Sports
Most sixes,cricket, Rohit Sharma,551 sixer, chris Gayle, record

രോഹിത് ശര്‍മ

Sports

ഹിറ്റ്മാന്‍ രോഹിത്... സിക്സറടിയില്‍ വമ്പന്‍ റെക്കോര്‍ഡ്

Web Desk
|
28 Sep 2023 3:59 AM GMT

അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളിലുമായി ഏറ്റവും വേഗത്തില്‍ 550 സിക്‌സറുകള്‍ നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡാണ് ഇന്നലത്തെ പ്രകടനത്തിലൂടെ രോഹിത് സ്വന്തം പേരിലാക്കിയത്

മാസങ്ങള്‍ക്ക് മുന്‍പ് വരെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ഏറ്റവുമധികം അലട്ടിയിരുന്ന കാര്യമാണ് നായകന്‍ രോഹിത് ശര്‍മയുടെ മങ്ങിയ ഫോം. എന്നാല്‍ ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിന് ശേഷം പിന്നീട് ആരാധകര്‍ കണ്ടത് തന്‍റെ പ്രതാപകാലത്തെ ഫോമിലേക്ക് മടങ്ങിയെത്തിയ സാക്ഷാല്‍ ഹിറ്റ്മാനെയാണ്. സെഞ്ച്വറികളും തുടര്‍ച്ചയായ അര്‍ധസെഞ്ച്വറികളുമായി ഇന്ത്യന്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയാണ് ഇപ്പോള്‍ നായകന്‍ രോഹിത് ശര്‍മ.

ഏഷ്യാ കപ്പിലെ മിന്നും പ്രകടനത്തിന് ശേഷം ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ രോഹിത്തിന് വിശ്രമം അനുവദിച്ചിരുന്നു. മൂന്നാം ഏകദിനത്തില്‍ തിരിച്ചെത്തിയ രോഹിത് ഏഷ്യാ കപ്പില്‍ നിര്‍ത്തിയിടത്തുന്നിന്ന് അടിതുടങ്ങുന്ന കാഴ്ചക്കാണ് ക്രിക്കറ്റ് ലോകം സാക്ഷിയായത്. മത്സരത്തില്‍ ഇന്ത്യ തോറ്റെങ്കിലും വെടിക്കെട്ട് അര്‍ധസെഞ്ച്വറിയുമായി രോഹിത് കളംനിറഞ്ഞു. 57 പന്തില്‍ അഞ്ച് ബൌണ്ടറിയും ആറ് സിക്സറുമുള്‍പ്പെടെ 82 റണ്‍സെടുത്ത രോഹിത് തന്നെയായിരുന്നു മത്സരത്തിലെ ഇന്ത്യയുടെ ടോപ് സ്കോറര്‍.

തലങ്ങുവിലങ്ങും സിക്സറുകള്‍ പറത്തിയ രോഹിത് ഒരുപിടി റെക്കോര്‍ഡുകളും ഇന്നലെ സ്വന്തം പേരിലാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളിലുമായി ഏറ്റവും വേഗത്തില്‍ 550 സിക്‌സറുകള്‍ നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡാണ് ഇന്നലത്തെ പ്രകടനത്തിലൂടെ രോഹിത് സ്വന്തം പേരിലാക്കിയത്. 471 ഇന്നിങ്സില്‍ നിന്നാണ് രോഹിത്തിന്‍റെ നേട്ടം. ലോക ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്ററായ ക്രിസ് ഗെയിലിന്‍റെ പേരിലുള്ള റെക്കോര്‍ഡാണ് രോഹിത് തിരുത്തിയത്.

471 ഇന്നിങ്സ് പൂര്‍ത്തിയാക്കുമ്പോള്‍ 548 സിക്സറുകളായിരുന്നു ഗെയിലിന്‍റെ നേട്ടം. അതേസമയം, ഏറ്റവുമധികം സിക്സറുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്താന്‍ രോഹിത്തിന് മൂന്ന് സിക്സറുകള്‍ കൂടി മതി. 553 സിക്സറുകളുമായി ക്രിസ് ഗെയില്‍ തന്നെയാണ് പട്ടികയില്‍ ഒന്നാമത്.

മറ്റൊരു റെക്കോര്‍ഡും ഇന്നലെ രോഹിത് സ്വന്തം പേരിലാക്കി. ഒരു രാജ്യത്തിനെതിരെ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടന്ന താരമെന്ന നേട്ടമാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്. ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ അഞ്ച് സിക്‌സറുകള്‍ നേടിയതോടെ 550 സിക്‌സറുകള്‍ തികച്ച രോഹിത് ഓസീസിനെതിരെ മാത്രം നേടിയത് 257 സിക്‌സറുകളാണ്. ഏകദിനവും ടെസ്റ്റും ടി20യും കൂടിയുള്ള കണക്കാണിത്. സിക്സറുകളില്‍ കൂടുതലും പിറന്നത് ഏകദിനത്തിലാണ്.

ഓസീസിനെതിരെ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള താരം കൂടിയാണ് രോഹിത്. ഏകദിനത്തിലെ തന്‍റെ ആദ്യ ഡബിള്‍ സെഞ്ച്വറി രോഹിത് നേടിയതും ഓസീസിനെതിരേയായിരുന്നു. 2013ല്‍ ആയിരുന്നു അത്. വെറും 158 പന്തില്‍ അന്ന് 209 റണ്‍സാണ് താരം അടിച്ചെടുത്തത്.

എല്ലാ ഫോര്‍മാറ്റിലുമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്സര്‍ നേടിയ താരങ്ങള്‍

ക്രിസ് ഗെയില്‍(വെസ്റ്റിന്‍ഡീസ്)- 553

രോഹിത് ശര്‍മ (ഇന്ത്യ)- 551

ഷഹീദ് അഫ്രീദി (പാകിസ്താന്‍)- 476

ബ്രണ്ടന്‍ മക്കല്ലം (ന്യൂസിലന്‍ഡ്)- 398

മാര്‍ട്ടിന്‍ ഗപ്റ്റില്‍ (ന്യൂസിലന്‍ഡ്)- 383

എം.എസ് ധോണി (ഇന്ത്യ)- 359

സനത് ജയസൂര്യ (ശ്രീലങ്ക)- 352

ഓയിന്‍ മോര്‍ഗന്‍ (ഇംഗ്ലണ്ട്)- 346

എബി ഡിവില്ലിയേഴ്സ് (ദക്ഷിണാഫ്രിക്ക)- 328

ജോസ് ബട്‍ലര്‍(ഇംഗ്ലണ്ട്)- 312

Similar Posts