Sports
ranji trophy, kerala cricket team, kerala,KCA

കേരള ടീം

Sports

ജലജ് ജാലവിദ്യ; സര്‍വീസസിനെ തകര്‍ത്തെറിഞ്ഞ് കേരളം, ജയം 204 റണ്‍സിന്

Web Desk
|
13 Jan 2023 10:36 AM GMT

സക്സേന മാജിക്; സര്‍വീസസിനെ 204 റണ്‍സിന് തകര്‍ത്ത് കേരളം

സര്‍വീസസിനെ 204 റണ്‍സിന് തകര്‍ത്തെറിഞ്ഞ് രഞ്ജി ട്രോഫിയില്‍ കേരളത്തിന് മിന്നും വിജയം. കേരളം ഉയര്‍ത്തിയ 341 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന സർവീസസിനെ ജലജ് സക്സേനയാണ് ചുരുട്ടിക്കെട്ടിയത്. എട്ടു വിക്കറ്റെടുത്ത സക്സേനയുടെ മിന്നല്‍ പ്രകടനത്തില്‍ സര്‍വീസസിന്‍റെ ഇന്നിങ്സ് 136 റൺസിന് അവസാനിച്ചു. രണ്ട് ഇന്നിങ്സുകളിലുമായി ജലജ് സക്സേന പതിനൊന്ന് വിക്കറ്റുകളാണ് പിഴുതത്. സെക്കന്‍ഡ് ഇന്നിങ്സില്‍ 15.4 ഓവറുകൾ പന്തെറിഞ്ഞ സക്സേന വെറും 36 റൺസ് മാത്രം വഴങ്ങിയാണ് എട്ട് വിക്കറ്റുകൾ വീഴ്ത്തിയത്.

ആദ്യ ഇന്നിങ്സിൽ തകര്‍പ്പന്‍ സെഞ്ച്വറിയും (159) രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറിയോളം പോന്ന അർധ സെഞ്ച്വറിയുമായി (93) ടീമിനെ മുന്നിൽനിന്നു നയിച്ച സച്ചിൻ ബേബിയാണു പ്ലെയര്‍ ഓഫ് ദ മാച്ച്.

ശ്രദ്ധിച്ച് ബാറ്റിങ് തുടങ്ങിയ സർവീസസിന് ആദ്യ വിക്കറ്റ് ടീം സ്കോർ 61ൽ നിൽക്കെയാണ് നഷ്ടമാകുന്നത്. വൈശാഖ് ചന്ദ്രന്റെ പന്തിൽ അരങ്ങേറ്റ രഞ്ജി സീസണ്‍‌ കളിക്കുന്ന ഷോൺ റോജർ ആണ് സർവീസസ് ഓപ്പണർ എസ്‌ ജി രോഹില്ലയെ (28 റൺസ്) ക്യാച്ചിലൂടെ പുറത്താക്കുന്നത്. പിന്നീട് കണ്ടത് ജലജ് സക്സേനയുടെ ജാലവിദ്യയാണ്. രവി ചൌഹാനെയും രാഹുൽ‌ സിങിനെയും വിക്കറ്റിന് മുന്നിൽ കുരുക്കിയ സക്സേന, സർവീസസിന്‍റെ ക്യാപ്റ്റൻ രജത് പലിവാളിനെ പൂജ്യനായാണ് മടക്കിയത്.

സര്‍വീസസിനായി അല്‍പമെങ്കിലും പൊരുതിനിന്നത് ഓപ്പണറായ സുഫിയാൻ അലം (52 റൺസ്) ആണ്. കേരളാ ബൌളര്‍മാരെ സമര്‍ഥമായി നേരിട്ട സുഫിയാനെ മനോഹരമായ റണ്ണൗട്ടിലൂടെ പുറത്താക്കിയതും ജലജ് സക്സേനയാണ്.

ഒടുവില്‍ സക്സേനയുടെ പന്തില്‍ എല്‍.ബിയില്‍ കുരുങ്ങി പത്താം വിക്കറ്റായി പൂനം പൂനിയ മടങ്ങുമ്പോള്‍ കേരളം വിജയം ആഘോഷിച്ച് തുടങ്ങിയിരുന്നു. എട്ട് വിക്കറ്റും ഒരു റണ്ണൌട്ടും സക്സേന സ്വന്തം പേരില്‍ ചേര്‍ത്തപ്പോള്‍ ഇന്നിങ്സിന്‍റെ ആദ്യം ലഭിച്ച ഒരേയൊരു വിക്കറ്റ് മാത്രമാണ് കേരള ടീമില്‍ മറ്റൊരു ബൌളര്‍ക്ക് ആകെ ലഭിച്ചത്.

ജയത്തോടെ ഗ്രൂപ്പ് സിയിൽ 19 പോയിന്‍റുമായി കേരളം രണ്ടാം സ്ഥാനത്തെത്തി. ഛത്തീസ്‌ഗഢിനും 19 പോയിന്‍റുണ്ടെങ്കിലും കേരളം നെറ്റ് റണ്‍റേറ്റില്‍ മുന്‍പിലാണ്. 25 പോയിന്‍റുള്ള കർണാടകയാണ് ഗ്രൂപ്പില്‍ തലപ്പത്ത്. കേരളത്തിന്‍റെ വരാനിരിക്കുന്ന അടുത്ത മത്സരം കർണാടകയ്ക്കെതിരെയാണ്.

Similar Posts