Sports
viewership record,peak viewership,streaming, IPL 2023,ms dhoni,Dhoni
Sports

എന്തോ... എന്നെ ഇഷ്ടമാണ് ആളുകൾക്ക്!! വ്യൂവര്‍ഷിപ്പ് റെക്കോര്‍ഡില്‍ വീണ്ടും 'ധോണി എഫക്ട്'

Web Desk
|
18 April 2023 3:39 AM GMT

ഐ.പി.എല്‍ 2023 സീസണ്‍ തുടങ്ങിയതിന് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ ലൈവ് സ്ട്രീമിങ്ങിലൂടെ കളി കണ്ട മത്സരങ്ങള്‍ പരിശോധിക്കുമ്പോള്‍ വ്യൂവര്‍ഷിപ്പില്‍ ആദ്യ ഏഴ് സ്ഥാനങ്ങളിലുള്ള മത്സരങ്ങളില്‍ നാലിലും ധോണിയും ചെന്നൈ സൂപ്പര്‍കിങ്സും ഉണ്ട്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം ആരാണെന്ന ചോദ്യത്തിന് ചിലപ്പോള്‍ വ്യതസ്ത അഭിപ്രായമുണ്ടായേക്കും. ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരം ആരായിരിക്കും എന്ന ചോദ്യത്തിനും ഭിന്നാഭിപ്രായം ഉണ്ടാകും. എന്നാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഗ്രൌണ്ടില്‍ കാണാനാഗ്രഹിക്കുന്ന താരം ആരാണെന്ന ചോദ്യത്തിന് മഹേന്ദ്രസിങ് ധോണി എന്ന് മാത്രമായിരിക്കും ഉത്തരം. അക്കാര്യത്തില്‍ രണ്ടാമതൊരു ചോദ്യത്തിന് സ്ഥാനമില്ല, വ്യതസ്ത അഭിപ്രായവുമില്ല, കാരണം കണക്കുകള്‍ പകല്‍പോലെ വ്യക്തമാക്കുന്നുണ്ട്, വ്യൂവര്‍ഷിപ്പ് റെക്കോര്‍ഡിലെ ധോണി എഫക്ട്!

ഐ.പി.എല്‍ 2023 സീസണ്‍ തുടങ്ങിയതിന് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ ലൈവ് സ്ട്രീമിങ്ങിലൂടെ കണ്ട മത്സരങ്ങള്‍ പരിശോധിക്കുമ്പോള്‍ വ്യൂവര്‍ഷിപ്പില്‍ ആദ്യ ഏഴ് സ്ഥാനങ്ങളിലുള്ള മത്സരങ്ങളില്‍ നാലിലും ധോണിയും ചെന്നൈ സൂപ്പര്‍കിങ്സും ഉണ്ട്. രാജസ്ഥാന്‍-ചെന്നൈ മത്സരത്തിന്‍റെ അവസാന ഓവറുകളില്‍ ധോണി ക്രീസിലെത്തിയപ്പോള്‍ 2.2 കോടി പ്രേക്ഷകര്‍ ഓണ്‍ലൈനില്‍ കളി കണ്ടിരുന്നു. ആ റെക്കോര്‍ഡാണ് ഇന്നലത്തെ ചെന്നൈ-ബാംഗ്ലൂര്‍ മത്സരത്തില്‍ വീണ്ടും 'തല' ഫാന്‍ബേസ് മറികടന്നത്.

ഇന്നലെ ബാംഗ്ലൂര്‍-ചെന്നൈ മത്സരത്തില്‍ ലൈവ് സ്ട്രീമിങ്ങിനിടെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ പ്രേക്ഷകരുടെ എണ്ണം 2.4 കോടിയാണ്.




ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ കണ്ട ഐ.പി.എല്‍ മത്സരങ്ങളിലേക്ക് വരുമ്പോള്‍ ധോണിയും ചെന്നൈയും തന്നെയാണ് തലപ്പത്ത്. ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍കിങ്സും തമ്മില്‍ മാര്‍ച്ച് 31ന് നടന്ന മത്സരം ലൈവ് സ്ട്രീമിങ്ങിലുടെ കണ്ടത് 1.6 കോടി ആളുകളാണ്. മത്സരത്തില്‍ അവസാന ഓവറില്‍ ഗുജറാത്ത് ചെന്നൈയെ തോല്‍പ്പിച്ചിരുന്നു.

ഏപ്രില്‍ മൂന്നിന് നടന്ന റണ്‍മഴ തന്നെ പിറന്ന ചെന്നൈ-ലഖ്നൌ മത്സരം ലൈവ് സ്ട്രീമിങ്ങിലുടെ കണ്ടത് 1.7 കോടി ആരാധകരാണ്. മത്സരത്തില്‍ ചെന്നൈ 12 റണ്‍സിന് ജയിച്ചിരുന്നു.



2.2 കോടി പ്രേക്ഷകരുമായി ആദ്യം വ്യൂവര്‍ഷിപ്പ് റെക്കോര്‍ഡിട്ട് ഞെട്ടിച്ച രാജസ്ഥാന്‍-ചെന്നൈ മത്സരം അവസാന ഓവര്‍ വരെ നീണ്ട ത്രില്ലര്‍ ആയിരുന്നു. മത്സരത്തില്‍ ധോണി ക്രീസിലെത്തിയപ്പോള്‍ ലൈവ് സ്ട്രീമിങ് പ്ലാറ്റ്‍ഫോമായ ജിയോ-സിനിമയില്‍ റെക്കോര്‍ഡ് പ്രേക്ഷകരാണ് കളി കണ്ടത്. ചെന്നൈ ക്യാപ്റ്റന്‍റെ ബാറ്റില്‍ നിന്ന് വെടിക്കെട്ട് സിക്സറുകള്‍ ബൌണ്ടറിയിലേക്ക് പറന്നിറങ്ങുന്ന സമയം ജിയോ-സിനിമയില്‍ ആ കാഴ്ചക്ക് സാക്ഷിയായത് 2.2 കോടി ജനങ്ങളാണുണ്ടായിരുന്നത്.

അവസാന രണ്ട് ഓവറുകളില്‍ 40 റണ്‍സ് വേണ്ടിയിരുന്ന മത്സരത്തില്‍ ധോണിയും ജഡേജയും പരമാവധി ശ്രമിച്ചെങ്കിലും ലക്ഷ്യത്തിന് മൂന്ന് റണ്‍സകലെ ചെന്നൈ വീഴുകയായിരുന്നു. അവസാന ഓവറില്‍ 20 റണ്‍സ് വേണ്ട സമയത്ത് തുടരെ രണ്ട് സിക്സറുകള്‍ പറത്തിയ ധോണി രാജസ്ഥാന്‍ ആരാധകരുടെ നെഞ്ചില്‍ തീ കോരിയിട്ടു


ഇന്നലെ നടന്ന ചെന്നൈ-ബാംഗ്ലൂര്‍ മത്സരവും കാണികളെ അവസാന നിമിഷം വരെ പിടിച്ചിരുത്തിയ കളിയായിരുന്നു. അവസാന പന്ത് വരെ ആവേശം അലയടിച്ച മത്സരത്തില്‍ ബാംഗ്ലൂര്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ചെന്നൈയോട് എട്ട് റണ്‍സിന്‍റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ചെന്നൈ ഉയര്‍ത്തിയ 227 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബാഗ്ലൂര്‍ അവസാനം വരെ പൊരുതിയെങ്കിലും 218 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. രാജസ്ഥാന്‍-ചെന്നൈ മത്സരത്തിലെ വ്യൂവര്‍ഷിപ്പ് റെക്കോര്‍ഡാണ് ഇന്നലെ നടന്ന ബാംഗ്ലൂര്‍- ചെന്നൈ മത്സരം മറികടന്നത്.

Similar Posts