ബാബര്‍ വീണ്ടും നിരാശപ്പെടുത്തി, രിസ്വാന്‍ തിളങ്ങി; ഹോങ്കോങിനെതിരെ പാകിസ്താന് മികച്ച സ്കോര്‍
|നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്താന്‍ 193 റണ്‍സെടുത്തു.
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെത്തണമെങ്കില്‍ വിജയം അനിവാര്യമായ മത്സരത്തില്‍ ഹോങ്കോങിനെതിരെ പാകിസ്താന് മികച്ച സ്കോര്‍. നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്താന്‍ 193 റണ്‍സെടുത്തു. തുടക്കത്തില്‍ തന്നെ നായകന്‍ ബാബര്‍ അസമിനെ നഷ്ടപ്പെട്ട പാകിസ്താന് പക്ഷേ പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. രിസ്വാനും ഫഖര്‍ സമാനും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 116 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
53 റണ്‍സെടുത്ത ഫഖര്‍ സമാന്‍റെ വിക്കറ്റ് വീണതിന് പിന്നാലെയെത്തിയ കുഷ്ദില്‍ ഷാ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചപ്പോള് ടീം സ്കോര്‍ 190 കടന്നു. 15 പന്തില്‍ 35 റണ്‍സാണ് കുഷ്ദില്‍ ഷാ അടിച്ചെടുത്തത്. ഓപ്പണറായ മുഹമ്മദ് രിസ്വാന്‍ 56 പന്തില്‍ പുറത്താകാതെ 78 റണ്‍സെടുത്തു. ആദ്യം പുറത്തായ ബാബര്‍ അസം ഒന്‍പത് റണ്‍സെടുത്തു. എഹ്സാന്‍ ഖാനാണ് പാകിസ്താന്‍റെ രണ്ടു വിക്കറ്റും വീഴ്ത്തിയത്.