തീപ്പന്തുമായി ഷമിയും സിറാജും; വാംഖഡെയില്‍ കങ്കാരു വധം
|ഓസീസ് 188 റണ്‍സിന് പുറത്ത്
വാംഖഡെ: ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തിൽ ആസ്‌ട്രേലിയക്ക് വൻ ബാറ്റിങ് തകർച്ച. 35 ഓവറിൽ 188 റൺസെടുക്കുന്നതിനിടെ മുഴുവൻ ഓസീസ് ബാറ്റർമാരും കൂടാരം കയറി. ഇന്ത്യക്കായി മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തി. 81 റൺസെടുത്ത മിച്ചൽ മാർഷ് മാത്രമാണ് ഓസീസ് നിരയിൽ തിളങ്ങിയത്.
നേരത്തേ ടോസ് നേടിയ ഇന്ത്യ ആസ്ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ട്രാവിസ് ഹെഡ്ഡിന്റെ കുറ്റി തെറിപ്പിച്ച് മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. എന്നാൽ പിന്നീട് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനൊപ്പം ചേർന്ന് മിച്ചൽ മാർഷ് വേഗത്തില്‍ സ്‌കോർ ബോർഡ് ഉയർത്തി. 12ാം ഓവറിൽ സ്മിത്തിനെ രാഹുലിന്റെ കയ്യിലെത്തിച്ച് ഹർദിക് പാണ്ഡ്യ നിർണായക കൂട്ടുകെട്ട് പൊളിച്ചു. അപ്പോഴും മാർഷ് ടോപ് ഗിയറിലായിരുന്നു. ഒടുക്കം 19ാം ഓവറിൽ ജഡേജക്ക് മുന്നിൽ മാർഷ് വീണു. 65 പന്തില്‍ പത്ത് ഫോറും അഞ്ച് സിക്സുമടക്കം 81 റണ്‍സെടുത്താണ് മാര്‍ഷിന്‍റെ മടക്കം.
പിന്നീടെത്തിയ ബാറ്റർമാർക്കൊന്നും ആസ്ട്രേലിയക്കായി അധിക സംഭാവനകൾ നൽകാനായില്ല. 26 റൺസെടുത്ത ജോഷ് ഇംഗ്ലിസിനെയും 12 റൺസെടുത്ത കാമറൂൺ ഗ്രീനിനെയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി ഷമി കങ്കാരുക്കളെ കൂടുതൽ പ്രതിരോധത്തിലാക്കി. ഗ്ലെൻ മാക്‌സ്‌വെലിനെ ജഡേജ പുറത്താക്കിയപ്പോൾ മാർകസ് സ്‌റ്റോയിനിസിനെ ഷമി കൂടാരത്തിലെത്തിച്ചു. ആദം സാംപയെയും സീൻ ആബോട്ടിനെയും പുറത്താക്കി സിറാജ് കങ്കാരു വധം പൂർത്തിയാക്കി.