കാത്തുകാത്തിരുന്ന് ഒടുവില്‍ കന്നി ലോക കിരീടം; ചരിത്രമെഴുതി കിവികള്‍
|ന്യൂസിലന്‍ഡിന് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം. നായകൻ കെയിൻ വില്യംസന്റെ അർധ സെഞ്ച്വറി കരുത്തിലാണ് കിവികള്‍ തങ്ങളുടെ രണ്ടാമത്തെ ഐസിസി കിരീടം നേടുന്നത്; ആദ്യത്തെ ലോക കിരീടവും
കാത്തുകാത്തിരുന്ന ലോക കിരീടം ഒടുവില്‍ കിവികളെ തേടിയെത്തി. രണ്ടു വര്‍ഷം മുന്‍പ് ലോക ഏകദിന കിരീടം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടതിന്‍റെ വേദനയ്ക്ക് ഇംഗ്ലീഷ് മണ്ണില്‍ വച്ചുതന്നെ ന്യൂസിലന്‍ഡ് കണക്ക് തീര്‍ത്തു. പ്രഥമ ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടം ന്യൂസിലൻഡിന്. മുന്നിൽനിന്നു നയിച്ച നായകൻ കെയിൻ വില്യംസിന്റെ കരുത്തിലാണ് കിവികൾ കന്നി ലോക ടെസ്റ്റ് കിരീടത്തിൽ മുത്തമിട്ടത്. മഴ അടക്കിഭരിച്ചതിനാൽ മൂന്നു ദിവസത്തിലേക്ക് ചുരുങ്ങിയ കളിയിൽ എട്ടു വിക്കറ്റിന്റെ ന്യൂസിലൻഡ് വിരാട് കോഹ്ലിയുടെ ഇന്ത്യന്‍ പടയെ തകര്‍ത്തത്.
രണ്ടു പതിറ്റാണ്ടിനുശേഷം ആദ്യ ഐസിസി കിരീടം
രണ്ടു പതിറ്റാണ്ടിനുശേഷം ഇതാദ്യമായാണ് ഒരു ഐസിസി കിരീടം ന്യൂസിലൻഡ് സ്വന്തമാക്കുന്നത്. 2000ൽ നേടിയ ചാംപ്യൻസ് ട്രോഫിയാണ് ഇതിനുമുൻപ് കിവികൾ സ്വന്തമാക്കിയ ഒരു ഐസിസി കിരീടം. 2019ലെ ഏകദിന ലോകകപ്പ് ഫൈനലിൽ കപ്പിനും ചുണ്ടിനുമിടയിലാണ് കിരീടം നഷ്ടമായത്. അന്ന് ലോകത്തിന്‍റെ മുഴുവന്‍ കണ്ണീരായിരുന്നു വില്യംസന്‍റെ കിവിപ്പട.
രണ്ടുദിനം മഴ പൂർണമായി കവർന്ന കളിയിൽ എല്ലാവരും സമനില പ്രതീക്ഷിച്ചിടത്തുനിന്നാണ് ബൗളർമാരുടെ മികച്ച പ്രകടനത്തിൽ ന്യൂസിലൻഡിന്റെ കിരീടനേട്ടം. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ ഉയർത്തിയ 139 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന കിവികൾ തുടക്കം മുതൽ തന്നെ അനായാസ വിജയത്തിന്റെ സൂചനകൾ നൽകിയിരുന്നു. എന്നാൽ, ഓപണർമാർ പുറത്തായതിനു ശേഷം ഒന്നിച്ച കെയിൻ വില്യംസണും റോസ് ടെയ്‌ലറും ചേർന്ന് ചരിത്ര വിജയം കുറിക്കുകയായിരുന്നു. 89 പന്തിൽ എട്ടു ബൗണ്ടറികളോടെ വില്യംസനും 100 പന്തിൽ ആറു ബൗണ്ടറികൾ സഹിതം 47 റൺസുമായി ടൈലറും പുറത്താകാതെ നിന്നു.
മഴ നിറഞ്ഞുകളിച്ചു, കളി മൂന്നുദിനത്തിലേക്ക് ചുരുങ്ങി; എന്നിട്ടും കിവീസ്
ഇംഗ്ലണ്ടിൽ സതാംപ്ടണിലെ ഏജിയസ് ബൗൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യദിനം പൂർണമായും മഴയിൽ മുങ്ങിയ ശേഷം രണ്ടാം ദിവസമാണ് കളി ആരംഭിക്കുന്നത്. ടോസ് ലഭിച്ച കിവീസ് നായകൻ ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. തുടർന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ നിരയിൽ ആർക്കും അർധ സെഞ്ച്വറി പോലും തികയ്ക്കാനായിരുന്നില്ല. 49 റൺസുമായി ഉപനായകൻ അജിങ്ക്യ രഹാനെയും 44 റൺസെടുത്ത നായകൻ വിരാട് കോലിയുമായിരുന്നു ഇന്ത്യൻ നിരയിലെ ടോപ്‌സ്‌കോറർമാർ. ഓപണർമാരായ രോഹിത് ശർമ(34), ശുഭ്മൻ ഗില്ലും(28) ചേർന്ന് മികച്ച തുടക്കം നൽകിയതിനു ശേഷമായിരുന്നു ഇന്ത്യയുടെ കൂട്ടത്തകർച്ച. യുവതാരം കെയിൽ ജൈമീസനാണ് കരുത്തുറ്റ ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തുകളഞ്ഞത്. അഞ്ചുവിക്കറ്റ് നേടിയ ജൈമീസന് ഉറച്ച പിന്തുണയുമായി മുൻനിര ബൗളർമാരായ ട്രെന്റ് ബോൾട്ടും ടിം സൗത്തിയും നീൽ വാഗ്നറും ഇന്ത്യയെ വരിഞ്ഞുമുറുക്കിയതോടെ ഇന്ത്യ 217 റൺസിന് പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിൽ ഓപണർമാരായ ടോം ലാഥമും ഡേവൻ കോൺവേയും ശക്തമായ അടിത്തറയാണ് ഒരുക്കിയത്. ലാഥമിനെ പുറത്താക്കി ശക്തമായ നിലയിലേക്കു പോകുമെന്നു തോന്നിച്ച ഓപണിങ് കൂട്ടുകെട്ട് രവിചന്ദ്രൻ അശ്വിൻ തകർത്തെങ്കിലും പിന്നീട് നായകൻ വില്യംസനുമായി ചേർന്നായി കോൺവേയുടെ പോരാട്ടം. രണ്ടാമത്തെ മത്സരം കളിക്കുന്ന കോൺവെ അർധസെഞ്ച്വറി നേടിയ ശേഷമാണ് പുറത്തായത്. പിന്നീട് മുഹമ്മദ് ഷമിയുടെ നേതൃത്വത്തിൽ ഇന്ത്യ തിരിച്ചടിച്ചെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് വില്യംസൺ ന്യൂസിലൻഡിനെ ലീഡിലേക്ക് ഉയർത്തി. 49 റൺസുമായി വില്യംസൺ പുറത്തായെങ്കിലും 249 റൺസുമായി 32 റൺസിന്റെ വിലപ്പെട്ട ലീഡ് ടീം സ്വന്തമാക്കിയിരുന്നു. നാല് വിക്കറ്റുമായി മുഹമ്മദ് ഷമിയാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്.
നടുവൊടിഞ്ഞ് ഇന്ത്യ
ഒന്നര ദിവസം മാത്രം ബാക്കിനിൽക്കെ രണ്ടാം ഇന്നിങ്‌സിൽ കൃത്യമായ പദ്ധതികളോടെയാണ് ഇന്ത്യ ഇറങ്ങിയത്. എന്നാൽ, കിവീസ് ബൗളർമാരുടെ കൃത്യതയ്ക്കു മുന്നിൽ ഇന്ത്യയുടെ പദ്ധതികളെല്ലാം പാളി. മികച്ച നിലയിൽ കളിച്ചുകൊണ്ടിരുന്ന രോഹിത്(30) ടിം സൗത്തിയുടെ പന്തിൽ അപ്രതീക്ഷിതമായി വിക്കറ്റിനു മുന്നിൽ കുടുങ്ങിയതോടെ രണ്ടാം ഇന്നിങ്‌സിലെ ഇന്ത്യൻ തകർച്ചയ്ക്കും തുടക്കമായി. ചേതേശ്വർ പുജാര(15)യും വിരാട് കോലി(13)യും അജിങ്ക്യ രഹാനെ(15)യും കാര്യമായ സംഭാവനകളർപ്പിക്കാതെ കീഴടങ്ങി. തുടർന്ന് റിഷഭ് പന്ത് നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയെ ഒന്നു ശ്രമിച്ചുനോക്കാമെന്ന തരത്തിലുള്ള ടോട്ടലിലെത്തിച്ചത്. മികച്ച കൗണ്ടർ അറ്റാക്കിലൂടെ കളംനിറഞ്ഞ പന്ത് 88 പന്തിൽ നാല് ബൗണ്ടറി സഹിതം 41 റൺസുമായി പുറത്തായതിനു പിറകെ ഇന്ത്യൻ വാലറ്റവും നിരനിരയായി കൂടാരം കയറി. അവസാനത്തിൽ മൂന്ന് ബൗണ്ടറികളോടെ മുഹമ്മദ് ഷമി ഇന്ത്യയെ 170 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിച്ചു. നാല് വിക്കറ്റുമായി സൗത്തിയാണ് ഇന്ത്യൻ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്.
ഇന്ത്യ ഉയർത്തിയ 139 റൺസിന്റെ വിജയലക്ഷ്യം കിവികൾ അനായാസം മറികടക്കുന്നതാണ് പിന്നീട് കണ്ടത്. ഒരു ഘട്ടത്തിലും കിവികൾക്ക് ഭീഷണിയുയർത്താൻ ഇന്ത്യൻ ബൗളർമാർക്കായില്ല. ഓപണർമാരായ ലാഥമും(9) ആദ്യ ഇന്നിങ്‌സിലെ ടോപ്‌സ്‌കോറർ കോൺവെ(19)യും കൂടാരം കയറിയെങ്കിലും മികച്ച കൂട്ടുകെട്ടിലൂടെ കെയിൻ വില്യംസണും റോസ് ടെയ്‌ലറും ചേർന്ന് കിവികൾക്ക് ചരിത്ര വിജയം നേടിക്കൊടുക്കുകയായിരുന്നു.
എട്ടാം ടെസ്റ്റ് മത്സരം കളിച്ച കൈൽ ജൈമീസനാണ് കളിയിലെ താരം. ആദ്യ ഇന്നിങ്‌സിലെ അഞ്ചുവിക്കറ്റ് അടക്കം ഏഴ് വിക്കറ്റാണ് താരം മത്സരത്തിൽ നേടിയത്. ഇന്ത്യയിൽ ഏറെ പ്രതീക്ഷവച്ച ടെസ്റ്റ് സ്‌പെഷലിസ്റ്റ് ചേതേശ്വർ പുജാരയ്ക്കും ഓൾറൗണ്ടർ രവിന്ദ്ര ജഡേജയ്ക്കും ബൗളിങ് നിരയ്ക്കു നേതൃത്വം നൽകിയ ജസ്പ്രീത് ബുംറയും നിരാശപ്പെടുത്തി. രണ്ട് ഇന്നിങ്‌സിലും കാര്യമായ സംഭാവനകളർപ്പിക്കാൻ ഇവർക്കൊന്നും കഴിഞ്ഞില്ല.