ഷിംറോണ്‍ 'ഹിറ്റ്‍മെയര്‍'; നാടകാന്ത്യം രാജസ്ഥാന്‍
|പഞ്ചാബിനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്
ഛണ്ഡീഗഡ്: അവസാന ഓവർ വരെ വരെ ആവേശം അലയടിച്ച പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. മൂന്ന് വിക്കറ്റിനാണ് രാജസ്ഥാൻ പഞ്ചാബിനെ തകർത്തത്. പഞ്ചാബ് ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കേ രാജസ്ഥാൻ മറികടന്നു. ഒരു വശത്ത് വിക്കറ്റുകൾ വീണു കൊണ്ടിരിക്കെ അവസാന ഓവറുകളിൽ തകർത്തടിച്ച ഷിംറോൺ ഹെറ്റ്‌മെയറാണ് രാജസ്ഥാനെ ആവേശ വിജയത്തിലെത്തിച്ചത്. ഹെറ്റ്‌മെയർ പത്ത് പന്തിൽ പുറത്താവാതെ 27 റൺസെടുത്തു. 39 റൺസെടുത്ത ഓപ്പണർ യശസ്വി ജയ്‌സ്വാളാണ് രാജസ്ഥാന്‍റെ ടോപ് സ്‌കോറർ.
താരതമ്യേന ചെറിയ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ ആദ്യ ഘട്ടത്തിൽ റൺസ് കണ്ടെത്താൻ നന്നേ പ്രയാസപ്പെടുന്ന കാഴ്ചയാണ് ആരാധകർ കണ്ടത്. ഓപ്പണിങ്ങിൽ 50 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയാണ് ജയ്‌സ്വാൾ തനുഷ് കോട്ടിയാൻ ജോഡി വേർപിരിഞ്ഞത്. ഒമ്പതാം ഓവറിൽ കോട്ടിയാനും 12ാം ഓവറിൽ ജയ്‌സ്വാളും മടങ്ങി. വൺഡൗണായെത്തിയ ക്യാപ്റ്റൻ സഞ്ജുവിന്റെ പോരാട്ടം 18 റൺസിലവസാനിച്ചു. കഗിസോ റബാഡയാണ് മലയാളി താരത്തെ വിക്കറ്റിന് മുന്നിൽ കുടുക്കിയത്. കഴിഞ്ഞ മത്സരങ്ങളിലെ രാജസ്ഥാൻ ഹീറോ റിയാൻ പരാഗ് കളം നിറഞ്ഞ് തുടങ്ങിയെങ്കിലും 23 റൺസെടുത്ത് നിൽക്കേ അർഷദീപിന് മുന്നിൽ വീണു.
ഒരു വശത്ത് വിക്കറ്റുകൾ ഓരോന്നായി വീണു കൊണ്ടിരിക്കേ ആറാമനായി ക്രീസിലെത്തിയ ഷിംറോൺ ഹെറ്റ്‍മെയർ മറുവശത്ത് ഒരു പാറകണക്കിന് ഉറച്ച് നിന്നു. അവസാന ഓവറിൽ രാജസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത്ത് പത്ത് റൺസ്. അർഷദീപ് എറിഞ്ഞ ആദ്യ രണ്ട് പന്തും ഹെറ്റ്‌മെയർ പാഴാക്കി. ഇതോടെ പഞ്ചാബിന്റെ വിജയ പ്രതീക്ഷകൾ വാനോളമുയർന്നു. എന്നാൽ മൂന്നാം പന്ത് ലോങ് ഓണിലൂടെ സിക്‌സർ പറത്തി ഹെറ്റ്‌മെയർ ആതിഥേയരുടെ മുഴുവന്‍ പ്രതീക്ഷകളെയും തല്ലിക്കെടുത്തി. അടുത്ത പന്തിൽ രണ്ട് റൺസ്. അഞ്ചാം പന്തിനെ ഫൈൻ ലെഗ്ഗിലൂടെ ഗാലറിയിലെത്തിച്ച് ഹെറ്റ്‌മെയർ രാജസ്ഥാന് രാജകീയ ജയം സമ്മാനിച്ചു.
നേരത്തേ ടോസ് നേടിയ രാജസ്ഥാൻ പഞ്ചാബിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നായകൻ സഞ്ജു സാംസണിന്റെ തീരുമാനം ശരിവക്കും വിധമായിരുന്നു രാജസ്ഥാൻ ബോളർമാരുടെ പ്രകടനം. മൂന്നാം ഓവറിൽ ഓപ്പണർ അഥർവ തായിഡെയെ ആവേശ് ഖാൻ കുൽദീപ് സെന്നിന്റെ കയ്യിലെത്തിച്ചു. ഏഴാം ഓവറിൽ 10 റൺസെടുത്ത പ്രഭ് സിംറാനും എട്ടാം ഓവറിൽ 15 റൺസെടുത്ത ജോണി ബെയർ സ്‌റ്റോയും മടങ്ങി. പിന്നെ തുടരെ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. 31 റൺസെടുത്ത അശുദോഷ് ശർമയാണ് അവസാന ഓവറുകളിൽ തകർത്തടിച്ച് പഞ്ചാബിന് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. രാജസ്ഥാൻ നിരയിൽ കേശവ് മഹാരാജും ആവേശ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മറ്റു ബോളർമാർ എല്ലാം ഓരോ വിക്കറ്റ് വീതം വീഴ്ത്തി.