Sports
MS Dhoni  Ravi Shastri,
Sports

'ധോണിക്ക് പകരക്കാരില്ല'; ചെന്നൈ നായകനെ വാനോളം പുകഴ്ത്തി രവി ശാസ്ത്രി

Web Desk
|
30 May 2023 11:54 AM GMT

''ജാർഖണ്ഡിൽ നിന്നൊരു കളിക്കാരന് ദക്ഷിണേന്ത്യയിൽ ഇത്രയും സ്വീകാര്യത ലഭിക്കുന്നു എന്നത് തന്നെ അദ്ദേഹത്തിന്റെ മഹത്വം എന്താണ് എന്ന് വ്യക്തമാക്കി തരും''

അഹ്മദാബാദ്: ഐ.പി.എൽ കലാശപ്പോരിൽ ഗുജറാത്തിനെ തകർത്തെറിഞ്ഞ് ചെന്നൈ അഞ്ചാം കിരീടത്തിൽ മുത്തമിടുമ്പോൾ എല്ലാ കണ്ണുകളും നീണ്ടത് മഹേന്ദ്ര സിങ് ധോണി എന്ന നായകനിലേക്ക്. അവസാന പന്ത് അതിര്‍ത്തി കടത്തി രവീന്ദ്ര ജഡേജ ചെന്നൈക്ക് ആവേശജയം സമ്മാനിക്കുമ്പോള്‍ സഹതാരങ്ങള്‍ മൈതാനത്തേക്കിറങ്ങിയോടി. ഈ സമയം ഡഗ്ഗൗട്ടിൽ സ്തഭ്ധനായിരിക്കുകയായിരുന്നു ധോണി. പിന്നീട് ജഡേജയെ എടുത്തുയര്‍ത്തി ആഹ്ളാദ പ്രകടനം. ഐ.പി.എല്ലിന്‍റെ ചരിത്രത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന കാഴ്ചകള്‍ക്ക് വേദിയാവുകയായിരുന്നു ഇന്നലെ അഹ്മദാബാദിലെ നരന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം..

ഐ.പി.എല്ലിൽ ധോണിയുടെ 250-ാമത്തെ മത്സരമായിരുന്നു ഇന്നലെ ഗുജറാത്തിനെതിരെ നടന്നത്. 14 സീസണുകളിൽ ചെന്നൈയെ പ്ലേഓഫിലേക്ക് നയിച്ച നായകനാണ് ധോണി. ഇതിൽ 11 തവണയും ഫൈനൽ വരെ ടീമിന്റെ പോരാട്ടം നീണ്ടുവെന്നതാണ് ധോണിയുടെ വിജയം. അതിൽ അഞ്ച് കിരീടങ്ങളും ചൂടി. ഐ.പി.എല്ലിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടമെന്ന നേട്ടത്തിലേക്ക് കൂടി ഓടിക്കയറി ധോണി.

മത്സര ശേഷം ധോണിയെ വാനോളം പുകഴ്ത്തിയെത്തിയിരിക്കുകയാണിപ്പോള്‍ മുന്‍ ഇന്ത്യന്‍ പരിശീലകനും കമന്‍റേറ്ററുമായ രവിശാസ്ത്രി. ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണിക്ക് പകരക്കാരില്ലെന്ന് രവി ശാസ്ത്രി പറഞ്ഞു.

''ധോണിയുടെ ഫിറ്റ്‌നസ് എത്ര മാത്രമാണെന്ന് തെളിയിക്കാൻ 250 ഐ.പി.എൽ മത്സരങ്ങൾ ധാരാളം. ഐ.പി.എല്ലിൽ ധോണി ബാക്കിയാക്കിയ ഐതിഹാസിക ചരിത്രത്തിന് പകരം വക്കാൻ മറ്റൊന്നുമില്ല. തമിഴ്‌നാട്ടിൽ അദ്ദേഹത്തെ തല എന്നാണ് ആളുകള്‍ സ്നേഹത്തോടെ വിളിക്കുന്നത്. ജാർഖണ്ഡിൽ നിന്നൊരു കളിക്കാരന് ദക്ഷിണേന്ത്യയിൽ ഇത്രയും സ്വീകാര്യത ലഭിക്കുന്നു എന്നത് തന്നെ അദ്ദേഹത്തിന്റെ മഹത്വം എത്ര എന്ന വ്യക്തമാക്കി തരും''- രവി ശാസ്ത്രി പറഞ്ഞു.

കലാശപ്പോരില്‍ ടോസ് ലഭിച്ച ധോണി ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു . എന്നാൽ, ധോണിയുടെ കണക്കുകൂട്ടൽ തെറ്റിച്ച് തമിഴ്‌നാടുകാരനായ സായ് സുദർശന്റെയും ഓപണർ വൃദ്ധിമാൻ സാഹയുടെയും മികച്ച ഇന്നിങ്‌സുകളുടെ കരുത്തിൽ 214 എന്ന കൂറ്റൻ സ്‌കോറാണ് ഗുജറാത്ത് ഉയർത്തിയത്. മഴ ഇടയ്ക്ക് വില്ലനായ മത്സരത്തിൽ ഡെക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഓവർ വെട്ടിച്ചുരുക്കി ടോട്ടൽ പുതുക്കിനിശ്ചയിച്ചാണ് കളി തുടർന്നത്. 15 ഓവറിൽ 171 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈയെ അവസാന ഓവറിലെ അവസാന പന്തുവരെ നീണ്ട ത്രില്ലറിലൂടെ രവീന്ദ്ര ജഡേജ ആവേശകരമായ ജയത്തിലേക്ക് നയിക്കുകയായിരുന്നു.

Similar Posts