![Ravi Shastri about Sanju Samson Ravi Shastri about Sanju Samson](https://www.mediaoneonline.com/h-upload/2023/06/22/1375869-sanju-ravi-sastri.webp)
സ്വന്തം പ്രതിഭ സഞ്ജു ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല: രവി ശാസ്ത്രി
![](/images/authorplaceholder.jpg?type=1&v=2)
'ഇന്ത്യന്‍ ടീമിലുണ്ടായിരിക്കേണ്ട അഞ്ച് യുവ താരങ്ങളുടെ പേരുകള്‍ പറയാന്‍ ആവശ്യപ്പെട്ടപ്പോഴാണ് രവി ശാസ്ത്രി സഞ്ജുവിനെ പരാമർശിച്ചത്'
മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ പ്രശംസിച്ച് മുൻ പരിശീലകൻ രവി ശാസ്ത്രി. ഇന്ത്യൻ ടീമിലേക്ക് നിശ്ചയമായും പരിഗണിക്കേണ്ട യുവ താരങ്ങളിലാണ് രവി ശാസ്ത്രി സഞ്ജുവിനെയും എണ്ണിയത്. എന്നാൽ പ്രതിഭാധനനായ സഞ്ജു തന്റെ പ്രതിഭ തിരിച്ചറിഞ്ഞിട്ടില്ലെന്നും 'ദ വീക്ക്' വാരികക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തലമുറ മാറ്റത്തിന് വേണ്ട കാര്യങ്ങള്‍ ടീം മാനേജ്മെന്റ് ചെയ്തു തുടങ്ങണം. അതിനർഥം സീനിയർ താരങ്ങളെ പൊടുന്നനെ മാറ്റി നിർത്തി, യുവ താരങ്ങള്‍ക്ക് അവസരം കൊടുക്കണമെന്നല്ല. സാധ്യമാകുമ്പോഴെല്ലാം യുവ താരങ്ങള്‍ക്ക് അവസരം നല്‍കണം. ഐ.പി.എല്‍ പോലുള്ള ടൂർണമെന്റുകള്‍ വലിയ രീതിയില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ സ്വാധീനിച്ചിട്ടുണ്ട്. കഴിവു തെളിയിച്ച ധാരാളം പേരാണ് അവസരം കാത്ത് പുറത്ത് നില്‍ക്കുന്നതെന്നും രവി ശാസ്ത്രി പറഞ്ഞു.
ഇന്ത്യന്‍ ടീമിലുണ്ടായിരിക്കേണ്ട അഞ്ച് യുവ താരങ്ങളുടെ പേരുകള്‍ പറയാന്‍ ആവശ്യപ്പെട്ടപ്പോഴാണ് രവി ശാസ്ത്രി സഞ്ജുവിനെ പരാമർശിച്ചത്. ഇന്ത്യന്‍ ടീമിലേക്ക് പലഘട്ടങ്ങളിലായി പരിഗണിക്കേണ്ട 10 മുതല്‍ 15 വരെ പേരുടെ പൂള് നമുക്ക് ഉണ്ടായിരിക്കണം. യശസ്വി ജയ്സാള്‍, തിലക് വർമ, നേഹല്‍ വധേര, സായ് സുദർശന്, ജിതേഷ് ശർമ എന്നിവരെല്ലാം അതിലുണ്ടാവണം. സഞ്ജു സാംസണും അക്കൂട്ടത്തില്‍ ഉള്‍പ്പെടാന്‍ പ്രതിഭയുള്ള താരമാണ്. പക്ഷെ സ്വന്തം പ്രതിഭ സഞ്ജു പൂർണമായും തിരിച്ചറിഞ്ഞിട്ടില്ലെന്നും ശാസ്ത്രി പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ മുതല്‍ക്കൂട്ടാണ് ഐ.പി.എല്‍ ടൂർണമെന്റ്. ഇന്ത്യന്‍ ദേശീയ ടീമിന്റെ പര്യടനങ്ങള്‍ക്കും ഐ.പി.എല്‍ മത്സരങ്ങള്‍ക്കുമിടയില്‍ കൃത്യമായ ആസൂത്രണം വേണ്ടതുണ്ട്. ഐ.പി.എല്‍ തീർന്ന ഉടനെ ഇന്ത്യന്‍ താരങ്ങള്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി ഇംഗ്ലണ്ടിലേക്ക് തിരിച്ചതാണ് മത്സരം പരാജയപ്പെടാന്‍ കാരണമെന്ന വാദം പൂർണമായും തള്ളിക്കളയേണ്ടതില്ല. ചാമ്പ്യന്‍ഷിപ്പിന് മുന്‍പ് താരങ്ങള്‍ക്ക് വിശ്രമം ആവശ്യമായിരുന്നു. എന്നാല്‍ രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിന് ഉണ്ടാകുന്ന തിരിച്ചടികളില്‍ ഐ.പി.എല്ലിനെ പഴി ചാരേണ്ടതില്ലെന്നും രവി ശാസ്ത്രി അഭിമുഖത്തില്‍ പറഞ്ഞു.