ഡച്ച് പടയ്ക്ക് ചെക്ക് വച്ച് ചെക്ക് റിപ്പബ്ലിക്ക്; എതിരില്ലാത്ത രണ്ട് ഗോളിന് ചെക്ക് റിപ്പബ്ലിക്ക് ക്വാർട്ടറിൽ
|തോമസ് ഹോള്സാണ് മത്സരത്തിലെ താരം
ബുഡാപെസ്റ്റിന്റെ മണ്ണിൽ ഓറഞ്ച് മരങ്ങൾ തളിരിടാതെ പോയി. യൂറോ കപ്പ് പ്രീ-ക്വാർട്ടറിൽ പോരാട്ടത്തിൽ നെതർലൻഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തകർത്ത് ചെക്ക് റിപ്പബ്ലിക്ക് ക്വാർട്ടറിൽ.
തോമസ് ഹോൾസ്, പാട്രിക് ഷിക്ക് എന്നിവരാണ് ചെക്ക് ടീമിന്റെ ഗോളുകൾ നേടിയത്.
മത്സരത്തിന്റെ 68-ാം മിനിറ്റിൽ തോമസ് ഹോൾസാണ് ചെക്ക് റിപ്പബ്ലിക്കിനായി ആദ്യ ഗോൾ നേടിയത്. കോർണർ കിക്കിൽ നിന്നാണ് ഗോൾ പിറന്നത്. ബോക്സിലേക്കെത്തിയ ബോൾ കലാസ് ഹെഡ് ചെയ്ത് നേരെ ഹോൾസിന്റെ തലപ്പാകത്തിന്. ഒട്ടും വൈകിയില്ല ബോൾ നേരെ ഡച്ച് വലയിൽ.
80-ാം മിനിറ്റിൽ പാട്രിക് ഷിക്കിലൂടെ അവർ ക്വാർട്ടർ ബർത്ത് ഉറപ്പിച്ചു. ഹോൾസിന്റെ മുന്നേറ്റമാണ് ഇത്തവണ ഗോളിന് വഴിയൊരുക്കിയത്. വൈനാൾഡത്തിൽ നിന്നും പന്ത് റാഞ്ചിയ ഗോൾസിന്റെ പാസ് പാട്രിക് ഷിക്ക് വലയിലെത്തിക്കുകയായിരുന്നു. ഇത്തവണത്തെ യൂറോയിൽ ഷിക്കിന്റെ നാലാം ഗോളായിരുന്നു ഇത്. മികച്ച പ്രകടനത്തിലൂടെ ഹോൾസ് മത്സരത്തിലെ താരമാകുകയും ചെയ്തു.
മത്സരത്തിന്റെ ആദ്യപകുതി ഗോൾ രഹിത സമനിലയിൽ കലാശിച്ചിരുന്നു. ആദ്യ പകുതിയിൽ മികച്ച മുന്നേറ്റങ്ങൾ ഇരുടീമിന്റെയും ഭാഗത്ത് നിന്നുണ്ടായെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. തുടർച്ചയായ മുന്നേറ്റങ്ങളിലൂടെ നിറഞ്ഞുകളിച്ചത് ഡച്ച് നിരയായിരുന്നെങ്കിലും മികച്ച പ്രത്യാക്രമണങ്ങളിലൂടെ ചെക്ക് ടീമും വിറപ്പിച്ചു.
മത്സരത്തിന്റെ 55-ാം മിനിറ്റിൽ പന്ത് കൈകൊണ്ട് തൊട്ടതിന് നെതർലൻഡ്സ് താരം ഡിലൈറ്റിന് ചുവപ്പു കാർഡ് ലഭിച്ച് പുറത്തുപോകേണ്ടി വന്നു.