2011 ലോകകപ്പ് ആവർത്തിക്കുമോ ? പുതിയ പ്രഖ്യാപനവുമായി ധോണി
|ആരാധകർക്ക് ആവേശം പകരുന്ന വാർത്ത പ്രഖ്യാപിക്കുമെന്നാണ് ധോണി ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നത്
റാഞ്ചി: ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ എം.എസ് ധോണി ഫേസ്ബുക്ക് ലൈവിൽ വരുന്നെന്ന വാർത്ത ആവേശത്തോടെയായിരുന്നു ആരാധകർ കേട്ടത്. വലിയ പ്രഖ്യാപനവുമായാണ് ധോണിയെത്തുന്നത് എന്ന വാർത്തകൾ എല്ലായിടത്തും പരന്നു. എന്തായിരിക്കും ധോണിയുടെ സർപ്രൈസ് പ്രഖ്യാപനം എന്ന ചർച്ചയായിരുന്നു ആരാധകർക്കിടയിൽ നടന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരാധകർക്ക് ആവേശം പകരുന്ന വാർത്ത പ്രഖ്യാപിക്കുമെന്നാണ് ധോണി അറിയിച്ചിരുന്നത്.
2020 ആഗസ്റ്റ് 15ന് ഒരു ട്വീറ്റിലൂടെയായിരുന്നു ആരാധകരെ ഞെട്ടിച്ച് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇത്തരത്തിൽ ഐ.പി.എല്ലിൽനിന്ന് ധോണി വിരമിക്കൽ പ്രഖ്യാപിച്ചേക്കുമോ എന്നായിരുന്നു ഒരുവിഭാഗം ആരാധകർ പങ്കുവെച്ച ആശങ്ക.
പുതുതായി ആരംഭിക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ലീഗിൽ സി.എസ്.കെയുടെ ഉടമസ്ഥതയിലുള്ള ജോഹന്നാസ്ബർഗ് സൂപ്പർ കിങ്സിന്റെ പരിശീലകനായി ധോണി എത്തിയേക്കുമെന്നും നേരത്തെ വാർത്തയുണ്ടായിരുന്നു.ഇതേക്കുറിച്ചായിരിക്കുമോ ഇന്നത്തെ പ്രഖ്യാപനമെന്നും ആരാധകർ സംശയിച്ചിരുന്നു.
എന്നാൽ എല്ലാ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കിയായിരുന്നു ധോണി ലൈവിലെത്തിയത്. ബിസ്‌കറ്റ്‌സിന്റെ പ്രമോഷന് വേണ്ടിയായിരുന്നു ധോണിയുടെ ലൈവ്. 2011 ൽ ഇന്ത്യ ലോകകപ്പ് നേടിയ അതേ വർഷമാണ് ആ ബിസ്‌കറ്റ് അവതരിപ്പിച്ചത്. അന്ന് ഇന്ത്യ ലോകകപ്പ് നേടി. ഇത്തവണയും അതുപോലെ ഇന്ത്യ ലോകകപ്പ് നേടുമോ എന്ന ഹാഷ് ടാഗിലായിരുന്നു വാർത്താസമ്മേളനം നടത്തിയത്. അൽപം ആശങ്കപ്പെട്ടെങ്കിലും ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനമൊന്നുമുണ്ടായില്ലല്ലോ എന്ന ആശ്വാസത്തിലാണ് ആരാധകർ.