Sports
പന്തോ സഞ്ജുവോ ഇഷാനോ? ടി20 ലോകകപ്പില്‍ ഗില്‍ക്രിസ്റ്റിന്‍റെ വോട്ട് ഈ താരത്തിന്
Sports

പന്തോ സഞ്ജുവോ ഇഷാനോ? ടി20 ലോകകപ്പില്‍ ഗില്‍ക്രിസ്റ്റിന്‍റെ വോട്ട് ഈ താരത്തിന്

Web Desk
|
13 April 2024 11:31 AM GMT

ഇക്കുറിയെങ്കിലും മലയാളി താരം സഞ്ജു സാംസണ് ലോകകപ്പ് ടീമിൽ ഇടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ

ടി20 ലോകകപ്പിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ആരായിരിക്കും. ആരാധകരുടെ തലയിൽ ആശങ്കയായിക്കഴിഞ്ഞ വലിയൊരു ചോദ്യമാണിത്. തകർപ്പൻ ഫോമിൽ കളിക്കുന്ന മലയാളി താരം സഞ്ജു സാംസൺ, തിരിച്ച് വരവ് ഗംഭീരമാക്കിയ ഋഷഭ് പന്ത്, മുംബൈ നിരയിൽ ട്രാക്കിൽ കയറിക്കഴിഞ്ഞ ഇഷാൻ കിഷൻ, ലഖ്‌നൗ നായകൻ കെ.എൽ രാഹുൽ ഇങ്ങനെ പോകുന്നു ഈ പട്ടിക. ഐ.പി.എല്ലിൽ എല്ലാവരും മിന്നും പ്രകടനം പുറത്തെടുത്തതോടെ സെലക്ടർമാർ ആശയക്കുഴപ്പത്തിലാകുമെന്ന് ഉറപ്പ്.

മുൻ ഓസീസ് ക്രിക്കറ്റർ ആദം ഗിൽക്രിസ്റ്റിന്റെ വോട്ട് ഋഷബ് പന്തിനാണ്. ലോകകപ്പിൽ പന്ത് തന്നെയാകും ഇന്ത്യൻ നിരയിൽ ഉണ്ടാവുക എന്ന് ഗിൽക്രിസ്റ്റ് ഉറപ്പിച്ച് പറയുന്നു.

''ഋഷബ് പന്ത് ലോകകപ്പ് ടീമിൽ ഉണ്ടാവുമെന്ന് ഉറപ്പാണ്. സഞ്ജുവും മോശമൊന്നുമല്ല. കിഷാനും മികച്ച പ്രകടനം പുറത്തെടുക്കുന്നു. എന്നാൽ എന്റെ അഭിപ്രായം പന്ത് ടീമിൽ ഉണ്ടാവണമെന്നാണ്''- ഗിൽക്രിസ്റ്റ് പറഞ്ഞു.

കാറപകടത്തിൽ പരിക്കേറ്റ് ഏറെ കാലം ചികിത്സയിലായിരുന്ന പന്തിന്റെ തിരിച്ചുവരവിലെ ആദ്യ ടൂർണമെൻറാണിത്. ടൂർണമെന്റിൽ മിന്നും പ്രകടനം നടത്തുന്ന ഡൽഹി നായകൻ ആറ് മത്സരങ്ങളിൽ നിന്ന് ഇതിനോടകം 194 റൺസെടുത്ത് കഴിഞ്ഞു.

അതേ സമയം ഇഷാൻ കിഷനാവട്ടെ മുംബൈ ഇന്ത്യൻസിന്റെ ടോപ് സ്‌കോററാണ്. 182 സ്‌ട്രൈക്ക് റേറ്റിൽ 161 റൺസാണ് താരത്തിന്റെ സമ്പാദ്യം. മൂന്ന് അർധ സെഞ്ച്വറികൾ നേടിക്കഴിഞ്ഞ സഞ്ജുവാകട്ടെ ആറ് മത്സരങ്ങളിൽ നിന്ന് 246 റൺസ് അടിച്ചെടുത്ത് കഴിഞ്ഞു. ഇക്കുറിയെങ്കിലും സഞ്ജുവിന് ലോകകപ്പ് ടീമിൽ ഇടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Similar Posts