ഖുര്‍ആന്‍ തടഞ്ഞുവെച്ചു; ജയിലധികൃതര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി അലക്സി നെവാല്‍നി
|റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുട്ടിന്റെ കടുത്ത വിമർശകനാണ് അലക്സി നെവാൽനി
തന്റെ ഖുർആൻ തടഞ്ഞുവെച്ചെന്ന പരാതിയിൽ ജയിൽ അധികൃതർക്കെതിരെ നിയമ നടപടിക്കൊരുങ്ങി റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നെവാൽനി. ജയിലിൽ മാനുഷികമായ പരിഗണ ലഭിക്കുന്നില്ലെന്ന് പറഞ്ഞ നെവാൽനി മാർച്ച് അവസാനം മുതൽ നിരാഹാര സമരത്തിലാണെന്നും ന്യൂസ് ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
തടവ് ജീവിതത്തിനിടെ ഖുർആൻ ആഴത്തിൽ പഠിക്കാനുദ്ദേശിച്ചിരുന്നു. എന്നാൽ ജയിലധികൃതർ തന്റെ ഖുർആൻ തടഞ്ഞുവെച്ചിരിക്കുകയാണ്. പുസ്തകങ്ങളൊക്കെയും സൂക്ഷമമയി പരിശോധിക്കാതെ തനിക്ക് ലഭ്യമാക്കില്ലെന്നാണ് പറയുന്നത്. അതിനാൽ ജയിൽ ചീഫിനെതിരെ താൻ നിയമനടപടിക്ക് ഒരുങ്ങുകയാണെന്ന് അലക്സി നെവാൽനി പറഞ്ഞു. വായിക്കാനുള്ള അവകാശത്തിനായി നിയമയുദ്ധം നടത്തണമെങ്കിൽ അത് ചെയ്യക തന്നെയാണ് ഉദ്ദേശ്യമെന്നും നെവാൽനി പറഞ്ഞു.
പുറംവേദനയും കാൽ വേദയുമുള്ള തനിക്ക്, ചികിത്സ ലഭ്യമാക്കുന്നില്ലെന്ന് പറഞ്ഞ നെവാൽനി രണ്ടാഴ്ച്ചയായി നിരാഹാര സമരത്തിലാണ്. അദ്ദേഹത്തിന്റെ ഭാരം കുറഞ്ഞതായും ആരോഗ്യം ശോഷിച്ച് വരുന്നതായും ഭാര്യ യൂലിയ നെവാൽനിയ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു.
റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുട്ടിന്റെ കടുത്ത വിമർശകനാണ് അലക്സി നെവാൽനി. ദുരൂഹമായി വിഷബാധയേറ്റതിനെ തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായ നെവാൽനി ജർമനിയിൽ ചികിത്സയിലായിരുന്നു. ജനുവരിയിൽ റഷ്യയിലേക്ക് തിരിച്ചെത്തിയ നെവാല്‍നിയെ ഉടനെ ഗവണ്‍മെന്‍റ് അറസ്റ്റ് ചെയ്യുകയാണുണ്ടായത്.