മെഡലിനു തൊട്ടരികെ; പിവി സിന്ധു സെമിയിൽ
|ടോക്യോ ഒളിംപിക്‌സിൽ വനിതാ വിഭാഗം ബാഡ്മിന്റൺ ക്വാർട്ടറിൽ ജപ്പാന്റെ അകാനെ യമാഗുച്ചിയെ നേരിട്ടുള്ള ഗെയിമിൽ തകർത്താണ് ഇന്ത്യയുടെ പിവി സിന്ധു സെമി ഫൈനലില്‍ കടന്നത്
ടോക്യോ ഒളിംപിക്‌സിൽ വനിതാ വിഭാഗം ബാഡ്മിന്റണിൽ ഇന്ത്യൻ താരം പിവി സിന്ധു സെമിയിൽ. ക്വാർട്ടറിൽ ജപ്പാന്റെ അകാനെ യമാഗുച്ചിയെ നേരിട്ടുള്ള ഗെയിമിൽ തകർത്താണ് സിന്ധു മെഡലിനു തൊട്ടരികെയെത്തിയത്.
വനിതാ വിഭാഗം സിംഗിൾസിൽ ഇതു തുടർച്ചയായി രണ്ടാം തവണയാണ് സിന്ധു ഒളിംപിക്‌സ് സെമിയിലെത്തുന്നത്. 21-13, 22-20 സ്‌കോറിനാണ് സിന്ധു ജപ്പാന്‍റെ നാലാം സീഡ് താരമായ യമാഗുച്ചിയെ പരാജയപ്പെടുത്തിയത്. 56 മിനിറ്റ് നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് താരം സെമിയില്‍ കയറിയത്.
ആദ്യ ഗെയിം ഏകപക്ഷീയമായാണ് സിന്ധു സ്വന്തമാക്കിയ്. എന്നാൽ, രണ്ടാം ഗെയിമിൽ ജാപ്പനീസ് താരം ശക്തമായി തിരിച്ചുവന്നു. സിന്ധുവിന് പല ഘട്ടത്തിലും വെല്ലുവിളിയുയർത്തിയ യമാഗുച്ചി വാശിയേറിയ പോരാട്ടത്തിനൊടുവില്‍ സിന്ധുവിനുമുൻപിൽ കീഴടങ്ങുകയായിരുന്നു.
2016ലെ റിയോ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായിരുന്നു സിന്ധു. ഇത്തവണ വെങ്കലം നേടിയാല്‍ തന്നെ രണ്ട് ഒളിംപിക്‌സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും താരത്തിനു സ്വന്തമാകും. ഒരൊറ്റ സെറ്റ് പോലും തോല്‍ക്കാതെയാണ് ടോക്യോയില്‍ സിന്ധു ജൈത്രയാത്ര തുടരുന്നത്. നാളെ നടക്കുന്ന സെമിയില്‍ തായ്‌വാന്‍ താരം തായ് സു യിങ്ങോ തായ്‌ലന്‍ഡിന്റെ റാച്ചനോക് ഇന്റനോണോ ആയിരിക്കും സിന്ധുവിന്റെ എതിരാളി.