വാര്‍ ചതിച്ചാശാനേ, ബെല്‍ജിയത്തെ ഞെട്ടിച്ച മൊറോക്കോയുടെ ഗോള്‍ റഫറി നിഷേധിച്ചു
|കിക്കെടുത്ത സിയെച്ച് മനോഹരമായ ഒരു ഷോട്ടിലൂടെ വലകുലുക്കി. മൈതാനത്ത് മൊറോക്കോയുടെ ഗോളാഘോഷം... സ്കോര്‍ ഷീറ്റില്‍ ഗോളും രേഖപ്പെടുത്തി. പക്ഷേ...
കരുത്തരായ ബെല്‍ജിയത്തെ ആദ്യ പകുതിയില്‍ പിടിച്ചുകെട്ടിയ മൊറോക്കോയുടെ കളിക്ക് അര്‍ഹിച്ച അംഗീകാരമെന്ന പോലെ ഇന്‍ജുറി ടൈമില്‍ ഫ്രീകിക്ക് അനുവദിക്കുന്നു. കിക്കെടുത്ത സിയെച്ച് മനോഹരമായ ഒരു ഷോട്ടിലൂടെ വലകുലുക്കി. മൈതാനത്ത് മൊറോക്കോയുടെ ഗോളാഘോഷം... സ്കോര്‍ ഷീറ്റില്‍ ഗോളും രേഖപ്പെടുത്തി. പക്ഷേ റഫറിക്ക് സിയെച്ച് കിക്കെടുക്കുമ്പോള്‍ മൊറോക്കോ താരങ്ങള്‍ ഓഫ്സൈഡായിരുന്നോ എന്ന് സംശയം!
ഇതോടെ വാര്‍ വിളിച്ച് റഫറി റീപ്ലേ പരിശോധിച്ചു. അങ്ങനെ പന്ത് വലയിലെത്തിയെങ്കിലും വാര്‍ പരിശോധിച്ച റഫറി ഗോള്‍ നിഷേധിച്ചു. സിയെച്ച് ഫ്രീകിക്കെടുക്കുമ്പോള്‍ രണ്ട് മൊറോക്കന്‍ താരങ്ങള്‍ ഓഫ്‌സൈഡ് പൊസിഷനിലായിരുന്നു എന്നായിരുന്നു റഫറിയുടെ കണ്ടെത്തല്‍. പെനാല്‍റ്റി ബോക്സിന് തൊട്ടരികെ വെച്ച് തോർഗൻ ഹസാർഡ് ഹകീം സിയെച്ചിനെ വീഴ്ത്തിയതിനായിരുന്നു മൊറോക്കോയ്ക്ക് ഫ്രീകിക്ക് ലഭിച്ചത്.
അനായാസം ജയിച്ചടക്കാമെന്ന പ്രതീക്ഷയിലെത്തിയ ലോക രണ്ടാം നമ്പർ ടീമിനെ ഞെട്ടിച്ച് ആഫ്രിക്കൻ സംഘം. ഇഞ്ചുറി ടൈമിൽ മൊറോക്കോയ്ക്ക് വീണുകിട്ട ഫ്രീകിക്ക് ഗോള്‍ 'വാറി'ല്‍ തട്ടിത്തെറിച്ചു. ബെല്‍ജിയം മുന്നേറ്റ നിരയെ ഗോള്‍പോസ്റ്റ് കടത്താതെ കോട്ടകെട്ടിയിരിക്കുകയാണ് ആഫ്രിക്കന്‍ പ്രതിരോധനിര. ആദ്യ പകുതി പിന്നിടുമ്പോൾ ഇരു ടീമിനും ഗോളൊന്നും കണ്ടെത്താനായിട്ടില്ല.മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ മൊറോക്കോ താരം നായിഫ് അഗ്വേർഡിന്റെ ഫൗളിൽ ബെൽജിയത്തിന് ഫ്രീകിക്ക്. ഇഡൻ ഹസാർഡ് എടുത്ത കിക്കിലൂടെ പക്ഷെ ടീമിന് നേട്ടമുണ്ടാക്കാനായില്ല. അഞ്ചാം മിനിറ്റിൽ ബെൽജിയത്തിനു മുന്നിൽ ആദ്യ അവസരം തുറന്നു. എന്നാൽ, മിച്ചി ബാറ്റ്ഷുവായിയുടെ ഷോട്ട് പുറത്തേക്ക്.
19-ാം മിനിറ്റിൽ തോമസ് മ്യൂനിയറിന്റെ ഷോട്ട് മൊറോക്കോ ഗോളി യാസീന് ബൗനോ കൈപിടിയിലൊതുക്കി. 28-ാം മിനിറ്റിൽ മൊറോക്കോയുടെ സാലിം അമല്ലാ ബോക്‌സിന്റെ മധ്യത്തിൽനിന്ന് തൊടുത്ത വലങ്കാലൻ ഷോട്ട് ലക്ഷ്യം കണ്ടില്ല. 29-ാം മിനിറ്റിൽ അമാദൗ ഒനാനയ്ക്ക് മഞ്ഞക്കാർഡ്.35-ാം മിനിറ്റിൽ മൊറോക്കോയ്ക്ക് മികച്ചൊരു അവസരം തുറന്നുലഭിച്ചെങ്കിലും വലതു വിങ്ങിലൂടെയുള്ള ഹകീമിയുടെ മുന്നേറ്റം വിഫലമായി. ഹകീമി തൊടുത്ത ഹാഫ് വോളി പോസ്റ്റിൽനിന്ന് ഏറെ അകലെയായിരുന്നു.
ഇഞ്ചുറി ടൈമിലായിരുന്നു തോർഗൻ ഹസാർഡിന്റെ ഫൗളിൽ മൊറോക്കോയ്ക്കു മുന്നിൽ സുവർണാവസരം തുറന്നുകിട്ടിയത്. കിക്കെടുത്ത ഹകീം സിയെച്ച് മനോഹരമായൊരു ത്രൂബൗളിലൂടെ പന്ത് ബെൽജിയം വലയിലെത്തിച്ചു. എന്നാൽ, വാറിൽ മൊറോക്കോ പ്രതിരോധ താരം റൊമൈൻ സായിസ് ഓഫ്‌സൈഡാണെന്നു കണ്ടെത്തുകയായിരുന്നു.
ബെൽജിയം ലൈനപ്പ്: തിബോ കോർട്ട്വാ, തിമോത്തി കാസ്റ്റാനി, ജാൻ വെർട്ടൻഗെൻ, ടോബി ആൾഡിവെറെൽഡ്, തോമസ് മ്യൂനിയർ, ആക്‌സൽ വിറ്റ്‌സെൽ, അമാഡൗ ഒനാന, തോർഗൻ ഹസാർഡ്, കെവിൻ ഡി ബ്യൂയിൻ, ഈഡൻ ഹസാർഡ്, മിഷി ബാഷ്വായി.മൊറോക്കോ ലൈനപ്പ്: യാസീൻ ബൗനോ, അഷ്‌റഫ് ഹകീമി, നൗസൈർ മസ്‌റൂഇ, സുഫ്‌യാൻ അമ്രബാത്, നായിഫ് അഗ്വേഡ്, റൊമൈൻ സായ്‌സ്, ഹകീം സിയെച്ച്, അസ്സെദ്ദീൻ ഒനാഹി, സെലീം അമല്ലാ, സൗഫിയാൻ ബൗഫൽ, യൂസുഫ് അൽനെസൈരി