ദുലീപ് ട്രോഫിക്ക് സഞ്ജുവില്ല; ആഭ്യന്തര ക്രിക്കറ്റിലും തഴഞ്ഞ് തുടങ്ങിയോ എന്ന് ആരാധകര്‍
|വിരാട് കോഹ്ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ, ആർ.അശ്വിൻ എന്നീ സീനിയർ താരങ്ങൾക്ക് മാത്രമാണ് ദുലീപ് ട്രോഫിയില്‍ ഇക്കുറി ബി.സി.സി.ഐ വിശ്രമം അനുവദിച്ചത്
ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള ടീമുകളെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണെ ഒരു ടീമിലും ഉൾപ്പെടുത്തിയിട്ടില്ലെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ഇന്ത്യൻ ടീമിൽ അവഗണന തുടർക്കഥയായ സഞ്ജുവിന് ആഭ്യന്തര ക്രിക്കറ്റിലും രക്ഷയില്ലേ എന്നാണ് ആരാധകരിപ്പോൾ ഒരേ സ്വരത്തിൽ ചോദിക്കുന്നത്. ബി.സി.സി.ഐക്കെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയരുന്നത്.
ചാമ്പ്യൻസ് ട്രോഫി അടക്കം വരാനിരിക്കുന്ന ഏകദിന ടൂർണമെന്റുകൾ സഞ്ജു ഇനി സ്വപ്‌നം പോലും കാണേണ്ടതില്ലെന്ന് ബി.സി.സി.ഐ പറയാതെ പറഞ്ഞു വക്കുകയാണെന്നാണ് ആരാധകരുടെ പക്ഷം. കളിച്ച അവസാന അന്താരാഷ്ട്ര ഏകദിനത്തിൽ സെഞ്ചുറി നേടിയിട്ടും ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജുവിന് ഇടംലഭിച്ചിരുന്നില്ല. ഇതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ ആഭ്യന്തര ക്രിക്കറ്റിലും സഞ്ജുവിന്‍റെ സ്ഥാനം പടിക്ക് പുറത്താണ്.
റെഡ് ബോൾ ക്രിക്കറ്റിലും ഇന്ത്യക്കായി കളിക്കാൻ താൻ തയ്യാറാണെന്ന് സഞ്ജു കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനായി കഠിന പ്രയത്‌നം നടത്തുന്നുണ്ടെന്ന് മലയാളി താരം വ്യക്തമാക്കി. അതിനിടെയാണ് ദുലീപ് ട്രോഫിക്കുള്ള ടീമുകളെ പ്രഖ്യാപിച്ചത്.
വിരാട് കോഹ്ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ, ആർ.അശ്വിൻ എന്നീ സീനിയർ താരങ്ങൾക്ക് മാത്രമാണ് ഇക്കുറി ബി.സി.സി.ഐ വിശ്രമം അനുവദിച്ചത്. മറ്റ് പ്രധാന താരങ്ങളെയൊക്കെ ഉൾപ്പെടുത്തി പ്രഖ്യാപിച്ച ടീമുകളിൽ ഒന്നിൽ പോലും സഞ്ജുവിന് ഇടം ലഭിച്ചില്ല. ശുഭ്മാൻ ഗിൽ, അഭിമന്യു ഈശ്വർ, ഋതുരാജ് ഗെയിക്വാദ്, ശ്രേയസ് അയ്യർ എന്നിവരാണ് ദുലീപ് ട്രോഫിക്കുള്ള ടീമുകളെ നയിക്കുന്നത്. ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യങ്ങളായ ശുഭ്മാന്‍ ഗില്‍, റിഷബ് പന്ത്, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ തുടങ്ങിയവരൊക്കെ വിവിധ ടീമുകളില്‍ ഇടംപിടിച്ചിട്ടുണ്ട്. അതേ സമയം സഞ്ജുവിന് പുറമേ കേരളത്തില്‍ നിന്ന് ഒരു മലയാളി താരത്തിനും ഇക്കുറി ദുലീപ് ട്രോഫിക്കുള്ള ടീമുകളില്‍ ഇടംപിടിക്കാനായില്ല.