'പാക് താരങ്ങളെ ഐ.പി.എല്‍ കളിപ്പിക്കണം, പ്രധാനമന്ത്രി ഇടപെടണം'; ആവശ്യമുന്നയിച്ച് മുന്‍ പാക് താരം
|'ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം രണ്ട് ഭരണകൂടങ്ങളും ഒരുമിച്ചിരുന്ന് ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കണം'
പാക് കളിക്കാരെ ഐ.പി.എൽ കളിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി മുൻ പാക് താരം സഹീർ അബ്ബാസ്. ഇതിനായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഇന്ത്യൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തണമെന്ന് സഹീർ ആവശ്യപ്പെട്ടു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടാൽ പാക് താരങ്ങൾക്ക് ഐ.പി.എൽ കളിക്കാൻ സാധിക്കുമെന്ന് അബ്ബാസ് വ്യക്തമാക്കി.
''വർഷങ്ങളായി പാക് മണ്ണില്‍ ഇന്ത്യയൊരു മത്സരം കളിച്ചിട്ട്. ഇന്ത്യ പാകിസ്താനിൽ കളിക്കാതെ എങ്ങനെ പാക് താരങ്ങൾ ഇന്ത്യയിൽ കളിക്കണമെന്ന് പറയാനാവും. ഇപ്പോൾ പാകിസ്താന് ഒരു പുതിയ പ്രധാനമന്ത്രിയുണ്ട്. ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം രണ്ട് ഭരണകൂടങ്ങളും ഒരുമിച്ചിരുന്ന് ചർച്ച നടത്തി ഈ പ്രശ്‌നം പരിഹരിക്കണം. ഇന്ത്യൻ കളിക്കാർ പാകിസ്താനിലേക്ക് വരുന്നതിൽ പാക് ആരാധകർക്ക് ഏറെ സന്തോഷമാണുണ്ടാവുക. നേരത്തേയും ഇന്ത്യൻ ടീമിന് പാക് മണ്ണിൽ മികച്ച സ്വീകരണമാണ് ലഭിച്ചിട്ടുള്ളത്''- സഹീർ അബ്ബാസ് പറഞ്ഞു.
പാക് താരങ്ങൾക്ക് ഒരു വലിയ ടൂർണമെന്റിൽ അവസരം കിട്ടുന്നു എന്നത് മാത്രമല്ല ക്രിക്കറ്റ് വളരുക കൂടിയാണ് ഇതുവഴി സംഭവിക്കുക . ഒപ്പം രാജ്യങ്ങൾക്കിടയിൽ നല്ല ബന്ധമുണ്ടാവാനും ഐ.പി.എൽ വഴി ഉപകരിക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു
2013 ന് ശേഷം ഇന്ത്യക്കും പാകിസ്താനുമിടയിൽ ക്രിക്കറ്റിന്റെ ഒരു ഫോർമാറ്റിലും പരമ്പരകൾ അരങ്ങേറിയിട്ടില്ല. ലോക ടൂർണമെന്റുകളിലാണ് ഇരു ടീമുകളും ഏറ്റുമുട്ടാറുള്ളത്. 2016 ടി20 ലോകകപ്പിലും 2023 ഏകദിന ലോകകപ്പിലും പാക് ടീം ഇന്ത്യയിൽ എത്തിയിരുന്നു. 2008 ലാണ് ഇന്ത്യ അവസാനമായി പാകിസ്താനിൽ ഒരു ടൂർണമെന്റ് കളിക്കാനെത്തിയത്. 2023 ഏഷ്യാ കപ്പിൽ ബി.സി.സി.ഐ പ്രസിഡന്റ് റോജർ ബിന്നിയും വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും ഏഷ്യാ കപ്പ് മത്സരങ്ങൾ കാണാനായി പാകിസ്താനിലെത്തിയിരുന്നു.