Sports
ഇഷാൻ സൂര്യ ഷോ; ദിൽസേ മുംബൈ
Sports

ഇഷാൻ സൂര്യ ഷോ; ദിൽസേ മുംബൈ

Web Desk
|
3 May 2023 3:54 PM GMT

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് മുംബൈ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന് ജയിക്കുന്നത്

മൊഹാലി: കൂറ്റനടികളുമായി കളംനിറഞ്ഞ ഇഷാന്‍ കിഷന്‍റേയും സൂര്യകുമാര്‍യാദവിന്‍റേയും തകര്‍പ്പന്‍ പ്രകടനങ്ങളുടെ മികവില്‍ പഞ്ചാബ് ഉയര്‍ത്തിയ റണ്‍മല മറികടന്ന് മുംബൈ. പഞ്ചാബ് ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം മുംബൈ ഒരോവര്‍ ബാക്കി നില്‍ക്കേ മറികടന്നു. ആറ് വിക്കറ്റിനാണ് മുംബൈയുടെ വിജയം. മൊഹാലിയില്‍ ഇതാദ്യമായാണ് ഒരു ടീം ഐ.പി.എല്ലില്‍ 200 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുന്നത്.

ഇഷാന്‍ കിഷന്‍ 41 പന്തില്‍ 75 റണ്‍സ് എടുത്തപ്പോള്‍ സൂര്യ 31 പന്തില്‍ 66 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച തിലക് വര്‍മയും ടിം ഡേവിഡും ചേര്‍ന്നാണ് മുംബൈയെ വിജയതീരമണച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് മുംബൈ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന് ജയിക്കുന്നത്. വിജയത്തോടെ പോയിന്‍റ് ടേബിളില്‍ മുംബൈ ആറാം സ്ഥാനത്തേക്ക് കയറി.

മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ സംപൂജ്യനായി മടങ്ങിയെങ്കിലും പിന്നീടെത്തിയ ബാറ്റര്‍മാരെല്ലാം മുംബൈക്കായി തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. കാമറൂണ്‍ ഗ്രീന്‍ പുറത്തായ ശേഷം ക്രീസിലൊന്നിച്ച ഇഷാന്‍ സൂര്യ ജോഡി നാലാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. അര്‍ഷദീപ് സിങ് അടക്കം പഞ്ചാബ് നിരയിലെ പേര് കേട്ട ബൌളര്‍മാരൊക്കെ മുംബൈ ബാറ്റര്‍മാരുടെ ചൂടറിഞ്ഞു. നാലോവറില്‍ അര്‍ഷദീപ് സിങ് 66 റണ്‍സാണ് വിട്ട് നല്‍കിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ടിം ഡേവിഡും തിലക് വര്‍മയും ചേര്‍ന്ന് മുംബൈ വിജയം രാജകീയമാക്കി.

നേരത്തേ അര്‍ധ സെഞ്ച്വറി നേടി ലിയാം ലിവിങ്‌സ്റ്റണിന്റെ പ്രകടനത്തിന്റെ മികവിലാണ് പഞ്ചാബ് കിങ്‌സ് കൂറ്റൻ സ്‌കോർ പടുത്തുയര്‍ത്തിയത്. നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് 214 റൺസെടുത്തു. ലിയാം ലിവിങ്സ്റ്റൺ വെറും 42 പന്തിൽ നാല് സിക്‌സിന്റേയും ഏഴ് ഫോറുകളുടേയും അകമ്പടിയിൽ 82 റൺസെടുത്ത് പുറത്താവാതെ നിന്നു. അഞ്ചാമനായിറങ്ങിയ ജിതേഷ് ശർമ ലിവിങ്സ്റ്റണ് മികച്ച് പിന്തുണയാണ് നൽകിയത്. ജിതേഷ് 49 റൺസെടുത്ത് പുറത്താവാതെ നിന്നു.

നേരത്തേ ടോസ് നേടിയ മുംബൈ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ പ്രഭ്‌സിംറാൻ സിങ്ങിനെ അർഷദ് ഖാൻ കൂടാരം കയറ്റി. പിന്നീട് ക്രീസിൽ ഒത്തു ചേർന്ന ശിഖർ ധവാനും മാത്യു ഷോർട്ടും ചേർന്ന് സ്‌കോർബോർഡ് വേഗത്തില്‍ ചലിപ്പിച്ചു. ഏഴാം ഓവറിൽ ധവാൻ ചൗളക്ക് വിക്കറ്റ് നൽകി മടങ്ങി. 11ാം ഓവറിൽ ഷോർട്ടിനേയും ചൗള കൂടാരം കയറ്റി.

പിന്നീട് ക്രീസിലൊന്നിച്ച ലിവിങ്സ്റ്റണും ജിതേഷ് ശർമയും മുംബൈ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. ഇരുവരും നാലാം വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഈ സീസണിൽ തുടർച്ചയായി നാലാം മത്സരത്തിലാണ് പഞ്ചാബ് സ്‌കോർ 200 കടക്കുന്നത്. ഐ.പി.എല്ലിന്റെ ചരിത്രത്തിൽ ഇത് റെക്കോർഡാണ്.

Similar Posts