ബംഗളൂരു താരത്തെ 'ചവറെന്ന്' വിളിച്ച് മുരളി കാർത്തിക്; രൂക്ഷ വിമർശനം
|മുരളി കാർത്തിക്കിന്റെ ട്രാഷ്-ട്രഷർ പരാമർശം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണിപ്പോള്‍
കഴിഞ്ഞ സീസൺ ഐ.പി.എല്ലിൽ ആരാധകർക്കിടയിൽ ഏറെ ചർച്ചയായ പേരുകളിൽ ഒന്നായിരുന്നു ഇന്ത്യൻ ബോളർ യാഷ് ദയാലിന്റേത്. ഗുജറാത്ത് ടൈറ്റൻസിന്റെ താരമായിരുന്ന ദയാൽ കൊൽക്കത്തക്കെതിരായൊരു മത്സരത്തിൽ ഒരോവറിൽ വഴങ്ങിയത് അഞ്ച് സിക്‌സുകളാണ്. യുവതാരം റിങ്കു സിങ്ങാണ് യാഷിനെ എയറിലാക്കിയത്. ജയമുറപ്പിച്ച് മുന്നേറുകയായിരുന്നു ഗുജറാത്തിന് ഞെട്ടിക്കുന്ന തോൽവി സമ്മാനിച്ച യാഷിനെതിരെ രൂക്ഷ വിമർശനങ്ങളുയർന്നു. ഈ സംഭവത്തോടെ മാനസികമായി തളർന്ന യാഷിന് ടീം പൂർണ പിന്തുണയാണ് നൽകിയത്. എന്നാൽ ഈ സീസണിൽ താരത്തെ നിലനിർത്താൻ ഗുജറാത്ത് ഒരുക്കമായിരുന്നില്ല. അഞ്ച് കോടിക്ക് യാഷിനെ ഇക്കുറി സ്വന്തമാക്കിയത് ആർ.സി.ബി.
കഴിഞ്ഞ ദിവസം പഞ്ചാബിനെതിരായ മത്സരത്തിൽ റൺസ് വിട്ടു കൊടുക്കാൻ ഏറെ പിശുക്ക് കാട്ടിയ യാഷ് നാലോവറിൽ വഴങ്ങിയത് വെറും 23 റൺസാണ്. ഒരു വിക്കറ്റും താരം തന്റെ പേരിൽ കുറിച്ചു. കമന്ററി ബോക്‌സിൽ ഈ സമയത്തുണ്ടായിരുന്ന മുൻ ഇന്ത്യൻ താരം മുരളി കാർത്തിക്ക് യാഷിനെ വിശേഷിപ്പിച്ചത് ഇങ്ങനെ. 'ഒരു ടീമിന് ചവറായിരുന്നയാൾ മറ്റൊരു ടീമിന് നിധിയായി മാറുന്ന കാഴ്ച'. മുരളി കാർത്തിക്കിന്റെ ട്രാഷ്-ട്രഷർ പരാമർശം ആരാധകരെ ഏറെ ചൊടിപ്പിച്ചു. യാഷിനെ ഓൺ എയറിൽ ചവറെന്ന് വിശേഷിപ്പിച്ച കാർത്തിക് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
നിങ്ങൾക്കെങ്ങനെ ഒരാളെ ഓൺ എയറിൽ ചവറെന്ന് വിശേഷിപ്പിക്കാനാവും എന്നാണ് ചലച്ചിത്ര താരം ഡാനിഷ് സെയ്ത് കുറിച്ചത്. കാർത്തിക്കിന്റെ പരാമർശത്തിന് പിന്നാലെ ആർ.സി.ബിയുടെ സോഷ്യൽ മീഡിയാ അക്കൗണ്ടിലും മറുപടിയെത്തി. 'അവൻ നിധിയാണെന്നാണ്' യാഷിന്റെ ചിത്രം പങ്കുവച്ച് ബംഗംളൂരു കുറിച്ചത്. അധിക്ഷേപിക്കാനായി നടത്തിയ പ്രയോഗമല്ലെങ്കിലും വാവിട്ട വാക്കിന്റെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണിപ്പോൾ മുരളി കാർത്തിക്.