Sports
താങ്കളുടെ റെക്കോർഡുകളെല്ലാം പഴങ്കഥയാക്കാൻ ഇവിടെയിതാ ഒരാൾ; എം.എസ് ധോണിക്ക് ഇടിക്കൂട്ടിൽനിന്നൊരു മുന്നറിയിപ്പ്
Sports

'താങ്കളുടെ റെക്കോർഡുകളെല്ലാം പഴങ്കഥയാക്കാൻ ഇവിടെയിതാ ഒരാൾ'; എം.എസ് ധോണിക്ക് ഇടിക്കൂട്ടിൽനിന്നൊരു മുന്നറിയിപ്പ്

Web Desk
|
13 Sep 2022 4:31 AM GMT

പ്രശസ്ത റെസ്ലിങ് പരിശീലകനായ പോൾ ഹൈമനാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വെല്ലുവിളി ഉയർത്തിയിരിക്കുന്നത്

ന്യൂയോർക്ക്: ഇന്ത്യയുടെ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണിക്ക് ക്രിക്കറ്റ് ലോകത്തു മാത്രമല്ല ആരാധകരുള്ളത്. ഇന്ത്യയിൽ ബോളിവുഡ് താരങ്ങൾ മുതൽ പ്രമുഖ രാഷ്ട്രീയക്കാർ വരെ താരത്തിന്റെ ആരാധകപട്ടികയിലുണ്ട്. എന്നാൽ, റെസ്ലിങ് ലോകത്ത് ധോണിയെ സ്ഥിരമായി പിന്തുടരുന്ന ഒരു പ്രമുഖനുണ്ട്. ലോക റെസ്ലിങ് ഇതിഹാസങ്ങളായ ബ്രോക്ക് ലെസ്‌നർ, റോമൻ റൈൻസ് അടക്കമുള്ളവരുടെ പരിശീലകനായ പോൾ ഹെയ്മൻ. ഇപ്പോൾ ധോണിക്കൊരു വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹെയ്മൻ.

എം.എസ് ധോണിയുടെ ക്രിക്കറ്റ് റെക്കോർഡുകളെല്ലാം റോമൻ റൈൻസ് തകർക്കുമെന്നാണ് മുന്നറിയിപ്പ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഹെയ്മന്റെ വെല്ലുവിളി. ''എം.എസ് ധോണി ക്രിക്കറ്റ് മൈതാനത്ത് കുറിച്ച റെക്കോർഡുകളെല്ലാം എന്റെ സ്വന്തം റോമൻ റൈൻസ് ഇടിച്ചുതകർക്കും. അത് എല്ലാവരും അംഗീകരിച്ചോളണം.''-ഇങ്ങനെയായിരുന്നു സ്‌റ്റോറിയിലെ വാചകങ്ങൾ.

ഇതിനുമുൻപും ധോണിയെക്കുറിച്ച് പോൾ ഹെയ്മൻ സംസാരിച്ചിട്ടുണ്ട്. 2019ലായിരുന്നു ഇത്. പോൾ ഹൈമന്റെ പ്രശസ്തമായൊരു പരസ്യവാചകം കടമെടുത്ത് രാജ്യാന്തര ക്രിക്കറ്റ് സമിതി(ഐ.സി.സി) സോഷ്യൽ മീഡിയയിൽ ധോണിയെ പ്രകീർത്തിച്ച് ഒരു കുറിപ്പിട്ടിരുന്നു. ഇതിനോടായിരുന്നു ഹെയ്മന്റെ പ്രതികരണം. Eat. Sleep. Finish games. Repeat. Life as @msdhoni എന്നാണ് ഐ.സി.സിയുടെ ലോകകപ്പ് ഹാൻഡിലിൽ ട്വീറ്റ് ചെയ്തത്. റെസ്ലിങ് ഇതിഹാസം ബ്രോക്ക് ലെസ്‌നറുടെ 'വിജയമന്ത്ര'യായി ഹെയ്മൻ പരിചയപ്പെടുത്തിയ Eat, sleep, conquer, repeat എന്ന വാചകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു ഐ.സി.സിയുടെ പോസ്റ്റ്.

ഇതിനോട് തമാശ കലർന്ന പ്രതികരണമായിരുന്നു ഹെയ്മന്റേത്. വിസ്മയിപ്പിക്കുന്ന എം.എസ് ധോണിയെ പ്രകീർത്തിക്കാനായി ഡബ്ല്യു.ഡബ്ല്യു.ഇ, യൂനിവേഴ്‌സൽ ചാംപ്യൻ ബ്രോക്ക് ലെസ്‌നർക്കു വേണ്ടിയുള്ള എന്റെ വിജയമന്ത്ര പരാവർത്തനം ചെയ്ത ഐ.സി.സി ക്രിക്കറ്റ് വേൾഡ് കപ്പിന് എന്റെ എല്ലാവിധ ആത്മാർത്ഥമായ(ആത്മാർത്ഥതയില്ലാത്ത) ഭാവുകങ്ങൾ എന്നാണ് ഹെയ്മൻ പ്രതികരിച്ചത്. റോയൽറ്റി പണമായോ ചെക്കായോ ക്രിപ്‌റ്റോ കറൻസിയായോ ഓഹരിയായോ എല്ലാം അടക്കാവുന്നതാണെന്നും അദ്ദേഹം കുറിച്ചു.

Summary: My Tribal Chief Roman Reigns would smash MS Dhoni's numbers on cricket field, claims veteran wrestling manager Paul Heyman

Similar Posts