ഖത്തറിനോട് ബിബിസി അനാദരവ് കാണിച്ചെന്ന് പിയേഴ്സ് മോര്‍ഗന്‍
|എന്നാല്‍ "ഐപ്ലേയറിലെ ഉദ്ഘാടന ചടങ്ങ് ഉൾപ്പെടെ, ലോകകപ്പിന്‍റെ പൂർണ്ണമായ ബിൽഡ് അപ്പും കവറേജും ബിബിസിയിൽ ലഭ്യമാണെന്ന്'' ബിബിസി വക്താവ് പ്രതികരിച്ചു
ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ ഉദ്ഘാടനച്ചടങ്ങ് ബിബിസി ബഹിഷ്ക്കരിച്ചതിനെതിരെ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്സ് മോര്‍ഗന്‍. ഖത്തറിനോട് ബിബിസി അനാദരവ് കാണിച്ചെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
''ലോകകപ്പ് ഉദ്ഘാടച്ചടങ്ങ് സംപ്രേക്ഷണം ചെയ്യാത്തതിലൂടെ ബിബിസി ഖത്തറിനോട് കടുത്ത അനാദരവാണ് കാണിച്ചത്'' മോര്‍ഗന്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ "ഐപ്ലേയറിലെ ഉദ്ഘാടന ചടങ്ങ് ഉൾപ്പെടെ, ലോകകപ്പിന്‍റെ പൂർണ്ണമായ ബിൽഡ് അപ്പും കവറേജും ബിബിസിയിൽ ലഭ്യമാണെന്ന്'' ബിബിസി വക്താവ് പ്രതികരിച്ചു.
ഉദ്ഘാടനച്ചടങ്ങിനു പകരം ബിബിസി വണില്‍ ഖത്തറിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ച് അവതാരകന്‍ ഗാരി ലിനേകര്‍ അവതരിപ്പിച്ച ഒരു മോണോലോഗാണ് സംപ്രേക്ഷണം ചെയ്തത്. ഉദ്ഘാടന ചടങ്ങ് iPlayer -ൽ ലഭ്യമായിരുന്നുവെങ്കിലും ബിബിസിയുടെ പ്രധാന കവറേജ് ഖത്തര്‍ എങ്ങനെ ലോകകപ്പിന് വേദിയായി എന്നതിനെക്കുറിച്ചും കുടിയേറ്റ തൊഴിലാളികളോടും എല്‍ജിബിറ്റി കമ്മ്യൂണിറ്റികളോടുമുള്ള രാജ്യത്തിന്‍റെ സമീപനത്തെക്കുറിച്ചുമായിരുന്നു ശ്രദ്ധേ കേന്ദ്രീകരിച്ചത്. മോണോലോഗിന് ശേഷം ഖത്തര്‍ ലോകകപ്പിനെ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ ലോകകപ്പ് എന്നാണ് ലിനേകര്‍ വിശേഷിപ്പിച്ചത്. സ്റ്റുഡിയോയിൽ ഉണ്ടായിരുന്ന അലൻ ഷിയറർ, അലക്സ് സ്കോട്ട്, ആഷ്‌ലി വില്യംസ് എന്നിവരുമായി ഖത്തറിന്‍റെ വിവേചനപരമായ LGBTQ+ നിയമങ്ങളെ കേന്ദ്രീകരിച്ച് ചര്‍ച്ചകളും നടന്നു.
Outrageously disrespectful to Qatar that the BBC didn't broadcast the World Cup opening ceremony, and instead put out more virtue-signalling guff about how awful it is. If they're that appalled, they should bring home their vast army of employees & spare us this absurd hypocrisy.
— Piers Morgan (@piersmorgan) November 20, 2022
ബിബിസിയുടെ നിലപാടിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ബിബിസിയുടെ നിലപാട് കാപട്യത്തിന്‍റെതാണെന്നാണ് പ്രധാന വിമര്‍ശം. യൂറോപ്യൻ മാധ്യമങ്ങൾ ഖത്തറിനെതിരെ മാത്രമായി തുടരുന്ന ഈ അവഗണനയെ ഖത്തർ അവരുടെ സംഘാടന മികവു കൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടുമാണ് നേരിടുന്നതെന്ന തരത്തിലുള്ള ട്വീറ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.