Sports
അമ്പോ മുംബൈ..! കൊല്‍ക്കത്തയെ വീഴ്ത്തിയത് പത്ത് റണ്‍സിന്
Sports

അമ്പോ മുംബൈ..! കൊല്‍ക്കത്തയെ വീഴ്ത്തിയത് പത്ത് റണ്‍സിന്

Suhail
|
13 April 2021 4:05 PM GMT

ഇതാണ് മുംബൈ..! തോറ്റെന്ന് കരുതുന്ന മത്സരത്തിൽ പോലും അവിശ്വസനീയമായി ജയിച്ച് വരും. അവസാന ഓവർ വരെ ആവേശമുറ്റി നിന്ന മത്സരത്തിൽ പത്ത് റൺസിനാണ് മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ തറപറ്റിച്ചത്.

സ്കോർ: മുംബൈ ഇന്ത്യൻസ്: 152-10 (20 ഓവർ), കൊൽക്കത്ത: 142-7 (20)

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ ആന്ദ്രേ റസലിന്റെ നേതൃത്വത്തിലുള്ള ബൗളിങ് പട നിശ്ചിത ഓവറിൽ 152 റൺസിന് തളക്കുകയായിരുന്നു. രണ്ട് ഓവറിൽ പതിന‍ഞ്ച് റണ്സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകളാണ് ആന്ദ്രേ റസൽ പിഴുതത്. എന്നാൽ മറുപടി ബാറ്റിങ്ങിൽ കൊൽക്കത്തയുടെ നാല് വിക്കറ്റ് കൊയ്ത രാഹുൽ ചഹാറും ട്രെന്റ് ബോൾട്ടും അതേ നാണയത്തിൽ തിരിച്ചടി നൽകിയപ്പോൾ, കൊൽക്കത്തയുടെ പോരാട്ടം നിശ്ചിത ഓവറിൽ 142 റൺസിന് അവസാനിക്കുകയായിരുന്നു.

താരതമ്യേന ചെറിയ സ്കോറിലേക്ക് ബാറ്റ് വീശിയ കൊൽക്കത്തക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ നിതീഷ് റാണയും (47 പന്തിൽ 57) ശുഭ്മാൻ ​ഗിലും (24 പന്തിൽ 33) നൽകിയത്. 72 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഇരുവരും നൈറ്റ് റൈഡേഴ്സിനായി നേടിയത്. എന്നാൽ പിന്നീടങ്ങോട്ട് വിക്കറ്റുകൾ നിര നിരയായി വീഴുന്നതാണ് കണ്ടത്.

കൊൽക്കത്ത നിരയിൽ ഓപ്പണർ‌മാരൊഴികെ വേറാരും രണ്ടക്കം തികച്ചില്ല. നായകൻ ഇയോൻ മോർ​ഗൻ ഏഴ് റൺസിന് പുറത്തായി. ശാഖിബ് അൽ ഹസൻ (9), രാഹുൽ ത്രപാഠി (5), റസൽ (9) കമ്മിൻസ് (പൂജ്യം) എന്നിങ്ങനെയാണ് കൊൽക്കത്തക്കായി മറ്റുള്ളവരുടെ സമ്പാദ്യം. ദിനേശ് കാർത്തികും (8 നോട്ടൗട്ട്) ഹർഭജനും (2) പുറത്താകാതെ നിന്നു.

അവസാന ഓവറിൽ തുടരെ രണ്ട് വിക്കറ്റ് എടുത്ത ട്രെന്റ് ബോൾട്ടാണ് കൊൽക്കത്തയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി കളി മുംബൈയുടെ വരുതിയിലാക്കിയത്.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത മുംബൈക്കായി സൂര്യകുമാർ യാദവും (36 പന്തിൽ 56) നായകൻ രോഹിത് ശർമയും (32 പന്തിൽ 43) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. ഏറെ പ്രതീക്ഷയോടെ ടീമിനൊപ്പം ചേർന്ന സ്റ്റാർ പ്ലേയർ ക്വിന്റൻ ഡികോക് (2) നിലയുറപ്പിക്കും മുന്നേ ക്രീസ് വിട്ടപ്പോൾ സ്കോർ ബോർഡിൽ രണ്ട് ഓവറിൽ പത്ത് റൺസ്. ഹാർദിക് പാണ്ഡ്യയും ക്രുണാൽ പാണ്ഡ്യയും പതിനഞ്ച് റൺസ് വീതമെടുത്ത് പുറത്തായി.

ഇഷാൻ കിഷൻ (1), പൊള്ളാർഡ് (5), ജൻസൻ (പൂജ്യം), ചഹാർ (8), ബുംറ (പൂജ്യം) എന്നിവർ വന്നതും പോയതും ഒന്നിച്ചായിരുന്നു. കൊൽക്കത്തക്ക് വേണ്ടി റസലിന് പുറമെ, പാറ്റ് കമ്മിൻസ് രണ്ട് വിക്കറ്റെടുത്തു. വരുൺ ചക്രവർത്തിയും സാഖിബ് അൽ ഹസനും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റ് വീതമെടുത്തു.

Similar Posts