Sports
ഓപ്പണര്‍ മുതല്‍ ഒന്‍പതാമന് വരെ അര്‍ധസെഞ്ച്വറി; ബംഗാള്‍ ക്രിക്കറ്റ് ടീമിന് ലോക റെക്കോര്‍ഡ്
Sports

ഓപ്പണര്‍ മുതല്‍ ഒന്‍പതാമന് വരെ അര്‍ധസെഞ്ച്വറി; ബംഗാള്‍ ക്രിക്കറ്റ് ടീമിന് ലോക റെക്കോര്‍ഡ്

Web Desk
|
8 Jun 2022 2:56 PM GMT

ടോപ് ഓര്‍ഡറിലെ ആദ്യ ഒന്‍പത് ബാറ്റര്‍മാരും അര്‍ധസെഞ്ച്വറിക്ക് മുകളില്‍ സ്കോര്‍ ചെയ്യുക എന്ന അത്യപൂര്‍വ നേട്ടവുമായി ബംഗാള്‍ ക്രിക്കറ്റ് ടീം. രഞ്ജി ട്രോഫിയിലെ ക്വാർട്ടര്‍ഫൈനലിലാണ് ബംഗാള്‍ ക്രിക്കറ്റ് ടീം ലോകറെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. എതിര്‍നിരയില്‍ നാണക്കേടിന്‍റെ ഭാരം ചുമക്കാന്‍ വിധിക്കപ്പെട്ടതാകട്ടെ ജാർഖണ്ഡ്‌ ടീമിനും. ഒന്‍പത് ബാറ്റര്‍മാരും അര്‍ധസെഞ്ച്വറിക്ക് മുകളില്‍ റണ്‍സ് കണ്ടെത്തിയ മത്സരത്തില്‍ ഏഴ് വിക്കറ്റിന് 773 റണ്‍സെന്ന മാമത്ത് ടോട്ടലിലാണ് ബംഗാള്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്. രണ്ട് പേര്‍ സെഞ്ച്വറിയും ഏഴ് പേര്‍ അര്‍ധസെഞ്ച്വറിയും നേടി.

മറ്റൊരു അതിശയകരമായ കാര്യം അര്‍ധസെഞ്ച്വറി കണ്ടെത്തിയ ബംഗാളിന്‍റെ ഒന്‍പതാമത്തെ ബാറ്റര്‍ അടിച്ചുകൂട്ടിയതാകട്ടെ 18 പന്തില്‍ 53 റണ്‍സാണ്, ടീമിന്‍റെ വാലറ്റക്കാരനായിറങ്ങി അഞ്ച് സിംഗിളുകള്‍ മാത്രമെടുത്ത ആകാശ് ദീപ് എട്ട് സിക്സറുകളാണ് പായിച്ചത്.

ബംഗാളിനായി സുധീപ് ഗരമിയും മജുംദാറുമാണ് സെഞ്ച്വറി നേടിയത്. സുധീപ് ഗരമി 186 റണ്‍സെടുത്തപ്പോള്‍ മജുംദാര്‍ 117 റണ്‍സെടുത്ത് പുറത്തായി. 53 റണ്‍സ് വീതം നേടി സയന്‍ മൊന്ദാലും ആകാശ് ദീപും ക്രീസില്‍ നില്‍ക്കുമ്പോഴാണ് ബംഗാള്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുന്നത്. മറുപടി ബാറ്റിങിനിറങ്ങിയ ജാർഖണ്ഡ്‌ 139ന് അഞ്ച് വിക്കറ്റെന്ന നിലയില്‍ തകര്‍ച്ച നേരിടുകയാണ്.

Similar Posts