Sports
നെയ്മറിനെ വിടാതെ പരിക്കിന്‍റെ ദുര്‍ഭൂതം
Sports

നെയ്മറിനെ വിടാതെ പരിക്കിന്‍റെ ദുര്‍ഭൂതം

Web Desk
|
5 Nov 2024 9:06 AM GMT

എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ ഇസ്തിഗ്ലാൽ എഫ്.സിക്കെതിരെ നെയ്മർ കളത്തിലെത്തിയത് തന്നെ 58ാം മിനിറ്റിലാണ്. 30 മിനിറ്റയാൾ തികച്ച് ഗ്രൗണ്ടിൽ നിന്നിട്ടില്ല

എന്തൊരു വിധിയാണിത്. മൈതാനത്ത് പരിക്കൊരാളെ വേട്ടയാടുന്നതിന് പരിതികളൊന്നുമില്ലേ.. ഏറെ നിസ്സഹായമാണ് ബ്രസീൽ ആരാധകരുടെ ഈ ചോദ്യം. നെയ്മർ ജൂനിയറിന്റെ കാര്യത്തിൽ ആ ചോദ്യത്തിന് പ്രസക്തിയൊന്നുമില്ലെന്ന് തന്നെ പറയേണ്ടി വരും. സമകാലിക ഫുട്‌ബോളിൽ പരിക്കിന്റെ ദുർഭൂതം ഇത്ര മേൽ പുറകെ കൂടിയ മറ്റൊരു താരവുമില്ല.

ഒരു എ.സി.എൽ ഇഞ്ചുറി കഴിഞ്ഞ് 12 മാസത്തിന് ശേഷമാണ് അൽഹിലാലിന്റെ നീലക്കുപ്പായത്തിൽ നെയ്മർ കളത്തിലിറങ്ങുന്നത്. രണ്ട് മത്സരങ്ങൾ പൂർത്തിയാവും മുമ്പേ ഇതാ വീണ്ടുമയാൾ മൈതാനം വിടുന്നു. എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ ഇസ്തിഗ്ലാൽ എഫ്.സിക്കെതിരെ നെയ്മർ കളത്തിലെത്തിയത് തന്നെ 58ാം മിനിറ്റിലാണ്. 30 മിനിറ്റയാൾ തികച്ച് ഗ്രൗണ്ടിൽ നിന്നിട്ടില്ല. പരിക്ക് അത്ര ഗുരുതരമല്ലെന്ന് പറയുമ്പോഴും അയാളെ വിടാതെ പിന്തുടരുന്ന ഇഞ്ചുറിക്കാലങ്ങൾ എന്നവസാനിക്കാനാണെന്ന് ചോദിക്കുകയാണിപ്പോൾ ആരാധകർ.

2013 കോൺഫഡേറഷൻ കപ്പ് ഫൈനൽ. മരക്കാനയിൽ അന്ന് വിശ്വജേതാക്കളായ സ്‌പെയിനെ നേരിടുകയാണ് ബ്രസീൽ. സാവി, ഇനിയെസ്റ്റ, ഡേവിഡ് വിയ്യ, സെർജിയോ ബുസ്‌ക്വറ്റസ്, സെർജിയോ റാമോസ്, ജെറാഡ് പിക്വെ, ഐകർ കസിയ്യസ്, ഫെർണാണ്ടോ ടോറസ്, അങ്ങനെയങ്ങനെ ലോക ഫുട്‌ബോളിലെ പ്രതിഭാധനർ അണിനിരക്കുന്നൊരു വമ്പൻ പടയുമായാണ് അന്ന് സ്പാനിഷ് സംഘം മാരക്കാനയിലെത്തിയത്. ടിക്കി ടാക്കക്ക് മുന്നിൽ ഫുട്‌ബോൾ ലോകത്തെ വമ്പൻ സ്രാവുകളൊക്കെ കവാത്ത് മറന്നിരുന്ന കാലം. എന്നാൽ അന്ന് മാരക്കാന സ്പാനിഷ് അർമാഡയുടെ ശവപ്പറമ്പായി. പൊസിഷനൽ ഫുട്‌ബോളിന്റെ അടിവേരറുത്ത് ജൊഗോ ബൊണീറ്റോയുടെ വിജയഭേരി.

എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ വിശ്വജേതാക്കളെ അന്ന് നാണംകെടുത്തിയത്. കളിയുടെ 44ാം മിനിറ്റ്. ആ മത്സരത്തിലെ ഏറ്റവും മനോഹര നിമിഷം അതായിരുന്നു. ഒന്നാം പകുതിയവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ ഇടതുവിങ്ങിലൂടെ പന്തുമായി നെയ്മറിന്റെ കുതിപ്പ്. പെനാൽട്ടി ബോക്‌സിന് വെളിയിൽ വച്ചയാൾ ഓസ്‌കാറിന് പന്ത് കൈമാറി ഗോൾമുഖത്തേക്ക് കടക്കുന്നു. ഓഫ് സൈഡ് ട്രാപ് പൊളിക്കാൻ ഒരൽപം പുറകിലേക്ക് വന്നയാൾ ഓസ്‌കാറിൽ നിന്ന് പന്തേറ്റു വാങ്ങി. പിന്നെ കസിയസിനെ നിഷ്പ്രഭമാക്കി അയാളുടെ ഇടങ്കാലിൽ നിന്നൊരു വെടിയുണ്ട പാഞ്ഞു. ആ ഗോൾ ബ്രസീലിയൻ ഫുട്‌ബോളിൽ ഒരു യുഗപ്പിറവിയെ അടയാളപ്പെടുത്തി.

ലോകഫുട്‌ബോളിൽ നെയ്മർ ജൂനിയറെന്ന പേര് പിന്നെ എന്നത്തേക്കാളുമുച്ചത്തിൽ മുഴങ്ങിക്കേട്ടു. 2010 ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിൽ അയാളെ ടീമിലെടുക്കാത്തതിന് ആരാധകർ മാനേജ്‌മെന്റിനെ പഴിപറഞ്ഞു. 2014 ൽ ബ്രസീലിയൻ മണ്ണിൽ വച്ചരങ്ങേറിയ ലോകകപ്പിൽ നെയ്മറെന്ന അച്ചുതണ്ടിന് ചുറ്റുമാണ് ലൂയിസ് ഫിലിപ് സ്‌കൊളാരി എന്ന ചാണക്യൻ തന്റെ ഗെയിം പ്ലാനുകൾ മുഴുവൻ ഒരുക്കിയത്. എന്നാൽ ക്വാർട്ടർ ഫൈനലിൽ അതൊരു ദുരന്തത്തിൽ ചെന്നാണ് അവസാനിച്ചത്.

ജുവാൻ കാമിലോ സുനിഗ. നെയ്മറിന്റെ കരിയറിനെ ഇപ്പോഴും വിടാതെ പിന്തുരുന്ന പരിക്കെന്ന ദുർഭൂതത്തെ കുടം തുറന്ന് വിട്ടത് അയാളാണ്. ബ്രസീൽ-കൊളംബിയ ക്വാർട്ടർ ഫൈനൽ പോരിനിടെ നെയ്മറിന്റെ പുറകിലേക്ക് മുട്ടുകാല് കൊണ്ടാണ് സുനിഗ അന്ന് പാഞ്ഞ് കയറിയത്. ആ 22 കാരനന്ന് മൈതാനത്ത് വേദന കൊണ്ട് പുളയുന്നത് കണ്ട് അരികിലേക്ക് ഓടിയെത്തിയ മാഴ്‌സലോ ഡഗ്ഗൗട്ടിലേക്ക് കൈചൂണ്ടി അലറിവിളിക്കുന്ന കാഴ്ച ബ്രസീൽ ആരാധകർ എങ്ങനെ മറക്കാനാണ്. സെമിയിൽ ജർമനിക്കെതിരെ കളത്തിലിറങ്ങും മുമ്പ് നെയ്മറിന്‍റെ ജേഴ്സി ഉയര്‍ത്തിയാണ് ബ്രസീലിയന്‍ താരങ്ങള്‍ ഫോട്ടോക്ക് പോസ് ചെയ്തത്. അയാളുടെ സാന്നിധ്യം ബ്രസീല്‍ ടീമിലെത്ര മേല്‍ നിര്‍ണായകമായിരുന്നു എന്ന് പിന്നീടാണ് ഫുട്ബോള്‍ ലോകം തിരിച്ചറിഞ്ഞത് . നെയ്മറും തിയാഗോ സിൽവയുമില്ലാതെ കളത്തിലിറങ്ങിയ ബ്രസീലിനെ സെമിയിലന്ന് കാത്തിരുന്നത് ഒരു വൻദുരന്തം. പരിക്കിന് പിറകേ നെയ്മറിനെ പരിഹസിച്ച് ഒരു സ്‌പൈനൽ കോഡിന്റെ രൂപവുമേന്തി ആഘോഷം നടത്തിയ അർജന്റീന ആരാധകരുടെ ചിത്രങ്ങൾ അന്ന് വാർത്തകളിൽ നിറഞ്ഞു.

പിന്നെയങ്ങോട്ട് ബ്രസീലിയൻ സൂപ്പർ താരത്തിന്റെ കരിയറിലുടനീളം പരിക്ക് വിടാതെ പുറകെയുണ്ടായിരുന്നു. 2018 ൽ റഷ്യൻ ലോകകപ്പിന് തൊട്ട് മുമ്പ് പി.എസ്.ജി ജഴ്‌സിയിൽ നിരവധി തവണ നെയ്മർ മൈതാനത്ത് നിലതെറ്റി വീണു. 2018-19 സീസണിൽ മാത്രം പി.എസ്.ജിയുടെ 16 മത്സരങ്ങളാണ് നെയ്മറിന് നഷ്ടമായത്. 2018 ലോകകപ്പിൽ കളത്തിലിറങ്ങാൻ താരം പൂർണമായും ഫിറ്റായിരുന്നില്ല. അതയാളുടെ കളിയിലും കാണാമായിരുന്നു. ഒടുവിൽ ബെൽജിയത്തോട് ക്വാർട്ടറിൽ തോറ്റ് ബ്രസീൽ പുറത്തായി. ആ ലോകകപ്പില്‍ ഏറ്റവുമധികം ഫൌളുകള്‍ക്കിരയായ താരം നെയ്മറായിരുന്നു.

2019. കോപ്പ അമേരിക്ക ടൂർണമെന്റിൽ ബ്രസീൽ സ്‌ക്വാഡിൽ നെയ്മർ ഉണ്ടായിരുന്നില്ല. അന്നും ഇഞ്ചുറിയാണയാളെ ഗാലറിയിലിരുത്തിയത്. എന്നാൽ പ്രൊഫസര്‍ ടിറ്റെയുടെ കളിക്കൂട്ടം നെയ്മറില്ലാതെ തന്നെ അന്ന് കോപ്പ കിരീടത്തില്‍ മുത്തമിട്ടു.

ബാഴ്‌സലോണയിലായിരുന്ന കാലത്തും പലവുരു നെയ്മറിന് മുന്നില്‍ പരിക്ക് വില്ലന്‍ വേഷമണിഞ്ഞെത്തി. 2013-14 സീസണിൽ മാത്രം 17 മത്സരങ്ങളാണ് നെയ്മറിന് നഷ്ടമായത്. 2018-19 സീസണിൽ രാജ്യത്തിനും ക്ലബ്ബിനുമായി ആകെ നഷ്ടമായത് 36 മത്സരങ്ങൾ. 2020-21 സീസണിൽ നഷ്ടമായത് 22 മത്സരങ്ങൾ, തൊട്ടടുത്ത സീസണിൽ 21 മത്സരങ്ങളിൽ കളത്തിലിറങ്ങാനായില്ല ഏറ്റവുമൊടുവിൽ 2023 -24 സീസണിൽ നഷ്ടമായത് 60 മത്സരങ്ങളാണ്. ഖത്തർ ലോകകപ്പിൽ ആദ്യ മത്സരത്തിൽ തന്നെ പരിക്കേറ്റ നെയ്മർക്ക് ഗ്രൂപ്പ് ഘട്ടത്തിലെ ബാക്കി മത്സരങ്ങൾ നഷ്ടമായിരുന്നു. ഒരു കാലത്ത് ലയണല്‍ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കുമൊപ്പം ഫുട്ബോള്‍ ലോകം ആഘോഷമാക്കിയിരുന്നൊരു പേര് ഡഗ്ഗൌട്ടിലും ഗാലറിയിലുമൊക്കെ നിസ്സഹായനായി ഇരിക്കുന്ന കാഴ്ചകള്‍ നിരവധി തവണ ഫുട്ബോള്‍ ലോകം കണ്ടു. ഇനിയെത്ര കാലമയാള്‍ മൈതാനത്തുണ്ടാവുമെന്ന് ആരാധകര്‍ക്ക് അറിയില്ല. പക്ഷെ എത്ര കാലമുണ്ടായാലും അയാള്‍ക്ക് പുറകിലാ ദുര്‍ഭൂതവുമുണ്ടാവുമെന്ന് തന്നെ വിശ്വസിച്ച് തുടങ്ങിയിരിക്കുന്നു ഫുട്ബോള്‍ ലോകം.

Similar Posts