പ്രൈം വോളിയിൽ ഇന്ന് കാലിക്കറ്റ് ഹീറോസ്-ഹൈദരാബാദ് പോരാട്ടം
|കേരളത്തിന്റെ വോളിബാൾ ചരിത്രത്തിലെ കരുത്തരായ ടോം ജോസഫും കിഷോർകുമാറും പരിശീലകരുടെ കുപ്പായമണിഞ്ഞ് ആദ്യമായി നേർക്കുനേർ എത്തുകയാണ്
ബംഗളൂരു: പ്രൈം വോളിയിൽ കാലിക്കറ്റ് ഹീറോസ് ഇന്ന് ഹൈദരാബാദ് ബ്ലാക്ക്ഹോക്‌സിനെ നേരിടും. ആദ്യ മത്സരത്തിൽ മുംബൈയെ തകർത്ത ആത്മവിശ്വാസത്തിലാണ് കാലിക്കറ്റ്. കേരളത്തിന്റെ വോളിബാൾ മുഖങ്ങളായ കിഷോർകുമാറും ടോം ജോസഫും പരിശീലകരുടെ റോളിൽ നേർക്കുനേർ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും തിരിച്ചടിച്ച് മുംബൈക്കെതിരായ മത്സരം കൈപ്പിടിയിലൊതുക്കിയ കാലിക്കറ്റിന്‍റെ പോരാട്ടവീര്യം, പ്രൈംവോളിയുടെ ഏറ്റവും ആവേശം നിറഞ്ഞ നിമിഷങ്ങളായിരുന്നു. ജോസ് സാന്റോവലും മോഹൻ ഉക്രപാണ്ഢ്യനും ജെറോം വിനീതും നായകൻ മാറ്റ് ഹീലിംഗും ഫോം തുടർന്നാൽ വിജയത്തിന്റെ കാറ്റ് കോഴിക്കോടൻ തീരത്തെത്തും. ടീം ബംഗളൂരുവിൽ കഠിനപരിശീലനത്തിലായിരുന്നു.
കോഴിക്കോടിന്റെ വെല്ലുവിളി ഏറ്റെടുക്കാൻ തന്നെയാണ് ഹൈദരാബാദ് ബ്ലാക്ക്ഹോക്‌സിന്റെ യുവനിര ഒരുങ്ങുന്നത്. ലിബറോ ആനന്ദും ക്യാപ്റ്റൻ ഗുരു പ്രശാന്തും ഫോം തുടരുകയാണ്. എന്നാൽ, അറ്റാക്കർ അസ്മത്തിന്റെ പരിക്കും ,കൊൽക്കത്തയോടേറ്റ തോൽവിയും ഹൈദരാബാദിനെ വലയ്ക്കുകയാണ്. കേരളത്തിന്റെ വോളിബാൾ ചരിത്രത്തിലെ കരുത്തരായ ടോം ജോസഫും കിഷോർകുമാറും പരിശീലകരുടെ കുപ്പായമണിഞ്ഞ് ആദ്യമായി നേർക്കുനേർ എത്തുകയാണ്.
Summary: Prime Volleyball League 2023, Calicut Heroes vs Hyderabad Blackhawks preview