58ാം വയസ്സിൽ ബോക്സിങ് റിങ്ങിലേക്ക് മടങ്ങിവന്ന് മൈക്ക് ടൈസൺ; ജെയ്ക്ക് പോളിനോട് തോൽവി
|ന്യൂയോർക്ക്: 19 വർഷത്തിന് ശേഷം റിങ്ങിലേക്ക് മടങ്ങിവന്ന് ബോക്സിങ് ഇതിഹാസം മൈക്ക് ടൈസൺ. എട്ടുറൗണ്ട് നീണ്ട പോരിൽ 58കാരനായ ടൈസണെ തോൽപ്പിച്ച് 27കാരനായ ജേക്ക് പോൾ വിജയിച്ചു. എട്ട് റൗണ്ട് നീണ്ട പോരാട്ടം 79-73 എന്ന സ്കോറിലാണ് അവസാനിച്ചത്.
ടെക്സസിലെ എ.ടി ആൻഡി ടി സ്റ്റേഡിയത്തിൽ അരങ്ങേറിയ മത്സരത്തിൽ ടൈസണിൽ പ്രായത്തിന്റെ അവശതകൾ ദൃശ്യമായിരുന്നു. ആദ്യ റൗണ്ടുകളിൽ പൊരുതി നിന്നെങ്കിലും പതിയെ ടൈസണ് നിയന്ത്രണം കൈവിട്ടു. ഒടുവിൽ എട്ട് റൗണ്ടുകൾക്ക് ശേഷം ജേക്കിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
പ്രത്യേക നിയമാവലിയോടെയാണ് ടൈസൺ-പോൾ പോരാട്ടം അരങ്ങേറിയത്. റൗണ്ടുകളുടെ ദൈർഘ്യവും ഇടിയുടെ ആഘാതം കുറക്കുന്നതിനായി പ്രത്യേക ഗ്ലൗസുകളും മത്സരത്തിനായി അനുവദിച്ചിരുന്നു.ജൂലൈ 20ന് നിശ്ചയിച്ചിരുന്ന പോരാട്ടം ടൈസണെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെത്തുടർന്ന് മാറ്റിവെച്ചിരുന്നു.
മത്സരത്തിൽ വിജയിയായ പോളിന് 300കോടിയിലേറെ രൂപയും മൈക്ക് ടൈസണ് 200കോടിയിലേറെയും പണം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒ.ടി.ടി ഭീൻമാരായ നെറ്റ്ഫ്ലിക്സ് മത്സരത്തിന്റെ ലൈവ് സംപ്രേക്ഷണം നടത്തിയിരുന്നു. എന്നാൽ സംപ്രേക്ഷണത്തിൽ പലതവണ തടസ്സം നേരിട്ടെന്ന വ്യാപക പരാതികളുണ്ട്. അതിനിടയിൽ മത്സരം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് അരങ്ങേറിയതെന്ന വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിൽ കനക്കുന്നുണ്ട്.