''ബാഡ്ജിന് വേണ്ടി കളിക്കൂ...''; മടുപ്പിക്കുന്ന കളി തുടര്‍ന്നാല്‍ ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത്
|സാധാരണ തോൽവിയിലും ജയത്തിലുമൊക്കെ ഗാലറിക്ക് മുന്നിൽ വന്ന് നിന്ന് ആരാധകരെ അഭിവാദ്യം ചെയ്യാറുള്ള ബ്ലാസ്‌റ്റേ്‌സിനെ കഴിഞ്ഞ ദിവസം 'പ്ലേ ഫോർ ദ ബാഡ്ജ്' എന്ന പ്രതിഷേധ മുദ്രാവാക്യമാണ് വരവേറ്റത്
ഇന്ത്യൻ സൂപ്പർ ലീഗിൽ ആരാധക പിന്തുണയിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ കവച്ചു വക്കാൻ മറ്റൊരു ടീമില്ല. മലയാളികളുടെ ഫുട്‌ബോൾ ഭ്രാന്ത് പതിറ്റാണ്ടുകൾ മുമ്പേ വിശ്വപ്രസിദ്ധമാണ്. 2014 ൽ ഐ.എസ്.എൽ ആരംഭിച്ചത് മുതൽ മലയാളികളുടെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സിനായി കലൂർ ഗാലറിയിൽ തിങ്ങിനിറയുന്ന ആരാധകരെ കണ്ട് അത്ഭുതം കൂറിയിട്ടുണ്ട് ഫുട്‌ബോൾ ലോകം. ലോകത്തെ തന്നെ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ടീമായി ബ്ലാസ്റ്റേഴ്‌സ് വളർന്നത് ചുരുങ്ങിയ കാലം കൊണ്ടാണ്. യൂറോപ്പിലെ ഗാലറികളിലേതിന് സമാനമായി തൊണ്ട പൊട്ടുമാറുച്ചത്തിൽ ഉയർന്നു പൊങ്ങുന്ന ചാന്റുകൾ ഇന്ത്യൻ ഫുട്‌ബോളിന് ആദ്യ കാഴ്ചയായിരുന്നു.
ഐ.എസ്.എല്ലിൽ ഒരിക്കൽ പോലും കിരീടം ചൂടിയിട്ടില്ലെങ്കിലും കൊമ്പന്മാരുടെ ആരാധക പിന്തുണക്ക് ഒരു കുലുക്കവും നാളിതുവരെ തട്ടിയില്ല. മൂന്ന് തവണ കലാശപ്പോരിൽ വച്ചാണ് ബ്ലാസ്‌റ്റേഴ്‌സിന് കാലിടറിയത്. അപ്പോഴൊക്കെ അടുത്ത സീസണുകളിൽ ടീം വർധിത വീര്യത്തോടെ തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷകളായിരുന്നു ആരാധകരെ ഈ ടീമിനൊപ്പം പിടിച്ച് നിർത്തിയത്. കഴിഞ്ഞ സീസണിൽ ഏറെ വിവാദങ്ങൾക്കൊടുവിൽ ഒരിക്കൽ കൂടി കിരീടമില്ലാതെ സീസൺ അവസാനിക്കുമ്പോൾ ബ്ലാസ്‌റ്റേഴ്സ് പരിശിലീകൻ ഇവാൻ വുകുമാനോവിച്ചിൽ പ്രതീക്ഷയർപ്പിച്ച് വീണ്ടും ആരാധകർ കാത്തിരുന്നു.
ഈ സീസണിന്റെ തുടക്കത്തിൽ മികച്ച രീതിയിൽ പന്തു തട്ടി തുടങ്ങിയ മഞ്ഞപ്പടക്ക് കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് ആരാധകർക്ക് ഇനിയും മനസ്സിലായിട്ടില്ല. സൂപ്പർ കപ്പിൽ നിന്ന് തോറ്റ് പുറത്തായ ശേഷം ഐ.എസ്.എല്ലിൽ തുടർച്ചയായി രണ്ട് തോൽവികൾ. അതിൽ ലീഗിലെ പത്താം സ്ഥാനക്കാരായ പഞ്ചാബ് എഫ്.സിയോട് കഴിഞ്ഞ ദിവസംഹോം ഗ്രൗണ്ടിൽ വഴങ്ങിയ നാണംകെട്ട തോൽവിയാണ് ആരാധകരെ ഏറെ ഞെട്ടിച്ചത്. ഈ സീസണിൽ ആദ്യമായാണ് സ്വന്തം മൈതാനത്ത് മഞ്ഞപ്പട തോൽക്കുന്നത്. ഇത് ആരാധകരെ ഏറെ നിരാശരാക്കി. അവരത് പരസ്യമായി ഗാലറിയിൽ പ്രകടിപ്പിക്കുകയും ചെയ്തു.
സാധാരണ തോൽവിയിലും ജയത്തിലുമൊക്കെ ഗാലറിക്ക് മുന്നിൽ വന്ന് നിന്ന് ആരാധകരെ അഭിവാദ്യം ചെയ്യാറുള്ള ബ്ലാസ്‌റ്റേ്‌സിനെ ഇക്കുറി 'പ്ലേ ഫോർ ദ ബാഡ്ജ്' എന്ന പ്രതിഷേധ മുദ്രാവാക്യമാണ് വരവേറ്റത്. ഗാലറിയിൽ സ്വന്തം ടീമിനായി മൈക്രോഫോണിൽ ഉച്ചത്തിൽ അലറിവിളിച്ച അതേ ആരാധകർ കളിക്കാരോട് നെഞ്ചിലണിഞ്ഞ ഈ ബാഡ്ജിനായി കളിക്കൂ എന്ന് അമർഷത്തോടെ അലറി വിളിച്ചു. കലൂർ ഗാലറിയിൽ നിന്ന് ഇങ്ങനെയൊരു കാഴ്ച മുമ്പൊന്നും ആരാധകർ കണ്ടിട്ടില്ല. കളി തീരും മുമ്പേ നിരാശയോടെ കാണികള്‍ ഗാലറി വിടുന്ന കാഴ്ചക്കും കഴിഞ്ഞ ദിവസം കലൂര്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.
മുമ്പ് 2018 ൽ ടീമിന്റെ തുടർ തോൽവികളിൽ മനം മടുത്ത് കളികാണാൻ ഇനി ഗാലറിയിൽ എത്തില്ലെന്ന് ബ്ലാസ്റ്റേഴ്സ് ആരാധകർ തീരുമാനമെടുത്തിരുന്നു. സോഷ്യൽ മീഡിയയിൽ ടീമിന്‍റെ മോശം പ്രകടനത്തില്‍ ആരാധകർ ക്യാമ്പയിനുകളും നടത്തി. ഇതിനെതിരെ വിമർശനമുയർത്തി ജർമൻൻ ഇതിഹാസം ലോതർ മതേയോസ് അടക്കം രംഗത്തെത്തിയിരുന്നു. പിന്നീട് തുടർ തോൽവികൾ നൽകിയ വേദനയിലാണ് ഹോം മത്സരത്തിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനമെടുത്തത് എന്നും ഗാലറിയിൽ ഇനിയും ഞങ്ങളുണ്ടാവുമെന്നും ബ്ലാസ്‌റ്റേഴ്‌സ് ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട വ്യക്തമാക്കി.
ടീമിന്‍റെ മോശം പ്രകടനങ്ങളുടെ പേരില്‍ കളിക്കാരോട് നിരാശയും അമര്‍ഷവും പ്രകടിപ്പിക്കുന്ന ആരാധകരെ മുമ്പും ഫുട്ബോള്‍ ലോകം കണ്ടിട്ടുണ്ട്. മാസങ്ങൾക്ക് ഫ്രഞ്ച് ലീഗിൽ പി.എസ്.ജിയോട് കനത്ത തോൽവി ഏറ്റുവാങ്ങിയ ഒളിമ്പിക് ലിയോൺ താരങ്ങളെ ഗ്രൗണ്ടിൽ നിർത്തി ആരാധകർ ശകാരിച്ചിരുന്നു. നിങ്ങളണിയുന്ന ബാഡ്ജിനെ കളങ്കപ്പെടുത്തരുതെന്നും ഇതിഹാസങ്ങൾ അണിഞ്ഞ ജേഴ്‌സിയാണത് എന്നുമൊക്കെ മോക്രോഫോണിലൂടെ വിളിച്ച് പറയുന്ന ഒരു ആരാധകന് മുന്നിൽ നിരാശയോട് തലതാഴ്ത്തി നിൽക്കുന്ന ലിയോൺ താരങ്ങൾ ഫുട്‌ബോൾ ലോകത്ത് വലിയ വാര്‍ത്തയായിരുന്നു.
കഴിഞ്ഞ നാല് മത്സരങ്ങളിൽ മാത്രം കേരള ബ്ലാസ്‌റ്റേഴ്‌സ് ആകെ വഴങ്ങിയത് 12 ഗോളുകളാണ്. നാലിലും തോൽക്കാനായിരുന്നു വിധി. പഞ്ചാബിനെതിരായ മത്സരത്തിൽ ഡിഫൻസിന്റെ ബാല പാഠങ്ങൾ പോലും മറന്ന ബ്ലാസ്‌റ്റേഴ്‌സ് ആദ്യം ഗോളടിച്ച് മുന്നിലെത്തിയ ശേഷമാണ് മൂന്ന് ഗോൾ വഴങ്ങി സ്വന്തം കാണികൾക്ക് മുന്നിൽ നാണം കെട്ടത്. ഡിഫൻസീവ് തേഡിൽ വന്ന ഗുരുതരമായ പിഴവുകളാണ് ആ മൂന്ന് ഗോളിലേക്കും വഴി തുറന്നത്.
ടീമിലെ പ്രധാന താരങ്ങളായ ക്വാമി പെപ്രയും അഡ്രിയാൻ ലൂണയും പരിക്കേറ്റ് പുറത്തായതാണ് തോൽവിയുടെ പ്രധാന കാരണങ്ങളിലൊന്ന് എന്ന് പറഞ്ഞാശ്വസിക്കാമെങ്കിലും ടീമിന്റെ മൊത്തം കെട്ടിലും മട്ടിലും പ്രശ്നങ്ങളുണ്ടെന്ന് ഈ മത്സരം ആരാധകരോട് വിളിച്ച് പറയുന്നുണ്ട്. താന്‍ ബ്ലാസ്റ്റേഴ്സില്‍ എത്തിയ ശേഷം രണ്ടരക്കൊല്ലത്തിനിടെ ടീം കളിച്ച ഏറ്റവും മോശം മത്സരമായിരുന്നു പഞ്ചാബ് എഫ്.സിയുമായുള്ളത് എന്നാണ് കോച്ച് ഇവാന്‍ മത്സര ശേഷം പറഞ്ഞത്. പിഴവുകള്‍ തിരുത്തി ടീം വിജയവഴിയില്‍ തിരിച്ചെത്തുമെന്ന ശുഭ പ്രതീക്ഷയിലാണ് ആരാധകരിപ്പോള്‍.