കോഹ്ലിയും പുജാരയുമല്ല; ടെസ്റ്റ് റൺവേട്ടക്കാരിൽ മുന്നിൽ പന്ത്
|2021ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ആദ്യ അഞ്ച് ഇന്ത്യന്‍ താരങ്ങളില്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോഹ്ലിയില്ല!
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ മുൻനിര ബാറ്റ്‌സ്മാൻമാരുടെ മോശം പ്രകടനങ്ങൾ തുടരുകയാണ്. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ നായകൻ വിരാട് കോഹ്ലിയും ടെസ്റ്റ് സ്‌പെഷലിസ്റ്റ് ചേതേശ്വർ പുജാരയും ഉപനായകൻ അജിങ്ക്യ രഹാനെയും വീണ്ടും നിരാശപ്പെടുത്തിയതോടെ വിമർശനവുമായി ആരാധകർ രംഗത്തെത്തിയിരിക്കുന്നു. ജിമ്മി ആൻഡേഴ്‌സന്റെ പന്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ കോഹ്ലി പുറത്തായപ്പോൾ പുജാര നേടിയത് വെറും നാല് റൺസാണ്. രഹാനെ അഞ്ചു റൺസും. രോഹിത് ശർമ മാത്രമാണ് മുൻനിരക്കാരിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നത്.
താരങ്ങളുടെ നിരാശാജനകമായ പ്രകടനത്തിനു പിറകെ ഇന്ത്യൻ ബാറ്റ്‌സ്മാൻമാരുടെ കഴിഞ്ഞ കുറച്ചു നാളായുള്ള പ്രകടനങ്ങളും ചർച്ചയായിരിക്കുകയാണ്. 2021ലെ റൺവേട്ടക്കാരിൽ ആദ്യ അഞ്ചുസ്ഥാനക്കാരിൽ കോഹ്ലിയില്ലെന്നതാണ് ഏറെ ഞെട്ടിപ്പിക്കുന്ന കാര്യം. റിഷഭ് പന്താണ് മുന്നിലുള്ളത്. രോഹിത് ശർമ, ചേതേശ്വർ പുജാര, ശുഭ്മൻ ഗിൽ, അജിങ്ക്യ രഹാനെ എന്നിവരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ള മറ്റു താരങ്ങൾ.
എല്ലാ ഫോർമാറ്റിലും ഇന്ത്യൻ സംഘത്തിൽ സ്വന്തം സ്ഥാനം അരക്കിട്ടുറപ്പിക്കുന്ന പ്രകടനമാണ് പന്ത് തുടരുന്നത്. 13 ടെസ്റ്റ് ഇന്നിങ്‌സുകളിൽനിന്നായി 575 റൺസാണ് ഈ വർഷം പന്തിന്റെ സമ്പാദ്യം. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിനെതിരെ സ്വന്തം മണ്ണിലും ഇന്ത്യയുടെ രക്ഷകനായിരുന്നു പന്ത്. ഇടക്കാലത്തെ മോശം പ്രകടനങ്ങളുടെ പേരിൽ ഏറെ പഴികേട്ട താരം ഇപ്പോൾ ധോണിക്കു പറ്റിയ ഏറ്റവും മികച്ച പകരക്കാരനാണ് താനെന്ന് തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്.
Most runs for India in tests in 2021:
— CricTracker (@Cricketracker) August 6, 2021
Rishabh Pant - 575 (13 innings)*
Rohit Sharma - 574 (14 innings)
Cheteshwar Pujara - 368 (13 innings)
Shubman Gill - 334 (13 innings)
Ajinkya Rahane - 268 (13 innings)#Cricket #ENGvIND
14 ഇന്നിങ്‌സുകളിൽനിന്നായി 574 റൺസുമായി രോഹിത് പന്തിന്റെ തൊട്ടുപിറകിലുണ്ട്. എന്നാൽ, പുജാരയുടെയും രഹാനെയുടെയും പ്രകടനമാണ് ആരാധകരെ ഏറെ നിരാശപ്പെടുത്തുന്നത്. 13 ഇന്നിങ്‌സുകളിൽ ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാൻ നേടിയത് 368 റൺസാണ്. രഹാനെ 13 ഇന്നിങ്‌സുകളിൽനിന്നായി ആകെ നേടിയത് 268 റൺസും. 13 ഇന്നിങ്‌സുകളിൽനിന്ന് ശുഭ്മൻ ഗിൽ നേടിയത് 268 റൺസാണ്.