അപൂർവ നേട്ടത്തിലേക്ക് 69 റൺസിന്റെ ദൂരം; റെക്കോർഡിനരികെ പുജാര
|രണ്ടാം ടെസ്റ്റില്‍ വിജയറണ്‍ കുറിച്ചപ്പോഴും പുജാര ഒരു അപൂര്‍വ നേട്ടം സ്വന്തമാക്കിയിരുന്നു
ക്രിക്കറ്റില്‍ ഒരു അപൂര്‍വ നേട്ടത്തിനരികെയാണ് ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാര. പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ഇനി വെറും 69 റണ്‍സ് കൂടെ എടുത്താല്‍ ബോര്‍ഡര്‍ ഗവാസ്കര് ട്രോഫിയില്‍ 2000 റണ്‍സ് തികക്കുന്ന താരമെന്ന നേട്ടം സ്വന്തമാക്കാന്‍ താരത്തിനാവും. മുമ്പ് ഇന്ത്യന്‍ താരങ്ങളില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മണ്‍ എന്നിവര്‍ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
ബോര്‍ഡര്‍- ഗവാസ്കര് ട്രോഫിയില്‍ 22 മത്സരങ്ങളില്‍ നിന്നായി 1931 റണ്‍സാണ് പുജാരയുടെ സമ്പാദ്യം. ഇതില്‍ അഞ്ച് സെഞ്ച്വറിയും പത്ത് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടുന്നു. ബോര്‍ഡര്‍ ഗവാസ്കര് ട്രോഫിയില്‍ 3000 റണ്‍സ് എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ ഏക താരം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറാണ്.
രണ്ടാം ടെസ്റ്റില്‍ വിജയ റണ്‍ കുറിച്ചപ്പോഴും പുജാര ഒരു അപൂര്‍വ നേട്ടം സ്വന്തമാക്കിയിരുന്നു..100-ാം ടെസ്റ്റില്‍ വിജയറണ്‍ നേടുക എന്ന അപൂര്‍വ നേട്ടമാണ് പുജാരയുടെ പേരിലായത്. ആസ്‌ട്രേലിയന്‍ ബാറ്റിംഗ് ഇതിഹാസം റിക്കി പോണ്ടിംഗ് മാത്രമാണ് ഇതിന് മുമ്പ് 100-ാം ടെസ്റ്റില്‍ വിജയറണ്‍ നേടിയിട്ടുള്ളൂ. പുജാരയുടെ വിജയറണ്‍ നേട്ടം ആസ്ട്രേലിയക്കെതിരെ ആയി എന്നത് മറ്റൊരു കൗതുകവുമായി.
2006ല്‍ ആയിരുന്നു പോണ്ടിങിന്റെ 100ാം ടെസ്റ്റിലെ വിജയ റണ്‍. ജൊഹാന്‍ ബോത്തയായിരുന്നു അന്ന് പന്ത് എറിഞ്ഞിരുന്നത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ പൂജ്യത്തിന് പുറത്തായ പുജാര, രണ്ടാം ഇന്നിങ്സില്‍ താളം കണ്ടെത്തിയിരുന്നു. 74 പന്തില്‍ 31* റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. രണ്ടാം ഇന്നിംഗ്‌സില്‍ 27-ാം ഓവറിലെ നാലാം പന്തില്‍ ടോഡ് മര്‍ഫിയെ ബൗണ്ടറി നേടിയാണ് പൂജാര ഇന്ത്യക്ക് ആറ് വിക്കറ്റിന്‍റെ ജയം സമ്മാനിച്ചത്.