Sports
ചരിത്രത്തിലേക്കൊരു തീപ്പന്ത്; വനിതാ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് മുംബൈ ഇന്ത്യന്‍സ് താരം
Sports

ചരിത്രത്തിലേക്കൊരു തീപ്പന്ത്; വനിതാ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് മുംബൈ ഇന്ത്യന്‍സ് താരം

Web Desk
|
6 March 2024 7:48 AM GMT

ഇതാദ്യമായാണ് വനിതാ ക്രിക്കറ്റിൽ ഒരു താരം 130 കിലോമീറ്റർ വേഗം പിന്നിടുന്നത്

130 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്ന താരങ്ങൾ ക്രിക്കറ്റ് ലോകത്ത് നിരവധിയാണ്. എന്നാൽ വനിതാ ക്രിക്കറ്റിലോ? വനിതാ ക്രിക്കറ്റില്‍ അത് റെക്കോർഡ് വേഗമാണ്. കഴിഞ്ഞ ദിവസം വുമൺസ് പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസ് മത്സരത്തില്‍ ഷബ്‌നിം ഇസ്മാഈല്‍ എന്ന ദക്ഷിണാഫ്രിക്കക്കാരി ഒരു തീപ്പന്തെറിഞ്ഞു.

132.1 കി.മി വേഗതയിലാണ് ഷബ്‌നിമിന്‍റെ പന്ത് പാഞ്ഞത്. വനിതാ ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു താരം ഇത്രയും വേഗത്തില്‍ പന്തെറിയുന്നത്. മത്സരത്തിലെ മൂന്നാം ഓവറിലെ രണ്ടാം പന്തിലാണ് ഷബ്‌നിം റെക്കോർഡ് ബുക്കിൽ തന്റെ പേരെഴുതിച്ചേർത്തത്. ഷബ്‌നിമിന്റെ പന്ത് നേരിടാൻ ക്രീസിലുണ്ടായിരുന്നത് ഡൽഹി ക്യാപ്റ്റൻ മെഗ്‌ ലാനിങ്. ലാനിങ് പാഴാക്കിയ പന്ത് പാഡിൽ കൊണ്ടു. എല്‍.ബി.ഡബ്ല്യുവിനായി ഷബ്നിം അപ്പീൽ ചെയ്‌തെങ്കിലും അമ്പയർ വിക്കറ്റ് അനുവദിച്ചില്ല.

ഇതാദ്യമായാണ് വനിതാ ക്രിക്കറ്റിൽ ഒരു താരം 130 കിലോമീറ്റർ വേഗം പിന്നിടുന്നത്. നേരത്തേ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ 128.3 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ് ഷബ്നിം തന്നെയാണ് വേഗപ്പന്തിന്‍റെ റെക്കോർഡ് കൈവശം വച്ചിരുന്നത്. തന്‍റെ റെക്കോർഡ് തന്നെയാണിപ്പോള്‍ താരം പഴങ്കഥയാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലും വനിതാ താരങ്ങൾക്കിടയിൽ വേഗ റെക്കോർഡ് ഷബ്‌നിമിന്റെ പേരിൽ തന്നെയാണ്. 2016 ൽ വിൻഡീസിനെതിരെ 128 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ ഷബ്‌നിമിനെ ഇതുവരെ ആര്‍ക്കും മറികടക്കാനായിട്ടില്ല.

റെക്കോർഡ് ബുക്കിൽ ഇടംനേടിയെങ്കിലും ഡൽഹിക്കെതിരായ മത്സരത്തിൽ ഷബ്‌നിമിന്റെ തീപ്പന്തുകൾ മുംബൈയെ കാത്തില്ല. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്തത് ഡൽഹിയാണ്. കളിയില്‍ നാലോവർ എറിഞ്ഞ ഷബ്‌നിം 46 റൺസാണ് വിട്ട് നൽകിയത്. ആദ്യ രണ്ടോവറിൽ മികച്ച രീതിയിൽ പന്തെറിഞ്ഞെങ്കിലും മൂന്നാം ഓവറിൽ ഇന്ത്യൻ താരം ഷഫാലി വർമ ഷബ്‌നിമിനെ തുടരെ സിക്‌സർ പായിച്ചു. മത്സരത്തിൽ ഡൽഹി ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈക്ക് 163 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

കഴിഞ്ഞ വർഷം മെയ്യില്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഷബ്‌നിം ഇസ്മാഈല്‍ വിരമിച്ചിരുന്നു. ടി20 ലോകകപ്പിന് ശേഷമാണ് 16 വർഷം നീണ്ട തന്റെ കരിയർ താരം അവസാനിപ്പിച്ചത്. മുഴുവൻ ഫോർമാറ്റുകളിലുമായി 241 മത്സരങ്ങളിൽ നിന്ന് 317 വിക്കറ്റാണ് താരത്തിന്റെ സമ്പാദ്യം. നിലവില്‍ വിവിധ ടി 20 ലീഗുകളില്‍ സജീവമാണ് താരം.

Similar Posts