Sports
nadeem arshad and neeraj chopra
Sports

വെറുപ്പ് തോല്‍ക്കുന്നു.. ഇവര്‍ ചിരിക്കുമ്പോള്‍

Web Desk
|
9 Aug 2024 12:55 PM GMT

ബുഡാപെസ്റ്റില്‍ വച്ച് അന്ന് നദീം പറഞ്ഞത് ഒളിമ്പികിസിലും നമ്മള്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഉണ്ടാവുമെന്നാണ്

'അവനും എന്‍റെ മകനാണ്' തന്‍റെ മകന്റെ ഉറച്ച സ്വർണ മെഡല്‍ പ്രതീക്ഷകളെ തകര്‍ത്ത് സ്റ്റേഡേ ഫ്രാന്‍സിന്‍റെ ആകാശത്ത് പാഞ്ഞ ആ ജാവലിന്‍റെ ഉടമ നദീം അര്‍ഷദിനെ ചേർത്തുപിടിക്കുകയായിരുന്നു നീരജ് ചോപ്രയുടെ മാതാവ്. മണിക്കൂറുകള്‍ക്കകം നദീമിന്‍റെ ഉമ്മയുടെ മറുപടിയെത്തി. 'നീരജിന് വേണ്ടി ഞാന്‍ പ്രാർത്ഥിച്ചിരുന്നു. അവൻ നദീമിന് ഒരു സഹോദരനെപ്പോലെയാണ്. ദൈവം അയാളെ ഉയരങ്ങളിലെത്തിക്കട്ടെ. ഒരുപാട് വിജയങ്ങൾ നൽകട്ടെ, ഇനിയും നിരവധി മെഡലുകൾ നേടാന്‍ കഴിയട്ടെ" . അതിര്‍ത്തികള്‍ കടന്ന് വെറുപ്പ് പടംവിരിച്ച കാലത്ത് മാനവികതക്ക് മുന്നില്‍ ഇതാ രണ്ട് വലിയ സന്ദേശങ്ങള്‍.

നീരജ് ചോപ്ര. ഇന്ത്യന്‍ കായിക ചരിത്രം കണ്ട എക്കാലത്തേയും മികച്ച അത്ലറ്റുകളില്‍ ഒരാള്‍. പതിറ്റാണ്ടുകളായി ഒളിമ്പികിസ് അത്ലറ്റിക്സില്‍ ഒരു സ്വര്‍ണമെന്ന ഇന്ത്യക്കാരുടെ പ്രതീക്ഷകളെ പൂവണിയിച്ചവന്‍. പി.ടി ഉഷക്കും മില്‍ഖാ സിങ്ങിനുമൊന്നും കഴിയാത്തത് രാജ്യത്തിന്‍റെ കായിക ചരിത്രത്തില്‍ സാധ്യമാക്കിയവന്‍. ആ പൊന്ന് ട്രാക്കിലും ഫീല്‍ഡിലും ഇന്ത്യന്‍ കുപ്പായമണിയുന്ന താരങ്ങള്‍ക്ക് നല്‍കിയ ഊര്‍ജം ചെറുതല്ല. അത് കൊണ്ടാണ് പാരീസില്‍ വെള്ളിയണിയുമ്പോഴും ഇന്ത്യന്‍ ആരാധകരുടെ ഉള്ളില്‍ നിരാശ പടരുന്നത്. അതൊരുറച്ച പൊന്നായിരുന്നല്ലോ എന്ന് മനസ്സ് മന്ത്രിക്കുന്നത്.

2020 ല്‍ ടോക്യോവില്‍ നീരജിനൊപ്പം മത്സരിക്കാന്‍ അര്‍ഷദുണ്ടായിരുന്നു. അന്ന് 84 .62 മീറ്റര്‍ ദൂരമെറിഞ്ഞ് അഞ്ചാമതായാണ് നദീം ഫിനിഷ് ചെയ്തത്. അന്ന് മുതലേ ഇരുവരും ഉറ്റ ചങ്ങാതിമാരാണ് ടോക്യോ ഒളിമ്പിക്സിന് ശേഷം നിരവധി ലോകവേദികളില്‍ ഇരുവരും മെഡലിനായി പരസ്പരം പോരാടിച്ചു. ചിലപ്പോഴൊക്കെ പോഡിയത്തില്‍ ഒരുമിച്ചെത്തി. ഇരുരാജ്യങ്ങളുടേയും പതാകകളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്തു. ഇതിനിടെ സൗഹൃദങ്ങൾ കൂടുതൽ ദൃഢമായി. ഇരുവരുടേയും കുടുംബങ്ങളിലേക്കും ആ സ്‌നേഹ വായ്പ് പടർന്നു. പാരീസ് ഒളിമ്പിക്‌സിലും ജാവ്ലിനില്‍ ലോകത്തിലെ ഏറ്റവും മികച്ച രണ്ട് അത്ലറ്റുകളുടെ പോരാട്ടമായിരുന്നു. ആദ്യ റൌണ്ടില്‍ ഒറ്റയേറില്‍ നീരജ് ഫൈനലുറപ്പിക്കുമ്പോള്‍ രാജ്യത്തിന്‍റെ പ്രതീക്ഷകള്‍ വാനോളമുയര്‍ന്നു. എന്നാല്‍ ഫൈനലില്‍ കഥ മാറി. രണ്ട് തവണയാണ് അര്‍ഷദിന്‍റെ ജാവ്ലിന്‍ 90 മീറ്റര്‍ കടന്ന് പാഞ്ഞത്. സ്റ്റേ ഡേ ഫ്രാന്‍സില്‍ അയാള്‍ മുഖംപൊത്തിക്കരഞ്ഞു. അയാളുടെ കണ്ണീരിന് പറയാന്‍ കഥകളൊരുപാടുണ്ടായിരുന്നു.

സ്വന്തമായി ഒരു ജാവ്ലിന്‍ വാങ്ങാന്‍ പോലും കാശില്ലാത്ത കാലം. സുമനുസകളുടെ സഹായങ്ങള്‍ കൊണ്ട് ലോക വേദികളില്‍ മത്സരിക്കാന്‍ എത്തിയവന്‍. ഇന്നലെകളില്‍ അയാളെയേറ്റെടുക്കാന്‍ സ്പോണ്‍സര്‍മാര്‍ പോലുമില്ലായിരുന്നു. ഒരൊറ്റ ജാവ്ലിന്‍ മാത്രം കയ്യില്‍ വച്ച് ചിലപ്പോഴൊക്കെ ലോകവേദികളിലെത്തുന്നതിനെ കുറിച്ച് നീരജ് ചോപ്ര പോലും മനസ്സ് തുറന്നിട്ടുണ്ട് . പരാധീനതകളോട് പടവെട്ടിയാണ് ആ 27 കാരന്‍ ജാവലിന്‍റെ ആകാശദൂരം താണ്ടിയത്. ഒരു പരിശീലകന്റേയും സഹായമില്ലാതെ സ്വപ്രയത്‌നത്തിൽ മുന്നേറി. മറ്റു താരങ്ങൾ ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് വിദേശ രാജ്യങ്ങൾ പരിശീലനത്തിനായി തിരഞ്ഞെടുക്കുമ്പോള്‍ സ്വന്തം നാട്ടിൽതന്നെ ജാവലിൻ പ്രാക്ടീസ് ചെയ്തു. വിമാനം കയറാന്‍ പണമില്ലന്നത് തന്നെ കാരണം. ഒരു സമയത്ത് ജാവലിൻ വാങ്ങാൻ സോഷ്യൽ മീഡിയയിൽ പോലും സഹായാഭ്യർത്ഥന നടത്തിയിരുന്നു അര്‍ഷദ് എന്നോര്‍ക്കണം. ഒടുക്കം പരാധീനതകളെ മുഴുവന്‍ മറികടന്ന് അയാളുടെ ജാവ്ലിന്‍ പാരീസിന്റെ മണ്ണിൽ പൊന്നണിഞ്ഞിരിക്കുന്നു.

2016 ദക്ഷിണേഷ്യന്‍ ഗെയിംസിലാണ് നീരജും നദീമും തമ്മിലുള്ള ''സൗഹൃദ'' മത്സരം ആരംഭിക്കുന്നത്. അവിടുന്നിങ്ങോട്ട് എട്ട് വർഷത്തിനിടെ ഒരിക്കൽ പോലും പാക് താരത്തിന് നീരജിന്‍റെ ദൂരം താണ്ടാനായിരുന്നില്ല. പാരീസ് ഒളിമ്പിക്സിന് മുമ്പ് പത്ത് തവണ ഇരുവരും നേര്‍ക്കുനേര്‍ വന്നു. അന്നൊക്കെ നീരജിന്‍റെ ജാവ്ലിന്‍ സ്വപ്നദൂരം താണ്ടി. അപ്പൊഴോന്നും ഇരുവരുടേയും സൌഹൃദത്തിന് ഒരിളക്കവും സംഭവിച്ചിട്ടില്ല. സാമ്പത്തിക പ്രയാസമുണ്ടായപ്പോഴൊക്കെ നീരജ് അര്‍ഷദിനെ ചേര്‍ത്തുപിടിച്ചു.

നീരജ് സമ്മാനിച്ച ജാവലിൻ ഉപയോഗിച്ചാണ് അർഷാദ് ഒരുപാട് നാൾ പരിശീലിച്ചത്. ബുഡാപെസ്റ്റ് ലോക ചാമ്പ്യൻഷിപ്പിനിടെയാണ് ഇരുവരുടേയും സൗഹൃദത്തെ ലോകം കൗതുകത്തോടെ നോക്കി നിന്നത്. അന്ന് ലോക വേദിയിൽ നീരജ് ഒന്നാമതും നദീം രണ്ടാമതുമായിരുന്നു. ഒരു ലോക വേദിയിൽ ഇന്ത്യയും പാകിസ്താനും ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയതില്‍ അഭിമാനമുണ്ടെന്നായിരുന്നു അന്ന് അർഷദ് പ്രതികരിച്ചത്. അയാള്‍ മറ്റൊന്നുകൂടി അന്ന് പറഞ്ഞുവെച്ചു. പാരീസ് ഒളിമ്പിക്‌സിലും നമ്മള്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുണ്ടാവും. കൃത്യം ഒരുവർഷത്തിന് ശേഷം നദീം പറഞ്ഞതുതന്നെ സംഭവിച്ചു. പക്ഷെ ഇക്കുറി സ്ഥാനങ്ങള്‍ മാറിയെന്ന് മാത്രം.

നിന്റെ ദൂരം മറികടക്കാനുള്ള പോരാട്ടം ഞാൻ ഇവിടം മുതൽ ആരംഭിക്കുന്നു... പാരീസ് ഒളിമ്പിക്‌സിൽ സ്വർണമെഡൽ നേടിയ നദീമിനെ അഭിനന്ദിച്ച ശേഷം നീരജ് ചോപ്ര മനസിൽ പറഞ്ഞത് ഇതായിരിക്കും. 92.97 മീറ്റർ അതൊരു വലിയ ദൂരമായിരുന്നു. ടോക്കിയോയിലെ സ്വർണമെഡൽ ജേതാവായ നീരജിന്റെ പോരാട്ടം 89.45 മീറ്ററിലാണ് അവസാനിച്ചത്. അര്‍ഷദിന്‍റെ ദൂരം മറികടക്കാനുള്ള നീരജിന്റെ ശ്രമങ്ങൾ ഇവിടം മുതൽ ആരംഭിച്ചുകഴിഞ്ഞു. അത്‌ലറ്റിക്‌സ് മെഡൽ സ്വപ്‌നങ്ങളില്‍ പോലുമില്ലാതിരുന്ന ഒരു ജനത, വെള്ളി പോരാ സ്വർണം തന്നെ വേണം എന്ന് ഉറപ്പിച്ച് തുടങ്ങിയിട്ടുണ്ടെങ്കില്‍ അതിന് പിന്നിലെ പ്രതീക്ഷയുടെ പേരാണല്ലോ നീരജ്.

Similar Posts