്ടുപിടിച്ചാണ് സഞ്ജു രാജസ്ഥാനെ മികച്ച സ്‌കോറിലെത്തിച്ചത്. ലഖ്‌നൗവിനായി അഫ്ഗാൻ താരം നവീനുൽ ഹഖ് രണ്ട് വിക്കറ്റ് വീഴ്ത്തി.