Sports
Protests ,Wrestlers ,Federation, Arrest,Brij Bhushan singh
Sports

'കോടതിയെ മാനിക്കുന്നു, പക്ഷേ ഡല്‍ഹി പൊലീസിനെ വിശ്വാസമില്ല'; സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ

Web Desk
|
28 April 2023 2:07 PM GMT

ബ്രിജ്ഭൂഷണ്‍ സിങിനെ അറസ്റ്റ് ചെയ്യുന്നതുവരെ ഡൽഹി ജന്തർ മന്തറിലെ സമരം തുടരുമെന്നും ഗുസ്തി താരങ്ങൾ വ്യക്തമാക്കി.

ബ്രിജ്ഭൂഷൻ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ പരാതിയില്‍ ഇന്ന് തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് ഡല്‍ഹി പൊലീസ് സുപ്രിം കോടതിയില്‍. ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റുമായിരുന്ന ബ്രിജ്ഭൂഷൻ സിങ്ങിനെതിരായ ലൈംഗിക പീഡന പരാതി കോടതിയിലെത്തിയ സാഹചര്യത്തിലാണ് പൊലീസ് എഫ്.ഐ.ആര്‍ ഇടാന്‍ തയ്യാറാകുന്നത്.

സുപ്രിം കോടതി ഉത്തരവിനെ മാനിക്കുന്നുവെന്നും എന്നാല്‍ എഫ്.ഐ.ആര്‍ ഇടാന്‍ വേണ്ടി മാത്രമല്ല ബ്രിജ്ഭൂഷൻ സിങ്ങിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ വേണ്ടിയാണ് തങ്ങളുടെ സമരമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടു.

സുപ്രിംകോടതി ഉത്തരവ് വിജയത്തിന്‍റെ ആദ്യപടിയായാണ് കാണുന്നതെന്നും എന്നാൽ, ഡൽഹി പൊലീസിനെ വിശ്വാസമില്ലെന്നും താരങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യുന്നതുവരെ ഡൽഹി ജന്തർ മന്തറിലെ സമരം തുടരുമെന്നും ഗുസ്തി താരങ്ങൾ വ്യക്തമാക്കി.

'സുപ്രിംകോടതിയുടെ ഉത്തരവിനെ ഞങ്ങൾ ബഹുമാനിക്കുന്നു, പക്ഷേ ഡൽഹി പൊലീസിൽ ഞങ്ങൾക്ക് വിശ്വാസമില്ല. എഫ്.ഐ.ആറിനു വേണ്ടി മാത്രമല്ല ഈ പോരാട്ടം. ബ്രിജ്ഭൂഷണെപ്പോലെയുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ വാങ്ങിക്കൊടുക്കാനാണ് ഈ പോരാട്ടം. ബ്രിജ്ഭൂഷണ്‍ സിങിനെ ജയിലിലടക്കണം, എല്ലാ പദവികളിൽനിന്നും നീക്കം ചെയ്യണം' -ഗുസ്തി താരങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് വൈകുന്നേരത്തിനുള്ളിൽ ബ്രിജ്ഭൂഷണെതിരെ കേസെടുക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരെ ഗുസ്തി താരങ്ങൾ സമർപ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നതിനിടെയാണ് തുഷാർ മേത്ത ഇക്കാര്യം അറിയിച്ചത്.

നേരത്തെ ഗുസ്തി താരങ്ങളുടെ സമരത്തില്‍ മൌനം തുടരുന്ന മുന്‍നിര ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വിനേഷ് ഫോഗട്ട് എത്തിയിരുന്നു. ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റുമായിരുന്ന ബ്രിജ്ഭൂഷൻ സിങ്ങിനെതിരായ ലൈംഗിക പീഡന പരാതിയില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ ഗു​സ്തി താരങ്ങളെല്ലാം ഡല്‍ഹിയില്‍ സമരത്തിലാണ്. എന്നാല്‍ ഈ പ്രതിഷേധത്തോട് ഐക്യദാര്‍ഢ്യപ്പെട്ടുകൊണ്ട് ക്രിക്കറ്റര്‍മാരുള്‍പ്പെടെയുള്ള പ്രമുഖ കായിക താരങ്ങളൊന്നും രംഗത്തെത്തിയിട്ടില്ല. കായികമേഖലയിലെ പ്രമുഖരുടെ മൗനത്തെ ചോദ്യം ചെയ്തുകൊണ്ടാണ് ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഗുസ്തിയില്‍ ലോക ചാമ്പ്യൻഷിപ്പിലെ മെഡൽ നേട്ടക്കാരിയാണ് വിനേഷ് ഫോഗട്ട്.

ലോകശ്രദ്ധ നേടിയ ഗുസ്തി താരങ്ങളുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കുന്നവര്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് വിനേഷ് ഫോഗട്ട് പ്രതികരിച്ചിരിക്കുന്നത്. അധികാരത്തിലിരിക്കുന്നവർക്കെതിരെ എഴുന്നേറ്റു നിൽക്കാനുള്ള ധൈര്യം പലരും കാണിക്കാത്തത് വേദനിപ്പിക്കുന്നുവെന്നായിരുന്നു ഫോഗട്ടിന്‍റെ പ്രതികരണം. എന്തെങ്കിലും നേട്ടം സ്വന്തമാക്കുമ്പോള്‍ അഭിനന്ദിക്കാൻ ഓടിവരുന്നവര്‍ എന്തുകൊണ്ടാണ് ഈ വിഷയത്തിൽ നിശബ്ദത പാലിക്കുന്നതെന്നും ഫോഗട്ട് ചോദിച്ചു. രാജ്യത്തെ മുൻനിര ക്രിക്കറ്റ് താരങ്ങളെ ഉന്നംവെച്ചായിരുന്നു ഫോഗട്ടിന്‍റെ വിമര്‍ശന ശരങ്ങള്‍.

Similar Posts