മറഡോണക്ക് ശേഷം ഇതാദ്യം; ചരിത്രം കുറിച്ച് നാപ്പോളി
|മറഡോണ യുഗത്തിന് ശേഷം തകർന്നടിഞ്ഞ ടീമിന്റെ ഐതിഹാസികമായ ഉയിർത്തെഴുന്നേൽപ്പാണ് ഈ വർഷം ആരാധകർ കണ്ടത്.
ഇറ്റാലിയൻ സീരി എ കിരീടത്തിൽ നാപ്പോളിയുടെ സുവർണ ചുംബനം. കഴിഞ്ഞ ദിവസം ഉദിനെസിനെതിരായ മത്സരത്തിൽ സമനില നേടിയതോടെയാണ് നാപ്പോളി സീരി എ കിരീടത്തിൽ മുത്തമിട്ടത്. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് നാപ്പോളി സീരി എ ചാമ്പ്യന്മാരാവുന്നത്. മറഡോണ യുഗത്തിന് ശേഷം തകർന്നടിഞ്ഞ ടീമിന്റെ ഐതിഹാസികമായ ഉയിർത്തെഴുന്നേൽപ്പാണ് ഈ വർഷം ആരാധകർ കണ്ടത്.
സമനില നേടിയാൽ പോലും കിരീടമുറപ്പിക്കാമെന്നിരിക്കെ കളത്തിലിറങ്ങിയ നാപ്പോളിയെ ആദ്യം വലകുലുക്കി ഉദിനെസ് ഞെട്ടിച്ച് കളഞ്ഞു. എന്നാൽ ടീമിന്റെ സൂപ്പർ താരം വിക്ടർ ഒസിംഹെനിലൂടെ നാപ്പോളി ഗോൾമടക്കി.
ലീഗിൽ അഞ്ച് മത്സരങ്ങൾ ബാക്കി നിൽക്കേയാണ് നാപ്പോളി കിരീടമുറപ്പിച്ചത് എന്നത് തന്നെ ടീം എത്ര ആധികാരികമായാണ് ഈ സീസണിൽ പന്ത് തട്ടിയത് എന്ന് മനസ്സിലാക്കിത്തരും. 33 മത്സരങ്ങൾ കളിച്ച ടീം ആകെ മൂന്ന് മത്സരങ്ങളിലാണ് തോൽവി വഴങ്ങിയത്. 25 മത്സരങ്ങൾ വിജയിച്ചപ്പോൾ അഞ്ച് തവണ സമനിലവഴങ്ങി. 64 പോയിന്റാണ് ടീമിന്റെ സമ്പാദ്യം. രണ്ടാമതുള്ള ലാസിയോയുമായ നാപ്പോളിയുടെ പോയിന്റ് വ്യത്യാസം 16 ആണ്. 21 ഗോളുകൾ നേടിയ ഒസിംഹെനാണ് ടീമിന്റെ ടോപ് സ്‌കോറർ
ഈ നൂറ്റാണ്ടിൽ നാപ്പോളിയുടെ ആദ്യ കിരീടമാണിത്. 1990 ലാണ് ടീം അവസാനമായി കിരീടത്തിൽ മുത്തമിട്ടത്. അന്ന് ഇതിഹാസ താരം മറഡോണ ടീമിനൊപ്പമുണ്ടായിരുന്നു.