Sports
sahal abdul samad
Sports

"ഐഎസ്‌എൽ കിരീടം നേടാനാണ് മോഹൻബഗാനൊപ്പം ചേർന്നത്, എഎഫ്‌സി സ്വപ്‌നവും സാക്ഷാത്കരിക്കും"; സഹൽ

Web Desk
|
14 July 2023 1:01 PM GMT

മോഹൻ ബഗാനിൽ ഒപ്പിട്ടത് എക്കാലത്തെയും മികച്ച വിവാഹ സമ്മാനമായാണ് തോന്നുന്നതെന്നും സഹൽ പറയുന്നു.

സഹൽ അബ്ദുൾ സമദ് കരാർ ഒപ്പിട്ട വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ച് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. വർഷം രണ്ടര കോടി രൂപയാണ് സഹലിന്റെ പ്രതിഫലം. അഞ്ചുവർഷത്തെ കരാറിനാണ് ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍താരത്തെ മോഹൻബഗാൻ സ്വന്തമാക്കിയത്. ഒരു താരത്തെയും ട്രാന്‍സ്ഫര്‍ ഫീയുമായിരുന്നു മോഹൻബഗാനും ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള ഡീൽ.

സഹലിന് പകരം മോഹൻ ബഗാന്റെ പ്രതിരോധ താരം പ്രീതം കോട്ടാലിനെ ബ്ലാസ്റ്റേഴ്‌സിന് വിട്ടുനൽകിയിട്ടുണ്ട്. മോഹൻ ബഗാൻ ജേഴ്‌സിയിടുന്നതിൽ അഭിമാനമുണ്ടെന്ന് മോഹൻ ബഗാൻ എസ്ജി മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സഹൽ പ്രതികരിച്ചു.

"പച്ച, മെറൂൺ നിറങ്ങൾ ധരിക്കുമ്പോൾ നിങ്ങൾ മറ്റൊരു തലത്തിൽ പ്രവർത്തിക്കാൻ കഴിയുമെന്ന് ഞാൻ കേട്ടിട്ടുണ്ട്. കൂടാതെ, കൊൽക്കത്ത ഡെർബി പലപ്പോഴും എൽ ക്ലാസിക്കോയുടെ അതേ തലത്തിൽ തന്നെയാണ് കണക്കാക്കപ്പെടുന്നത്"; സഹൽ പറയുന്നു.

ഈസ്റ്റ് ബംഗാളിനെതിരായ കൊൽക്കത്ത ഡെർബിയിൽ കളിക്കുന്നതിനെ കുറിച്ചും സഹൽ വിശദീകരിച്ചു. "ഫുട്‍ബോൾ മാച്ചുകൾ കാണുന്നത് എനിക്കൊരു അഡിക്ഷനാണ്. സമയം കിട്ടുമ്പോഴെല്ലാം, ലോകത്തിലെ എല്ലാ പ്രമുഖ ലീഗുകളിലെയും മത്സരങ്ങൾ കാണാൻ ഞാൻ ശ്രമിക്കാറുണ്ട്. കൊൽക്കത്ത ഡെർബി സമയത്ത് അന്തരീക്ഷം എങ്ങനെയാണ് മാറും എന്നത് ടിവിയിൽ കണ്ടുതന്നെ ഞാൻ മനസിലാക്കിയിട്ടുണ്ട്"

"ഗാലറിയിൽ ഇരുന്ന് ഡെർബി ഇതുവരെ കണ്ടിട്ടില്ല. എന്നാൽ മോഹൻ ബഗാന് വേണ്ടി ആ മത്സരത്തിൽ കളിക്കാനാകുമെന്നത്തിൽ വലിയ സന്തോഷമുണ്ട്. ഞങ്ങളുടെ ടീമിനെ പ്രോത്സാഹിപ്പിക്കുന്ന ആരാധകരാൽ സ്റ്റേഡിയം നിറഞ്ഞിരിക്കും. ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ ജയിക്കണം എന്നല്ലാതെ മറ്റൊരു ചിന്തയും എന്റെ മനസ്സിൽ വരാറില്ല. ജയിക്കുക... ജയിക്കുക.. ഇത് മാത്രമാണ് ഉള്ളിൽ. ഡെർബിയിലും ഇതേ ചിന്ത തന്നെയായിരിക്കുമെന്ന് ഉറപ്പുണ്ട്"

മോഹൻ ബഗാനൊപ്പം ഐഎസ്‌എൽ ട്രോഫി നേടാനാണ് ആഗ്രഹിക്കുന്നതെന്നും സഹൽ പറഞ്ഞു. 'കുറച്ച് ദിവസം മുൻപാണ് എന്റെ വിവാഹം കഴിഞ്ഞത്. എന്റെ ഭാര്യ ഒരു ബാഡ്മിന്റൺ പ്ലയെർ ആണ്. മോഹൻ ബഗാനിൽ ഒപ്പിട്ടത് എക്കാലത്തെയും മികച്ച വിവാഹ സമ്മാനമായാണ് എനിക്ക് തോന്നുന്നത്. കഴിഞ്ഞ സീസണിൽ മോഹൻബഗാൻ ഐഎസ്എൽ കിരീടം നേടിയിരുന്നു. ഞങ്ങൾക്ക് രണ്ട് ലോകകപ്പ് കളിക്കാരുണ്ട്. യൂറോപ്പ ലീഗ് കളിച്ചവരും കൂട്ടത്തിലുണ്ട്. ഇനി അവരോടൊപ്പം ഞാനും കളിക്കും.

മൂന്ന് കപ്പ് നേടാൻ ഇന്ത്യയെ സഹായിച്ച ഇന്ത്യൻ ദേശീയ ടീമിലെ അഞ്ച് അംഗങ്ങൾ ടീമിലുണ്ട്. എന്റെ കരിയറിൽ ഒരിക്കലും ഐഎസ്എൽ കിരീടം നേടിയിട്ടില്ല. ഈ ട്രോഫി നേടാനായാണ് മോഹൻ ബഗാനിൽ ഒപ്പിട്ടത്. ടീം കൂടുതൽ മെച്ചപ്പെടുമെന്നും ഐഎസ്എൽ ട്രോഫി നേടുകയെന്ന എന്റെ സ്വപ്നം സാക്ഷാത്കരിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു"; സഹൽ പറഞ്ഞു.

എഎഫ്‌സി കപ്പിൽ കളിക്കാനുള്ള തന്റെ സ്വപ്നങ്ങളും സഹൽ പങ്കുവെച്ചു. മോഹൻ ബഗാൻ മാനേജ്‌മെന്റ് എന്നെ ബന്ധപ്പെട്ടപ്പോൾ, ഇന്ത്യയുടെ ഏറ്റവും മികച്ച ടീമാകാനും ഏഷ്യയിലെ ഏറ്റവും മികച്ച ടീമുമായി മത്സരിക്കാനുമുള്ള അവരുടെ പദ്ധതികൾ എന്നോട് പങ്കുവെച്ചിരുന്നു. ക്ലബ്ബിന്റെ ഈ സ്വപ്നവുമായി യോജിച്ചുപോകാനാണ് എന്റെ ആഗ്രഹം.

ഇന്ത്യക്കായി നിരവധി അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്, പക്ഷേ, എഎഫ്‌സി കപ്പിൽ ഒരിക്കലും കളിച്ചിട്ടില്ല. വരാനിരിക്കുന്ന സീസണിന്റെ തുടക്കത്തിൽ എനിക്കാ അവസരം ലഭിക്കും. കിട്ടുന്ന അവസരം പരമാവധി പ്രയോജനപ്പെടുത്തണം. മത്സരങ്ങൾ കഠിനമായേക്കാം, പക്ഷേ ക്ലബ്ബിനെ എഎഫ്‌സി കപ്പ് ചാമ്പ്യന്മാരാക്കുകയെന്നതാണ് എന്റെ സ്വപ്നം; സഹൽ പറഞ്ഞു.

മോഹൻ ബഗാനുമായി ഒപ്പിടുന്നതിന് മുമ്പ് ഞാൻ യഥാർത്ഥത്തിൽ ഇഗോർ സ്റ്റിമാക്കുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റ അനുഗ്രഹം വാങ്ങിയാണ് മടങ്ങിയത്. കൂടുതൽ മെച്ചപ്പെടാനും ക്ലബ്ബിനെ വിജയിപ്പിക്കാനും അദ്ദേഹമെന്നെ പ്രേരിപ്പിച്ചു. ഐ എം വിജയനും ജോ പോൾ അഞ്ചേരിയും ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള നിരവധി താരങ്ങൾ എനിക്ക് മുമ്പ് കൊൽക്കത്തയിൽ കളിച്ച് വിജയിച്ചിട്ടുണ്ട്.

സന്തോഷ് ട്രോഫിയിലെ മികച്ച പ്രകടനത്തിന് പിന്നാലെ, 2018 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബി ടീമിലൂടെയാണ് സഹൽ കേരള ക്ലബിലെത്തിയത്. 2018 മുതൽ 2023 വരെ ബ്ലാസ്റ്റേഴ്‌സിനായി 92 കളികളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. പത്തു ഗോളും നേടി. ഇന്ത്യൻ ടീമിലും സ്ഥിരസാന്നിധ്യമാണ്. ഈയിടെ അവസാനിച്ച സാഫ് കപ്പിലും ഇന്റർകോണ്ടിനന്റൽ കപ്പിലും ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇന്ത്യൻ ജഴ്‌സിയിൽ 30 മത്സരങ്ങളിൽനിന്ന് മൂന്നു ഗോൾ സ്വന്തമാക്കിയിട്ടുണ്ട്.

Similar Posts