ഒളിംപിക്‌സ് ഫൈനലില്‍ പാക് താരം അർഷാദ് നദീം ചെയ്തതെന്താണ്? യാഥാർത്ഥ്യം വെളിപ്പെടുത്തി നീരജ് ചോപ്ര
|''ഒന്നിച്ച് ഒറ്റക്കെട്ടായി നിൽക്കാനാണ് കളി ഞങ്ങളെ പഠിപ്പിക്കുന്നത്. നിങ്ങളുടെ നിക്ഷിപ്ത താൽപര്യങ്ങൾക്കും പ്രചാരണങ്ങൾക്കും വേണ്ടി എന്റെ പേരോ പ്രതികരണങ്ങളോ ഉപയോഗിക്കരുതെന്ന് എല്ലാവരോടും അപേക്ഷിക്കുകയാണ്''-നീരജ് ട്വിറ്ററിൽ ആവശ്യപ്പെട്ടു
ടോക്യോ ഒളിംപിക്‌സിൽ 130 കോടി ഇന്ത്യക്കാരെ അഭിമാനംകൊണ്ട് കോരിത്തരിപ്പിച്ച നിമിഷമായിരുന്നു പുരുഷ ജാവലിൻ ത്രോ ഫൈനലിലെ ആ ചരിത്രമുഹൂര്‍ത്തം. 23കാരനായ പാനിപ്പത്തുകാരൻ നീരജ് ചോപ്ര ഇന്ത്യയുടെ നൂറ്റാണ്ടുനീണ്ട മെഡല്‍കാത്തിരിപ്പിന് 'ഫുള്‍സ്റ്റോപ്പി'ട്ട സുവര്‍ണ നിമിഷം. നീരജ് ചോപ്ര ഒരു രാജ്യമായി മാറുകയായിരുന്നു അപ്പോള്‍.
എന്നാൽ, സ്വർണനേട്ടത്തിന്റെ ആരവങ്ങൾക്കിടയിൽ അയൽരാജ്യമായ പാകിസ്താനിൽനിന്നുള്ള താരത്തിനെതിരെ പലകോണുകളിൽനിന്നും വിമർശനങ്ങൾ ഉയർന്നു. പാക് താരമായ അർഷാദ് നദീം മത്സരത്തിനിടെ നീരജിന്റെ ജാവലിൻ മോഷ്ടിച്ചെന്നും തട്ടിയെടുത്ത് കൃത്രിമം കാണിക്കാൻ ശ്രമിച്ചെന്നുമൊക്കെയായിരുന്നു പ്രചാരണം. എന്നാൽ, താരത്തെക്കുറിച്ച് നടക്കുന്ന വ്യാജവാർത്തകളെയും അതിന്റെ ചുവടുപിടിച്ചു നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളെയുമെല്ലാം തള്ളുകയാണ് നീരജ് ചോപ്ര. ദേശീയ മാധ്യമമായ 'ടൈംസ് ഓഫ് ഇന്ത്യ'യ്ക്ക് നൽകിയ അഭിമുഖത്തിൽ അന്ന് നടന്നതെന്താണെന്ന് താരം വിശദീകരിക്കുന്നു:
ഫൈനൽ ആരംഭിക്കാനിരിക്കെ എന്റെ ജാവലിൻ തപ്പുകയായിരുന്നു ഞാൻ. ജാവലിന്‍ കാണാനുണ്ടായിരുന്നില്ല. അപ്പോഴാണ് അർഷാദ് നദീം എന്റെ ജാവലിനുമായി കറങ്ങുന്നത് ശ്രദ്ധയിൽപെട്ടത്. ഞാൻ അവനോട് പറഞ്ഞു: 'സുഹൃത്തേ, ആ ജാവലിൻ താ.. എന്റേതാണത്! അതുകൊണ്ടാണ് ഞാൻ എറിയുന്നത്..' അവൻ അത് തിരിച്ചുതന്നു. എന്റെ ആദ്യത്തെ ഏറ് വേഗത്തിലായത് നിങ്ങൾ കണ്ടുകാണും. അത് ഇതുകൊണ്ടായിരുന്നു...''
ഏതു മത്സരത്തിലും താരങ്ങൾ ഒരു സ്ഥലത്താണ് തങ്ങളുടെ ജാവലിനുകൾ വയ്ക്കാറുള്ളതെന്നും ആർക്കും അത് ഉപയോഗിക്കാമെന്നും നീരജ് വിശദീകരിച്ചു. അതാണ് നിയമം. അതുകൊണ്ടു തന്നെ എന്‍റെ ജാവലിനുമായി അർഷാദ് മത്സരത്തിനു തയാറായത് ഒരു തെറ്റായിരുന്നില്ല. എന്റെ പേര് ഉപയോഗിച്ച് ആളുകൾ വിഷയം പർവതീകരിച്ചുകാണിക്കുകയാണെന്ന് അറിയുന്നതിൽ സങ്കടമുണ്ട്. ഒരുമയോടെ നടക്കാനാണ് കളി ഞങ്ങളെ പഠിപ്പിക്കുന്നത്. അതുകൊണ്ട് വേദനിപ്പിക്കുന്ന കാര്യങ്ങളൊന്നും പറയരുത്- താരം കൂട്ടിച്ചേർത്തു.
I would request everyone to please not use me and my comments as a medium to further your vested interests and propaganda.
— Neeraj Chopra (@Neeraj_chopra1) August 26, 2021
Sports teaches us to be together and united. I'm extremely disappointed to see some of the reactions from the public on my recent comments.
വ്യാജപ്രചാരണങ്ങൾ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നീരജ് ട്വിറ്ററിലും കുറിപ്പിട്ടിട്ടുണ്ട്. ''ഒന്നിച്ച് ഒറ്റക്കെട്ടായി നിൽക്കാനാണ് കളി ഞങ്ങളെ പഠിപ്പിക്കുന്നത്. നിങ്ങളുടെ നിക്ഷിപ്ത താൽപര്യങ്ങൾക്കും പ്രചാരണങ്ങൾക്കും ബലംകൂട്ടാൻ എന്റെ പേരോ പ്രതികരണങ്ങളോ ഉപയോഗിക്കരുതെന്ന് എല്ലാവരോടും അപേക്ഷിക്കുകയാണ്''-നീരജ് ട്വിറ്ററിൽ ആവശ്യപ്പെട്ടു.