Sports
ഒനാന ആളാകെ മാറി; ആ അതിശയസേവുകള്‍ പറഞ്ഞുവക്കുന്നത്
Sports

ഒനാന ആളാകെ മാറി; ആ അതിശയസേവുകള്‍ പറഞ്ഞുവക്കുന്നത്

Web Desk
|
23 Sep 2024 9:50 AM GMT

കഴിഞ്ഞ ദിവസം ക്രിസ്റ്റൽ പാലസിനെതിരെ യുണൈറ്റഡ് ഗോൾമുഖത്ത് ഒനാന നടത്തിയ അവിശ്വസനീയ പ്രകടനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്

ഫുട്ബോൾ ചരിത്രം കണ്ട ഇതിഹാസ ഗോൾകീപ്പർമാർ പലരും കാവൽ നിന്ന റെഡ് ഡെവിൾസിന്റെ കോട്ട കാക്കാൻ 2023 ൽ എറിക് ടെൻഹാഗ് ഓൾഡ് ട്രാഫോഡിലേക്കൊരു വമ്പൻ സ്രാവിനെ കൊണ്ടു വന്നു. കാമറൂണിൽ നിന്നുള്ള 26 കാരൻ ആന്ദ്രേ ഒനാന. ഏഴ് വർഷക്കാലം അയാക്സ് ആംസ്റ്റർഡാമിന്റെ തട്ടകം ഭരിച്ചവൻ. ഒറ്റ സീസൺ കൊണ്ട് ഇറ്റലിയിലെ മൈതാനങ്ങളിൽ തന്റെ പ്രതിഭയെ അടയാളപ്പെടുത്തിയവൻ. 2023 ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്കുള്ള ഇന്റർമിലാന്റെ പടയോട്ടം ഒനാനയെ ലോകഫുട്ബോളിലെ ഹോട്ട് ടോപിക്കുകളിലൊന്നാക്കി മാറ്റി. ചാമ്പ്യൻസ് ലീഗ് ക്യാമ്പയിനിൽ മിലാന്റെ വിജയങ്ങളിൽ പലതും അയാളുടെ ചിറകേറിയായിരുന്നു. ഒനാനയെ വൻ തുക മുടക്കി റാഞ്ചാൻ ടെൻ ഹാഗിന് ഈ കാരണങ്ങളൊക്കെ ധാരാളമായിരുന്നു. 46 മില്യൺ പൗണ്ടാണ് യുണൈറ്റഡ് അയാളെ തട്ടകത്തിലെത്തിക്കാൻ പൊടിച്ചത്.

എന്നാൽ ഓൾഡ് ട്രാഫോഡിൽ ഒനാനക്ക് തൊട്ടതെല്ലാം പിഴച്ചു. പല മത്സരങ്ങളിലും അയാളുടെ പിഴവുകൾ ടീമിനെ തോൽവിയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടു. ചാമ്പ്യൻസ് ലീഗ് വേദികളിൽ ഇന്റർമിലാന്റെ ഹീറോയായിരുന്ന ഒനാന യുണൈറ്റഡിന്റെ വില്ലനായി. 2023ൽ ബയേൺ മ്യൂണിക്കിനെതിരായ നിർണായക മത്സരത്തിൽ ഒന്നിലധികം പിഴവുകളാണ് ഒനാന വരുത്തിയത്. മത്സരത്തിൽ ബയേൺ മൂന്നിനെതിരെ നാല് ഗോളുകൾക്ക് ജയിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ ഗലാറ്റസരെക്കെതിരെ 18 മിനിറ്റിനുള്ളിൽ രണ്ട് ഗോളടിച്ച് മുന്നിലെത്തിയ യുണൈറ്റഡിനെ ഒനാനയുടെ പിഴവുകൾ സമനിലയിലേക്ക് തള്ളിയിട്ടു. അനായാസം തട്ടിയകറ്റാമായിരുന്ന രണ്ട് ഷോട്ടുകളെ അയാൾ വലയിലേക്ക് പോകാൻ അനുവദിച്ചത് അവിശ്വസനീയ കാഴ്ചയായിരുന്നു. ഇതോടെ വിമർശനങ്ങൾ ഉച്ചസ്ഥായിലായി. പിന്നീട് പല മത്സരങ്ങളിലും സമാന കാഴ്ചകൾ ആരാധകർ കണ്ടു. യുണൈറ്റഡ് ആ സീസണിൽ നടത്തിയ ഏറ്റവും മോശം സൈനിങ് ഏതാണെന്ന ചോദ്യത്തിന് യുണൈറ്റഡ് ആരാധകർക്ക് ഒറ്റ ഉത്തരമേയുണ്ടായിരുന്നുള്ളൂ. ആ്രേന്ദ ഒനാന.

എന്നാൽ ഈ സീസണിൽ അങ്ങനെയല്ല കാര്യങ്ങൾ. കഴിഞ്ഞ ദിവസം ക്രിസ്റ്റൽ പാലസിനെതിരെ യുണൈറ്റഡ് ഗോൾമുഖത്ത് ഒനാന നടത്തിയ അവിശ്വസനീയ പ്രകടനം ഒരു സ്റ്റേറ്റ്മെന്റായിരുന്നു. തന്നെ എഴുതിത്തള്ളാനായിട്ടില്ലെന്ന് അയാളുടെ ഉറച്ച പ്രഖ്യാപനം. കളിയുടെ 65ാം മിനിറ്റ്. വലതുവിങ്ങിലൂടെ എഡ്ഡി എൻകിറ്റിയയുടെ കുതിപ്പ്. പെനാൽട്ടി ബോക്സിന് വെളിയിൽ നിന്ന് എഡ്ഡി തൊടുത്തൊരു ഇടങ്കാറ്റൻ ബൂള്ളറ്റ് ഷോട്ട് ഗോൾവലയിലേക്ക് പാഞ്ഞു. വലതുവശത്തേക്ക് ചാടി വീണാ പന്തിനെ ഒനാന തട്ടിയകറ്റി. ആ സമയം പെനാൽട്ടി ബോക്സിൽ ഇസ്മായീൽ സാറുണ്ടായിരുന്നു. റീബൗണ്ട് ചെയ്ത് വന്ന പന്തിനെ പറന്നുയർന്ന് സാർ ഗോൾവലയിലേക്ക് തിരിച്ചു. എന്നാൽ ശ്രമകരമായാ പന്തിനെയും തട്ടിയകറ്റി ഒനാന യുണൈറ്റഡിന്റെ രക്ഷകനായി. യുണൈറ്റഡ് അയാളെ പൊതിയുന്നത് കാണാമായിരുന്നു.

ദിവസങ്ങൾക്ക് മുമ്പ് ചാമ്പ്യൻസ് ലീഗിൽ അറ്റ്ലാന്റക്കെതിരെ ആഴ്സണൽ ഗോൾകീപ്പർ ഡേവിഡ് റയ നടത്തിയ ഡബിൾ സേവിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഒനാനയുടെ അതിശയസേവ്. കളിയിലുടനീളം ക്രിസ്റ്റൽ പാലസിന്റെ നാല് ഗോളവസരങ്ങളാണ് ഒനാനയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ നിഷ്പ്രഭമായത്. മത്സരത്തിൽ ഒനാനയെക്കാൾ പരീക്ഷിക്കിപ്പെട്ടത് ക്രിസ്റ്റൽ പാലസ് ഗോൾകീപ്പർ ഡീൻ ഹെൻഡേഴ്സണാണ്. യുണൈറ്റഡ് താരങ്ങളുടെ ഗോളെന്നുറപ്പിച്ച ഏഴ് അവസരങ്ങളാണ് ഹെൻഡേഴ്സൺ തട്ടിയകറ്റിയത്. അങ്ങനെ ഗോൾകീപ്പർമാർ കളംനിറഞ്ഞൊരു ആവേശപ്പോര് ഗോൾരഹിത സമനിലയിൽ അവസാനിച്ചു.

മത്സര ശേഷം നിരാശനായിരുന്നു ഒനാന. ടീം ജയിക്കാത്ത സാഹചര്യത്തിൽ തന്റെ സേവുകളെ കുറിച്ച വർത്തമാനങ്ങൾക്ക് ഇവിടെ പ്രസക്തിയൊന്നുമില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം. അതേ സമയം ഒനാനയുടെ പ്രകടനത്തെ കോച്ച് എറിക് ടെൻഹാഗ് വാനോളം പ്രശംസിച്ചു. ''അവിശ്വസനീയമായിരുന്നു ആ സേവുകൾ. ഒറ്റനീക്കത്തിൽ രണ്ട് തവണയാണ് അയാൾ ടീമിനെ രക്ഷിച്ചത്. അയാളെത്ര മികച്ചവനാണെന്ന് നിങ്ങൾക്ക് ഇപ്പോൾ മനസിലായിട്ടുണ്ടാവും''- ടെൻഹാഗ് പറഞ്ഞു

ഈ സീസണിൽ സതാംപ്ടണെതിരായ മത്സരത്തിൽ നിർണായക പെനാൽട്ടി സേവ് ചെയ്തും ഒനാന ആരാധകരുടെ കയ്യടി നേടിയിരുന്നു. പ്രീമിയർ ലീഗിൽ അഞ്ച് മത്സരങ്ങൾ പൂർത്തിയായപ്പോൾ മൂന്ന് ക്ലീൻ ഷീറ്റുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.

Similar Posts