'രാത്രി ഏറെ വൈകിയും അവനെ നെറ്റ്സില്‍ കാണാം'; നൂർ അഹ്മദിനെ വാനോളം പുകഴ്ത്തി റാഷിദ് ഖാന്‍
|മൂന്ന് വിക്കറ്റ് പിഴുത നൂര്‍ അഹ്മദിന്‍റെ മികവിലാണ് ഗുജറാത്ത് ഇന്നലെ മുംബൈയെ തകര്‍ത്തത്
അഹ്മദാബാദ്: കഴിഞ്ഞ ദിവസം ഐ.പി.എല്ലിൽ മുംബൈക്കെതിരെ ഗുജറാത്ത് ടൈറ്റൻസ് നേടിയ വിജയത്തിന് ചുക്കാൻ പിടിച്ചത് രണ്ട് അഫ്ഗാൻ ബോളർമാരാണ്. നൂര്‍ അഹ്മദും റാഷിദ് ഖാനും. റാഷിദും നൂറും ചേര്‍ന്ന് പേര് കേട്ട മുംബൈ ബാറ്റിങ് നിരയെ കറക്കി വീഴ്ത്തുകയായിരുന്നു. ഇരുവരും ചേർന്ന് അഞ്ച് മുംബൈ താരങ്ങളേയാണ് കൂടാരം കയറ്റിയത്. നൂര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റാഷിദ് ഖാന്‍ രണ്ട് വിക്കറ്റുകള്‍ പിഴുതു. ഗുജറാത്തിന്‍റെ വിജയം 55 റൺസിനായിരുന്നു.
മത്സരത്തിന് ശേഷം നൂര്‍ അഹ്മദിനെ പ്രശംസിച്ച് റാഷിദ് ഖാന്‍ രംഗത്തെത്തി. നൂര്‍ കഠിനാധ്വാനിയാണെന്നും ഏറെ നേരം അവന്‍ നെറ്റ്സില്‍ പരിശീലനം നടത്തുന്നത് കാണാറുണ്ടെന്നും റാഷിദ് മത്സര ശേഷം പറഞ്ഞു.
''നൂർ കഠിനാധ്വാനിയാണ്. നെറ്റ്‌സിൽ ഏറെ നേരം അവൻ പരിശീലനം നടത്തുന്നത് കാണാറുണ്ട്. എന്നോട് അവൻ നിരന്തരമായി സംശയങ്ങൾ ചോദിക്കും. ചിലപ്പോൾ ഞാൻ ജിമ്മിലായിരിക്കുമ്പോൾ അവൻ എന്റെ അടുക്കൽ വരും. നമുക്കിവിടെ ബോളിങ് പരിശീലനം നടത്താം എന്നാം പറയും. ജിമ്മിൽ രാത്രി ഒരു മണിവരെയൊക്കെ പരിശീലനത്തിൽ ഏർപ്പെടാറുണ്ട്. ഓരോ തവണയും പ്രകടനം മികച്ചതാക്കണമെന്ന് അവൻ ആഗ്രഹിച്ച് കൊണ്ടേയിരിക്കുന്നു. അവന്റെ കാര്യത്തിൽ ഞാൻ ഏറെ സന്തോഷവാനാണ്''- റാഷിദ് ഖാന്‍ പറഞ്ഞു.
കൂറ്റന്‍ തോല്‍വിയാണ് ഗുജറാത്തിനെതിരെ മുംബൈ ഇന്നലെ വഴങ്ങിയത്. ഗുജറാത്തിന്‍റെ വിജയം 55 റൺസിനായിരുന്നു. സ്‌കോർബോർഡ് ചുരുക്കത്തിൽ: ഗുജറാത്ത് ടൈറ്റൻസ്: 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 207, മുംബൈ ഇന്ത്യൻസ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 152.
മുംബൈ ഇന്ത്യൻസിന്റെ മുൻനിരയേയാണ് നൂറും റാഷിദ് ഖാനും ചേർന്ന് തള്ളിയിട്ടത്. അതിന് മുമ്പെ നായകൻ രോഹിത് ശർമ്മയെ(2) ഹാർദിക് പാണ്ഡ്യ പറഞ്ഞയച്ചിരുന്നു. ഇഷാൻ കിശൻ(13)കാമറൂൺ ഗ്രീൻ(33) തിലക് വർമ്മ(2)സൂര്യകുമാർ യാദവ്(23) ടിം ഡേവിഡ്(0) എന്നിവരാണ് സ്പിന്നർമാർക്ക് മുന്നിൽ വീണത്. നെഹാൽ വദേരയാണ്(40) മുംബൈയുടെ ടോപ് സ്‌കോറർ. നൂര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റാഷിദ് ഖാന്‍ നേടിയത് രണ്ട് വിക്കറ്റുകള്‍. മോഹിത് ശർമ്മ രണ്ട് വിക്കറ്റ് വീഴ്ത്തി പിന്തുണ കൊടുത്തു.
നാല് ഓവറിൽ 27 റൺസ് വിട്ടുകൊടുത്തായിരുന്നു റാഷിദ് ഖാന്റെ പ്രകടനം. എന്നാൽ നൂർ, നാല് ഓവർ എറിഞ്ഞെങ്കിലും 37 റൺസ് വഴങ്ങേണ്ടി വന്നു. സൂര്യകുമാർ യാദവ് 'ചൂടിൽ' നിൽക്കുമ്പോഴായിരുന്നു നൂറിന് റൺസ് കൊടുക്കേണ്ടി വന്നത്. എന്നാൽ ഇതെ സൂര്യകുമാറിനെ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കാനും നൂറിനായി.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ മികച്ച സ്‌കോറാണ് പടുത്തുയർത്തിയത്. ശുഭ്മാൻ ഗിൽ 56 റൺസ് നേടി ടോപ് സ്‌കോററായപ്പോൾ അവസാനത്തിൽ മില്ലർ (22 പന്തിൽ 46) അഭിനവ് മനോഹർ(21 പന്തിൽ 42) രാഹുൽ തെവാട്ടിയ(5 പന്തിൽ 20) എന്നിവരുടെ തീപ്പൊരി ബാറ്റിങാണ് ഗുജറാത്ത് സ്‌കോർ 200 കടത്തിയത്. മുംബൈക്കായി പിയൂഷ് ചൗള രണ്ട് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഗുജറാത്ത് ടൈറ്റന്‍സ് പോയിന്റെ ടേബിളില്‍ രണ്ടാം സ്ഥാനത്ത് എത്തി. ചെന്നൈ സൂപ്പര്‍കിങ്സാണ് ഒന്നാം സ്ഥാനത്ത്.