Sports
കളംനിറഞ്ഞ് മാക്സ്‍വെല്ലും ഡുപ്ലെസിസും; ബാംഗ്ലൂരിന് ഭേദപ്പെട്ട സ്കോര്‍
Sports

കളംനിറഞ്ഞ് മാക്സ്‍വെല്ലും ഡുപ്ലെസിസും; ബാംഗ്ലൂരിന് ഭേദപ്പെട്ട സ്കോര്‍

Web Desk
|
14 May 2023 11:50 AM GMT

രാജസ്ഥാന് വേണ്ടി മലയാളി താരം കെ.എം ആസിഫും ആദം സാംപയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി

ജയ്പൂര്‍: അർധ സെഞ്ച്വറികളുമായി കളം നിറഞ്ഞ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിന്റേയും ഗ്ലെൻ മാക്‌സ്‍വെല്ലിന്റേയും മികവിൽ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഭേദപ്പെട്ട സ്‌കോർ. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ബാംഗ്ലൂർ 171 റൺസെടുത്തു. രാജസ്ഥാന് വേണ്ടി മലയാളി താരം കെ.എം ആസിഫും ആദം സാംപയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഏഴാം ഓവറിൽ സൂപ്പർ താരം വിരാട് കോഹ്ലിയെ ജയ്‌സ്വാളിന്റെ കയ്യിലെത്തിച്ച് കെ.എം ആസിഫ് രാജസ്ഥാന് ആദ്യ ബ്രേക് ത്രൂ നൽകി. പിന്നീട് ക്രീസിൽ ഒന്നിച്ച ഡുപ്ലെസിസും മാക്‌സ് വെല്ലും ചേർന്ന് ബാംഗ്ലൂർ സ്‌കോർ പതിയെ ചലിപ്പിച്ചു തുടങ്ങി. 15ാം ഓവറിൽ ഫാഫ് ഡുപ്ലെസിസിനെയും ആസിഫ് ജയ്‌സ്വാളിന്റെ കയ്യിലെത്തിച്ചു. 44 പന്തിൽ രണ്ട് സിക്‌സിന്റേയും മൂന്ന് ഫോറുകളുടേയും അകമ്പടിയിലായിരുന്നു ഡുപ്ലെസിസ് അർധ ശതകം തികച്ചത്.

പിന്നീടെത്തിയ ലോംറോറിനേയും ദിനേശ് കാർത്തിക്കിനേയും 16ാം ഓവറിൽ കൂടാരം കയറ്റി സാംപ ബാംഗ്ലൂരിനെ ഞെട്ടിച്ചു. അവസാന ഓവറിൽ അനൂജ് റാവത്ത് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ബാംഗ്ലൂരിനെ ഭേധപ്പെട്ട സ്‌കോറിലെത്തിച്ചത്. വെറും 11 പന്തില്‍ മൂന്ന് ഫോറുകളും രണ്ട് സിക്സുകളും അടിച്ച റാവത്ത് 29 റണ്‍സുമായി പുറത്താകാതെ നിന്നു.

Similar Posts