Sports
hardik pandya

hardik pandya

Sports

മുംബൈ പുറത്തേക്ക്; ഹര്‍ദിക് മാത്രമാണ് കാരണമെന്ന് ആരാധകരും മുന്‍ താരങ്ങളും

Web Desk
|
4 May 2024 5:43 AM GMT

ഐ.പി.എല്ലിൽ 11 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ മുംബൈ ആകെ ജയിച്ചത് മൂന്നേ മൂന്ന് മത്സരങ്ങളിൽ. എട്ടെണ്ണത്തിൽ അമ്പേ പരാജയം.

'മുംബൈ ഇന്ത്യൻസിന്റെ കഥ ഏറെക്കുറെ ഇവിടെ അവസാനിക്കുകയാണ്. കടലാസിൽ ഈ ടീം ഏറെ മികച്ചതായിരുന്നു. എന്നാൽ കളത്തിൽ അതങ്ങനെയായിരുന്നില്ല'. വാങ്കഡെയിൽ നീണ്ട 12 വർഷങ്ങൾക്ക് ശേഷം മുംബൈയെ കൊൽക്കത്ത തറപറ്റിക്കുമ്പോൾ ഇർഫാൻ പത്താൻ ഇങ്ങനെ പറഞ്ഞവസാനിപ്പിച്ചു.

ഡഗ്ഗൗട്ടിലും മൈതാനത്തുമൊക്കെ ഇതിഹാസങ്ങളുടെ ഒരു നീണ്ട നിരയുണ്ട് മുംബൈക്ക്. മാർക്ക് ബൗച്ചർ, കീറോൺ പൊള്ളാർഡ്, ലസിത് മലിംഗ. മുംബൈ തോൽക്കുമ്പോഴൊക്കെ ഡഗ്ഗൗട്ടിലേക്ക് തിരിയുന്ന ക്യാമറയിലെപ്പോഴും ഈ മൂന്ന് മുഖങ്ങൾ തെളിയും. ക്രിക്കറ്റ് ലോകത്തിന്റെ ചരിത്രം കണ്ട എക്കാലത്തേയും മികച്ച മൂന്ന് ഇതിഹാസങ്ങൾ പരിശീലിപ്പിക്കുന്നൊരു ടീം. ഐ.പി.എല്ലിൽ 11 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ആകെ ജയിച്ചത് മൂന്നേ മൂന്ന് മത്സരങ്ങളിൽ. എട്ടെണ്ണത്തിൽ അമ്പേ പരാജയം.

ഗാലറിയിൽ സ്വന്തം ടീമിന്റെ ക്യാപ്റ്റനെ കൂവിയാർക്കുന്ന ആരാധകർ.. ഡ്രസ്സിങ് റൂമിൽ ക്യാപ്റ്റനെതിരെ തിരിയുന്ന സഹതാരങ്ങൾ.. ക്രിക്കറ്റ് ആരാധകരെ മുഴുവൻ ഞെട്ടിച്ച ടോസ് വിവാദം... അങ്ങനെയങ്ങനെയങ്ങനെ. മുംബൈക്കിത് അക്ഷരാര്‍ത്ഥത്തില്‍ കഷ്ടകാലമാണ്.

ടീമിന്റെ പ്ലേ ഓഫ് സാധ്യതകൾ ഏറെക്കുറേ അവസാനിച്ച് കഴിഞ്ഞു. ഇനിയുള്ള മുഴുവൻ മത്സരങ്ങളിൽ ജയിച്ചാലും മറ്റു ടീമുകളുടെ ഫലങ്ങൾക്കായി കാത്തിരിക്കണം. അവശേഷിക്കുന്നത് നേരിയ പ്രതീക്ഷകൾ മാത്രം. മുംബൈക്കെന്താണ് സംഭവിച്ചത് എന്ന് ആരാധകരോടിപ്പോൾ ചോദിച്ചാൽ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയിലേക്ക് മാത്രം വിരൽ ചൂണ്ടാനാവും അവർ ഒരു പോലെ ആഗ്രഹിക്കുക. ക്രിക്കറ്റ് ഒരു ടീം ഗെയിമാണെന്നും തോൽവിയിൽ മുഴുവൻ താരങ്ങള്‍ക്കും പങ്കുണ്ടെന്നുമൊക്കെ പറയാമെങ്കിലും ആരാധകർ ഇതൊന്നും ചെവിക്കൊള്ളില്ലെന്ന് ഉറപ്പ്. ടീമിന്‍റെ തോല്‍വികള്‍ക്ക് ശേഷം ഗ്രൌണ്ട് വിട്ട് പോകുന്ന ആരാധകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വന്ന് നിന്ന് ഹര്‍ദികിനെ തെറിവിളിക്കുന്നതിപ്പോള്‍ ഒരു സ്ഥിരം കാഴ്ചയാണ്.

തോല്‍വികളില്‍ നിന്ന് മുംബൈ എന്ത് പാഠമാണ് പഠിച്ചത്. ഇതുവരെയൊന്നും പഠിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വിക്കറ്റ് വീണ് മടങ്ങുമ്പോള്‍ .. കളി തോല്‍ക്കുമ്പോള്‍.. ഹര്‍ദികിന് പ്രത്യേകിച്ച് ഭാവ വ്യത്യാസങ്ങളൊന്നുമില്ല. ''ഒരു കളി തോൽക്കുന്നു. കളിക്ക് ശേഷം നിങ്ങൾ മനോഹരമായി പുഞ്ചിരിക്കുന്നു. അടുത്ത കളി ഇതേ അസംബന്ധങ്ങൾ ആവർത്തിക്കുന്നു. ഇവരുടെയൊക്കെ മനസ്സിൽ എന്താണെന്നറിയാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട്''; ദക്ഷിണാഫ്രിക്കൻ ബോളിങ് ഇതിഹാസം ഡെയിൽ സ്റ്റെയിൻ ഹർദികിനെ പരോക്ഷമായി വിമർശിച്ച് ഒരിക്കല്‍ എക്‌സിൽ കുറിച്ചത് ഇങ്ങനെയാണ്.

''സ്‌കോർ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഞങ്ങളെങ്ങനെ വിജയിക്കാനാണ്.. ടി20 യിൽ കൂട്ടുകെട്ടുകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഞങ്ങൾക്ക് മൈതാനത്ത് അത് ഉണ്ടാക്കാനാവുന്നില്ല''- പാണ്ഡ്യ പറഞ്ഞവസാനിപ്പിച്ചു. മൈതാനത്ത് മാത്രമല്ല.. ഡഗ്ഗൗട്ടിലും ഡ്രസ്സിങ് റൂമിലുമൊന്നും മുംബൈക്ക് അതുണ്ടാക്കാനാവുന്നില്ലെന്നതാണ് സത്യം.

ദിവസങ്ങൾക്ക് മുമ്പാണ് ഹർദിക് പാണ്ഡ്യയും യുവതാരം തിലക് വർമയും തമ്മിൽ ഡ്രസ്സിങ് റൂമിൽ വാക്കേറ്റമുണ്ടായെന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നത്. ദൽഹിക്കെതിരായ തോൽവിക്ക് ശേഷം തിലകിന്റെ ഷോട്ട് സെലക്ഷനേയും അക്‌സർ പട്ടേലിനെ നേരിട്ട രീതിയെയുമൊക്കെ മുംബൈ നായകൻ രൂക്ഷമായി വിമർശിച്ചിരുന്നു. ഈ മത്സരത്തിൽ 32 പന്തിൽ 63 റൺസ് നേടിയ തിലക് വർമയായിരുന്നു ടീമിന്റെ ടോപ് സ്‌കോറർ. ഹർദികിന്റെ വിമർശങ്ങളോട് തിലക് നീരസം പ്രകടിപ്പിച്ചതാണ് ഡ്രസ്സിങ് റൂമിലെ വാക്കേറ്റങ്ങളിലേക്ക് നയിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ.

തോൽവിയുടെ പാപഭാരം പരസ്യമായി സഹതാരങ്ങളുടെ തലയിൽ കെട്ടിവക്കുന്ന മുംബൈ നായകന്റെ ഈ സീസണിലെ പ്രകടനങ്ങൾ എടുത്ത് നോക്കൂ. 11 മത്സരങ്ങളിൽ നിന്ന് 198 റൺസാണ് ഹർദികിന്റെ ആകെ സമ്പാദ്യം. 19.8 ആണ് ബാറ്റിങ് ആവറേജ്. ഓൾ റൗണ്ടറായിരുന്നിട്ട് പോലും പല മത്സരങ്ങളിലും പന്തെറിയാൻ കൂട്ടാക്കാതിരുന്ന ഹർദിക് പന്ത് കയ്യിലെടുത്തപ്പോഴൊക്കെ കണക്കിന് തല്ലു വാങ്ങിക്കൂട്ടി. 11 മത്സരങ്ങളിൽ നിന്ന് എട്ട് വിക്കറ്റാണ് താരം നേടിയത്. 11 ആണ് എക്കോണമി റൈറ്റ്. 37.12 ആണ് ബോളിങ് ആവറേജ്.

പല മത്സരങ്ങളിലും മുംബൈ തോൽക്കുന്നതിൽ ഹർദികിന്റെ ചില തീരുമാനങ്ങൾക്ക് നിർണായക റോളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കൊൽക്കത്തക്കെതിരായ തോൽവിക്ക് ശേഷം ഹർദികിന്റെ ക്യാപ്റ്റൻസിയെ രൂക്ഷമായാണ് ഇർഫാൻ പത്താൻ വിമർശിച്ചത്. കൊൽക്കത്തയുടെ സ്‌കോർ 57 ന് അഞ്ച് എന്ന നിലയിൽ നിൽക്കേ നമൻ ദീറിന് തുടർച്ചയായി മൂന്നോവർ കൊടുത്തതിനെയാണ് പത്താൻ വിമർശിച്ചത്. ആ സമയം നിങ്ങളുടെ പ്രധാന ബോളർമാരെ കൊണ്ട് വന്ന് വിക്കറ്റ് വീഴ്ത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമായിരുന്നു. എന്നാൽ ടീമിലെ ആറാമത്തെ ഓപ്ഷനായ ബോളറെ തുടരെ മൂന്നോവർ ഏൽപ്പിച്ചു. ഇതിനിടെ മനീഷ് പാണ്‌ഡേയും വെങ്കിടേഷ് അയ്യരും ചേർന്ന് ക്രീസിൽ നിലയുറപ്പിച്ചു. ഇരുവരും ചേർന്ന് മികച്ചൊരു കൂട്ടുകെട്ട് പടുത്തുയർത്തി . ചെറിയ സ്‌കോറിൽ പുറത്താവുമായിരുന്ന കൊൽക്കത്തയെ 169 ലെത്തിക്കാൻ സഹായിച്ചത് ഹർദികിന്റെ തീരുമാനങ്ങളാണെന്ന് പത്താൻ പറഞ്ഞു.

ഹര്‍ദികിനെ അംഗീകരിക്കാന്‍ ടീമിലെ സഹതാരങ്ങള്‍ക്ക് പ്രയാസമുണ്ടെന്നും ടീമിനകത്ത് പല ഗ്രൂപ്പുകളുണ്ടെന്നും പത്താന്‍ കുറ്റപ്പെടുത്തി.

''ഒരു ടീമിനെ സംബന്ധിച്ചിടത്തോളം ക്യാപ്റ്റനാവണം അവസാന വാക്ക്. ക്യാപ്റ്റന്റെ തീരുമാനങ്ങൾ മറ്റു കളിക്കാർ അംഗീകരിക്കണം. എന്നാൽ മുംബൈ താരങ്ങൾ ഹർദികിനെ അംഗീകരിക്കുമെന്ന് തോന്നുന്നില്ല,. ഗ്രൗണ്ടിൽ അവർ ഒറ്റക്കെട്ടായല്ല കളിക്കുന്നത്. ടീമിനകത്ത് പല ഗ്രൂപ്പുകളും ഉണ്ടായിട്ടുണ്ട്''- പത്താൻ പറഞ്ഞു.

പത്താന്റെ അതേ അഭിപ്രായമാണ് മുൻ ഓസീസ് നായകൻ മൈക്കിൽ ക്ലാർക്കിനുമുള്ളത്. പുറമെ കാണുന്നത് പോലെയല്ല. മുംബൈ ടീമിനകത്ത് മറ്റു ചിലത് പുകയുന്നുണ്ടെന്ന് ഉറപ്പാണ്. ടീം ഡ്രസ്സിങ് റൂമിൽ പല ഗ്രൂപ്പുകളാണ്. ഒത്തിണക്കം തീരെ കാണാനാവുന്നില്ല. മികച്ച കളിക്കാരുടെ ഒരു സംഘം ഇങ്ങനെ സ്ഥിരതയില്ലാതെ കളിക്കുന്നത് അപൂർവമാണെന്നും ക്ലർക്ക് കൂട്ടിച്ചേർത്തു.

കൊൽക്കത്തക്കെതിരെ 24 റൺസിന്റെ തോൽവിയാണ് മുംബൈ ഇന്നലെ വഴങ്ങിയത്. കൊൽക്കത്ത ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈ 145 റൺസിന് കൂടാരം കയറി. വാംഖഡേയിൽ ഒരു പതിറ്റാണ്ടിന് ശേഷമാണ് കൊൽക്കത്ത മുംബൈക്കെതിരെ ഒരു വിജയം നേടുന്നത്. 2012 ന് ശേഷം ഒരിക്കൽ പോലും മുംബൈയെ അവരുടെ തട്ടകത്തിൽ തോൽപ്പിക്കാൻ കൊൽക്കത്തക്കായിരുന്നില്ല. ഇതുവരെ വാംഖഡെയിൽ മുംബൈയും കൊൽക്കത്തയും 11 തവണ ഏറ്റുമുട്ടിയപ്പോൾ 9 തവണയും വിജയം മുംബൈക്കൊപ്പം നിന്നു. രണ്ട് തവണയാണ് കൊൽക്കത്ത ജയിച്ച് കയറിയത്. തോൽവിക്ക് ശേഷം പ്ലേ ഓഫ് പ്രതീക്ഷകളെ കുറിച്ച ചോദ്യത്തിന് ഞങ്ങളങ്ങനെ ഈ യുദ്ധക്കളം വിട്ട് പോവില്ലെന്നും ഇനിയും പൊരുതിക്കൊണ്ടേയിരിക്കുമെന്നാണ് മുംബൈ നായകന്‍ ഹർദിക് പറഞ്ഞത്.

Similar Posts